Latest NewsElection Special

ശബരിമല വന്നപ്പോൾ വെള്ളപ്പൊക്കം മുങ്ങിപ്പോയി, പക്ഷെ അത് വീണ്ടും…. മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു ലേഖന പരമ്പര : പാർട്ട്- രണ്ട്

എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ ഭാഗത്തിൽ ചൂണ്ടിക്കാട്ടിയത് രണ്ട് കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം അവഗണിക്കാനാവും. (രണ്ട്‌ ): വിശ്വാസികൾക്കൊപ്പം എന്ന് പറയുന്ന കോൺഗ്രസിന് വിശ്വാസ സമൂഹത്തോട് എങ്ങിനെ നീതി പുലർത്താനാവും; കോൺഗ്രസ് കേന്ദ്ര നേതൃത്വം ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഭക്തസമൂഹത്തോട് ഒപ്പമില്ലാത്ത സാഹചര്യത്തിൽ.

ശബരിമല പ്രശ്നം ഉന്നയിക്കേണ്ടതില്ല എന്ന് ഇടതുമുന്നണിയും മറ്റും പറയുമ്പോൾ തന്നെയാണ് ചില സിപിഎം നേതാക്കൾ ആ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെയും അതിന്റെ ഭാഗമായി കള്ളക്കേസുകളിൽ കുടുങ്ങിയവരെയും മറ്റും വളരെ മോശമായി അധിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരു പ്രസംഗം ഞാനും കണ്ടു; അത് ഉദ്ധരിക്കാൻ എനിക്ക് വിഷമമുണ്ട്; അത് സാമാന്യ മര്യാദകൾ ലംഘിക്കുന്നതായി എന്നുമാത്രമേ തല്ക്കാലം പറയുന്നുള്ളു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന പൊതു സമ്മേളനങ്ങളിൽ ആർക്കെതിരെയും എന്തും പറയാമെന്നാണ് പലരും കരുതാറുള്ളത്. അതിന്റെ ഭാഗമാവണം അത്. രാജ്യം ബഹുമാനത്തോടെ മാത്രം കാണുന്ന, നേരിൽ കാണുമ്പൊൾ ജനങ്ങൾ കാൽക്കൽ നമസ്കരിക്കുന്ന ആധ്യാത്മികാചാര്യന്മാരെ പറയാൻ പാടില്ലാത്ത വിധത്തിൽ ആക്ഷേപിക്കാൻ മുതിരുന്നത് ശരിയാണോ…… കൂടുതൽ ഒന്നും പറയുന്നില്ല, ചിദാനന്ദ പുരി സ്വാമികളെ അപമാനിച്ചത് കേരളത്തിന് വിസ്മരിക്കാൻ കഴിയില്ല എന്നുമാത്രം ഓർമ്മിപ്പിക്കട്ടെ. തീർച്ചയായും അതും ഈ ദിനങ്ങളിൽ തിരഞ്ഞെടുപ്പ് വേളയിൽ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. ഒരു സംസ്ഥാന സർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ നേതാക്കളുടെ പിടിപ്പുകേടുകൾ കാണാതെ, അറിയാതെ പോകാനാവില്ലല്ലോ.

ശബരിമളക്കൊപ്പം ചർച്ചചെയ്യപ്പെടേണ്ടുന്ന മറ്റൊന്ന്, കേരളം കഴിഞ്ഞ ആഗസ്റ്റിൽ കണ്ട മഹാ പ്രളയമാണ്. അത് വിശദീകരിക്കേണ്ടതില്ല. മലയാളികൾ നേരിൽ കണ്ടതാണ്, അത് അഭിമുഖീകരിച്ചതാണ്. ഇത്തരമൊരു വെള്ളപ്പൊക്കം കേരള ചരിത്രത്തിൽ ഇതാദ്യമാണ്. എന്നാൽ അതിന് ആരായിരുന്നു ഉത്തരവാദി …… ….. തീർച്ചയായും, അത് അന്വേഷിക്കേണ്ടതാണ്. ആ ദാരുണ പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ എല്ലാവരും ജാതി -മത- ലിംഗ ഭേദമന്യേ രക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതരായി. രക്ഷാ പ്രവർത്തനം കഴിഞ്ഞപ്പോൾ പുനരധിവാസമായി. അവിടെ ആദ്യഘട്ടത്തിലും സർവരും ഒന്നിച്ചുണ്ടായിരുന്നു. രാജ്യം മുഴുവൻ കേരളത്തിനൊപ്പം നിലകൊണ്ട മുഹൂർത്തങ്ങളാണ് അത്. എന്നാൽ മലയാളിക്ക് നൽകിയ പ്രതീക്ഷകൾ നടപ്പിലായോ?. മലയാളികൾ ഇന്നും കണ്ണീരുമായി ജീവിക്കുന്നുണ്ടോ?. ഇതൊക്കെ കാണാതെ, വിലയിരുത്താതെ പോയിക്കൂടല്ലോ.

