KeralaLatest News

വേനല്‍ച്ചൂടില്‍ പൊള്ളി മൂന്നാര്‍, സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു

 

മൂന്നാര്‍: കത്തുന്ന വേനല്‍ച്ചൂട് മൂന്നാറിലെ വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുന്നു. പ്രളയത്തെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കക്കെടുതി തിരിച്ചടിയായതിന് പിന്നാലെയാണ് വേനലും ഇവിടെ ടൂറിസംമേഖലയെ പ്രതിസന്ധിയിലാക്കുന്നത്.

ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും കേരളത്തെ ബാധിച്ചതോടെയാണ് മൂന്നാറിലെ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായത്. ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവാണ് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഈ ഏപ്രിലില്‍ അറുപതു ശതമാനത്തിലേറെ സഞ്ചാരികളുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് രാത്രിയില്‍ തണുപ്പ് വളരെ കുറഞ്ഞ അവസ്ഥയിലാണ്. ഇതോടൊപ്പം പകല്‍ ചൂട് മൂന്നാറില്‍ 30 മുതല്‍ 35 ഡിഗ്രി വരെയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചിന്ന കനാല്‍,കുണ്ടള,രാജമല, മാട്ടുപ്പെട്ടി, പഴയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. വരയാടുകളുടെ പ്രസവകാലത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജമല മാര്‍ച്ച് 24-ന് തുറന്നശേഷം, ശരാശരി ആയിരത്തില്‍ താഴെ സന്ദര്‍ശകരാണ് എത്തുന്നത്. സ്വദേശികളും വിദേശികളുമായി 2000 മുതല്‍ 2500 വരെ സന്ദര്‍ശകരാണ് മുന്‍ കാലങ്ങളില്‍ ഈ സീസണില്‍ ദിവസവും എത്തിയിരുന്നത്.

മുന്‍വര്‍ഷങ്ങളില്‍ ഈ സീസണില്‍ ആയിരത്തിലധികം സന്ദര്‍ശകര്‍ എത്തിയിരുന്ന ഭാഗങ്ങളില്‍ ആളുകള്‍ കുറഞ്ഞത് മേഖലക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. സന്ദര്‍ശകരില്ലാതായതോടെ മൂന്നാര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍, പോതമേട്, ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരിഭാഗം റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനം നഷ്ടത്തിലായി കഴിഞ്ഞു. 2018-ലെ പ്രളയശേഷം മൂന്നാറിന്റെ ടൂറിസം മേഖല തളര്‍ന്ന നിലയിരുന്നു. എന്നാല്‍ അത് മറികടക്കുവാന്‍ ഈ സീസണ്‍ കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് സന്ദര്‍ശകരുടെ കുറവ് തിരിച്ചടിയാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button