യഥാർഥത്തിൽ ഒന്നും വിചാരിച്ചത് പോലെ നടന്നിട്ടില്ല, പ്രകൃതി ദുരന്തത്തിനിരയായ മലയാളികൾക്ക് ആഗ്രഹിച്ചതൊന്നും കിട്ടിയിട്ടില്ല ………. മാസങ്ങൾ പിന്നിടുമ്പോഴും. മലയാളി ഇന്നും സർക്കാർ ഓഫീസുകളിൽ തിണ്ണ നിരങ്ങുകയാണ്, ഔദാര്യത്തിനായി. സ്വന്തം നിലക്ക് ചിലതൊക്കെ ചെയ്യാൻ കഴിഞ്ഞവർ ചെയ്തു. അങ്ങിനെ പലരും വീടുകളിലും സ്ഥാപനങ്ങളിലും വീണ്ടും കയറിക്കൂടി. ചില നക്കാപ്പിച്ചകൾ കിട്ടിയിരിക്കും അവർക്കും. എന്നാൽ അങ്ങനെയല്ലല്ലോ എല്ലാവരും. കേന്ദ്ര സർക്കാരും മറ്റുള്ളവരും ദുരിതാശ്വാസ പ്രവർത്തനത്തിനായി കൊടുത്ത കോടികൾ എന്താണ് ചെയ്തത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഓഖി ദുരന്തത്തിന്റെ കാലത്ത് കൊടുത്ത പണം പോലും ഇനിയും സർക്കാർ ഖജനാവിൽ ബാക്കിനിൽക്കുന്നു; അത് പ്രയോജനപ്പെടുത്തിയില്ല; ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. സാധാരണ നിലക്ക് സംസ്ഥാന ഭരണകൂടം ഒരു ധവള പത്രം പുറപ്പെടുവിക്കേണ്ട സമയമായി. പക്ഷെ അതൊക്കെ ജനങ്ങൾ മറന്നോളും എന്ന തോന്നലായിരുന്നു സർക്കാരിന് എന്ന് തോന്നുന്നു. അപ്പോഴാണ് ചില ഹർജികൾ ഹൈക്കോടതിയിലെത്തിയത്. ഇവിടെ ശ്രദ്ധിക്കേണ്ടത്, അതിലൊന്ന് ‘മെട്രോ മാൻ ‘ ഇ. ശ്രീധരന്റേതായിരുന്നു; അദ്ദേഹമുൾപ്പെട്ട ഒരു എൻജിഒ നൽകിയ ഹർജി. വേറെയും ചിലർ കോടതിയിലെത്തിയിരുന്നു. എന്നാൽ അവിടെയും സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. ഇംഗ്ലീഷിൽ ‘ഇഗ്നോർ ‘ എന്ന് പറയാറുണ്ടല്ലോ, അതുപോലെ. പക്ഷെ, ആ ഹർജികളിൽ കോടതി ഒരു ‘അമിക്കസ് ക്യൂറി’യെ നിയയമിച്ചിരുന്നു. കോടതിയെ സഹായിക്കാനായി നിയമിക്കപ്പെടുന്ന വക്കീലാണ് ‘ അമിക്കസ് ക്യൂറി’. ആ നടപടി തന്നെ പ്രശ്നത്തെ കോടതി എത്രത്തോളം ഗൗരവമായെടുത്തു എന്നതാണ് സൂചിപ്പിച്ചത് . അദ്ദേഹം ഒരു റിപ്പോർട്ട് തയ്യാറാകുകയും അത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കോടതി പറഞ്ഞതനുസരിച്ചാവണം ‘അമിക്കസ് ക്യൂറി’ ആ റിപ്പോർട്ട് തയ്യാറാക്കിയത്, സംശയമില്ല. അത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. തീർച്ചയായും മലയാളികൾ പ്രതീക്ഷിച്ചത് തന്നെയാണ് അതിലുള്ളത്. കേരളത്തെ ഈ സർക്കാർ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്ന്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. അത് വളരെ വിസ്തൃതമായ ഒരു റിപ്പോർട്ട് ആണല്ലോ. പക്ഷെ ചുരുക്കം വ്യക്തം, മലയാളിയെ മുക്കിക്കൊന്നു, ചിലർ.

ഇവിടെ ഒന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കത്തെ കുറിച്ച് ഇ ശ്രീധരൻ ഒരു പഠനം നടത്തിയിരുന്നുവത്രെ. അദ്ദേഹം നമുക്കൊക്കെ അറിയുന്നത് പോലെ കേരളം കണ്ട പ്രഗത്ഭ എഞ്ചിനീയർ- മാരിൽ ഒരാളാണ്. പ്രശ്നങ്ങളെ യഥാവിധി കാണാനും പരിഹാരം നിർദ്ദേശിക്കാനും കഴിയുന്ന ഒരാൾ. അതൊക്കെ അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോർഡിനും അയച്ചുകൊടുത്തു. അതിന്റെ പശ്ചാത്തലത്തിൽ ചില നടപടികൾ അദ്ദേഹം ആഗ്രഹിച്ചിരിക്കുമല്ലോ. മൂന്ന് കാര്യങ്ങളാണ് അതിലുള്ളത് എന്നതാണ് മനസിലാക്കിയത്. ഒന്ന്, വെള്ളപ്പൊക്കം എങ്ങനെയുണ്ടായി എന്തുകൊണ്ടുണ്ടായി എന്ന വിലയിരുത്തൽ. രണ്ട്‌ : അതുണ്ടാക്കിയ ദുരിതങ്ങൾ, അതിന്റെ വ്യാപ്തി എന്നിവയൊക്കെ. മൂന്ന്; എന്താണ് ഇതിന് വേണ്ടത്, പരിഹാരമാർഗങ്ങൾ. ഇ ശ്രീധരന്റെ റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല, അത് കോടതിയിലുണ്ട്. എന്നാൽ അദ്ദേഹത്തെ അറിയുന്ന ഒരാൾ എന്ന നിലക്കും അതിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങൾ അറിയുന്നത് കൊണ്ടും അത് സമഗ്രമാവും എന്ന് കരുതാനാണ് എനിക്കാഗ്രഹം. അങ്ങിനെയേ ശ്രീധരന് ഒരു കാര്യം ചെയ്യാനാവൂ. കേരളത്തെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്ന് അതിൽ പറഞ്ഞിട്ടുണ്ടോ എന്നതറിയില്ല; എന്നാൽ അത് മറ്റൊരു വിധത്തിൽ അതിലുണ്ട്. തീർച്ചയായും കേരളം ശ്രദ്ധിക്കേണ്ടുന്ന ഒരു വിഷയമല്ലേ അത്. എന്തുകൊണ്ടാണ് ശ്രീധരനെ അവഗണിക്കാനും ഒഴിച്ചുനിർത്താനും സർക്കാർ തയ്യാറായത്?. സംശയമില്ല, അദ്ദേഹത്തിന്റെ വിലയിരുത്തൽ സർക്കാരിനെ പ്രതിസന്ധിയിലും പ്രതിക്കൂട്ടിലുമാകും എന്നത് കൊണ്ടുതന്നെ. കുറേനാൾ ശ്രീധരൻ കാത്തിരുന്നു ; അവസാനം ആ റിപ്പോർട്ടുമായി നേരെ ഹൈക്കോടതിയിലെത്തി. എന്തൊക്കെ പറഞ്ഞാലും സർക്കാരിന് കോടതിയിൽ മുഖം രക്ഷിക്കുക എളുപ്പമാവുകയില്ല.

ഈ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ ഇപ്പോൾ എന്താണ് ?. ഇന്നിപ്പോൾ നമ്മുടെ മുന്നിലുള്ളത് കേരളത്തെ മുക്കിക്കൊന്ന ഭരണകൂടമാണ് ….. ഗുരുതരമായ അനവധി വീഴ്ചകൾക്ക് ഉത്തരവാദികളായ സർക്കാർ. ആ ദുരന്തത്തിന്റെ പേരിൽ ഒരു ശിപായിക്കെതിരെ പോലും സർക്കാർ നടപടിയെടുത്തതായി കണ്ടില്ല, കേട്ടിട്ടില്ല. എന്തുകൊണ്ടാണത്. എന്തെങ്കിലും അന്വേഷണങ്ങൾ ഉദ്യോഗസ്ഥ തലത്തിലോ മന്ത്രി തലത്തിലോ നടത്തിയോ, എന്തുകൊണ്ടാണ് അതിന് മുതിരാതിരുന്നത്?. അവർക്കതിന് കഴിയാത്ത സ്ഥിതിയുണ്ട് …… ഭരണകൂടമാണ് അതൊക്കെ ചെയ്തുവെച്ചത് എന്ന ബോധ്യമുണ്ട്. അതാണ് കേരളം ചർച്ച ചെയ്യേണ്ടത്. ആ മഹാ ദുരന്തമൊക്കെ കേരളം മറന്നിട്ടില്ല മറക്കുകയുമില്ല എന്ന് വോട്ടിങ് വേളയിൽ തുറന്നു പറയണ്ടെ?..

ഇതോടൊപ്പം വീണ്ടും ശബരിമല കടന്നുവരികയാണ്; എന്താണത്?. യഥാർഥത്തിൽ ശബരിമല പ്രശ്നം ഉയർന്നുവന്നതോടെ വെള്ളപ്പൊക്കവും ദുരിതാശ്വാസവുമൊക്കെ മലയാള നാട് മറക്കുകയായിരുന്നില്ലേ. എല്ലാവരുടെയും ശ്രദ്ധ അയ്യപ്പനിലേക്ക് തിരിയുകയായിരുന്നുവല്ലോ. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട , റാന്നി, ചെങ്ങന്നുർ, പന്തളം പോലുള്ള പ്രദേശങ്ങളാണ് യഥാർഥത്തിൽ വെള്ളപ്പൊക്കക്കെടുതി ഏറ്റവുമധികം അനുഭവിച്ചത് എന്നതും മറക്കണ്ട. ആ ദുരിതബാധിതരാണ് സർവ്വതും മറന്നുകൊണ്ട് ശരണമന്ത്രം ഉരുവിട്ടുകൊണ്ട് തെരുവിലിറങ്ങിയത്…… ശബരിമലയെ സംരക്ഷിക്കാൻ, അയ്യപ്പൻറെ ആചാരങ്ങൾ കാത്തുസൂക്ഷിക്കാൻ…….. അതിനിടയിൽ വെള്ളപ്പൊക്കവും അതിൽ വന്ന വീഴ്ചകളും ഒക്കെ ജനങ്ങൾ മറന്നു എന്ന് സർക്കാർ കരുതിയിരിക്കണം. ഒരു പക്ഷെ ശബരിമലയെ സർക്കാർ ഇത്രമാത്രം ബഹളപൂർണമാക്കിയത് ആ ലക്ഷ്യത്തോടെയുമാവാം. ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ നടത്തിയ ഒരു കുല്സിത നീക്കം. എന്നാൽ അവസാനമായപ്പോൾ അയ്യപ്പൻ തന്നെയാവണം അത് വീണ്ടും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നു. അതുമിപ്പോൾ ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറിയിരിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close