Latest NewsArticleIndiaElection Special

ദേശ സുരക്ഷയും രാജ്യ താല്പര്യവും പ്രധാനം, സൈനിക നടപടികൾ ഇന്ത്യക്കാരന്റെ ആത്മവിശ്വാസം വളർത്തി ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ മൂന്ന് ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് അഞ്ച്‌ കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം അവഗണിക്കാനാവും. (രണ്ട്‌ ): വിശ്വാസികൾക്കൊപ്പം എന്ന് പറയുന്ന കോൺഗ്രസിന് വിശ്വാസ സമൂഹത്തോട് എങ്ങിനെ നീതി പുലർത്താനാവും; കോൺഗ്രസ് കേന്ദ്ര നേതൃത്വം ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഭക്തസമൂഹത്തോട് ഒപ്പമില്ലാത്ത സാഹചര്യത്തിൽ. (മൂന്ന്): ശബരിമല പ്രശ്നം ഉയർന്നുവന്നപ്പോൾ പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം ചർച്ചാവിഷയമല്ലാതായി. എന്നാൽ വെള്ളപ്പൊക്ക കെടുതികൾ അനുഭവിച്ച ആയിരങ്ങൾ കേരളത്തിലുണ്ട്; അതും ഇന്നിപ്പോൾ സജീവ ചർച്ചാ വിഷയമാവുകയാണ്. (നാല് ): വോട്ടിങ് യന്ത്രം സംബന്ധിച്ച പ്രതിപക്ഷ പരാതിയാണ് വേറൊന്ന്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ വോട്ടിംഗ് യന്ത്രത്തിന്റെ കുഴപ്പം കണ്ടെത്തുന്നവർ വിജയിക്കുമ്പോൾ മിണ്ടാതിരിക്കുന്നത്, ഇക്കാര്യത്തിൽ ആദ്യം മുതലേ കോൺഗ്രസ് സ്വീകരിച്ച ഇരട്ടത്താപ്പുമാണ് ചൂണ്ടിക്കാണിച്ചത്. (അഞ്ച്‌ ): നരേന്ദ്ര മോഡി സർക്കാർ ജനങ്ങൾക്കായി ചെയ്ത നല്ല കാര്യങ്ങളും തീർച്ചയായും തിരഞ്ഞെടുപ്പ് വിഷയമാകുമല്ലോ; എന്തുകൊണ്ട് ഇത്തവണ ബിജെപിക്ക്, നരേന്ദ്ര മോദിക്ക്, വോട്ട് ചെയ്യണം എന്നതാണ് അടുത്തതായി വിശകലനം ചെയ്തത്.

എന്തുകൊണ്ട് ഒരാൾ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണം എന്നത് വിശദമായി ചർച്ചചെയ്യപ്പെടേണ്ടുന്ന കാര്യമാണ്. അതിന്റെ ആദ്യ ഭാഗമാണ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. ആ വിഷയത്തിലേക്ക് തന്നെ ഒരിക്കൽ കൂടി വരാം. മോഡി സർക്കാരിന്റെ വിവിധ നയങ്ങൾ എങ്ങിനെ രാജ്യത്തിന് ഗുണകരമായി, എങ്ങിനെ രാഷ്ട്രത്തിന് കരുത്തു പകർന്നു, ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് നൽകി എന്നിവ പരിശോധിക്കപ്പെടേണ്ടതാണല്ലോ. അതിൽ ശ്രദ്ധേയമായ ഒന്ന് വിദേശ നയത്തിലുണ്ടായ കാതലായ മാറ്റമാണ്. ഇത്രയേറെ ചാരുതയാർന്ന ഒരു വിദേശ നയം സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ ഉണ്ടായിട്ടില്ല. ലോകത്തിനൊപ്പം നിലകൊള്ളുക, അതേസമയം ഇന്ത്യൻ താല്പര്യങ്ങൾക്ക് ഊന്നൽ നൽകുക……. ഇതായിരുന്നു അവിടെ മോദിയുടെ ചിന്ത. ഇന്ത്യയുടെ താല്പര്യം മാത്രം നോക്കിക്കൊണ്ട് ഒരു വിദേശ നയ സമീപനം കൊണ്ടുവന്നത് മോഡി സർക്കാരാണ് എന്ന് നിസംശയം പറയാനാവും എന്നർത്ഥം . പക്ഷെ ഇവിടെ നരേന്ദ്ര മോഡി പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്; അനവധി വിദേശയാത്രകൾ, അതിനായി കോടികൾ ചിലവിട്ടു തുടങ്ങിയതൊക്കെ. എന്നാൽ മുൻ പ്രധാനമന്ത്രിയെ അപേക്ഷിച്ച് അദ്ദേഹം ചെലവിട്ട തുക കുറവാണ് എന്നത് പുറത്തുവന്നുകഴിഞ്ഞ കണക്കാണ്. ഒരു പ്രധാനമന്ത്രി തന്റെ ദൗത്യത്തിൽ വിജയിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ നടക്കുക. അത് രാഷ്ട്രീയമായ വിരോധത്തിലേറെ അസൂയ കൊണ്ട് ഉണ്ടാവുന്നതുമാണ് . മൻമോഹൻ സിംഗ് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 161 ദിവസം വിദേശത്തായിരുന്നു; 38 വിദേശ യാത്രകൾ. അതിനായി അദ്ദേഹം വിമാനത്തിനായി ചെലവിട്ടത് 493 കോടി രൂപയാണ്. അതേസമയം ഇക്കഴിഞ്ഞ ഡിസംബറിൽ പുറത്തുവന്ന വിവരമനുസരിച്ച് നരേന്ദ്ര മോഡി ഇതുവരെ 48 വിദേശയാത്രകൾ നടത്തി; അതിൽ ആദ്യ നാലു വർഷത്തിൽ നടത്തിയത് 31 യാത്രകളാണ്; അതിനായി വിമാനത്തിന് ചെലവിട്ടത് 387. 26 കോടി രൂപ. ബാക്കിയാത്രകളുടെ ചിലവുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഒന്നുണ്ട്; പരിവാരങ്ങളുമായല്ല മോഡി യാത്രകൾ നടത്തിയത്…….. അതുകൊണ്ട് തന്നെ ചിലവിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ഓരോ യാത്രയും കഴിയുമ്പോൾ മോഡി ഇന്ത്യക്കായി എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവും. ഇന്നിപ്പോൾ ജി 20 യിലോ, ബ്രിക്സ് തലവന്മാരുടെ യോഗത്തിലോ കോമൺവെൽത്ത് രാഷ്ട്രത്തലവന്മാർക്കിടയിലോ ….. എവിടെയായാലും തലയുയർത്തി നിൽക്കുന്ന മോദിയെയാണല്ലോ ലോകം കണ്ടത്. അത് മോഡിക്കുള്ള അംഗീകാരമാണ്, വ്യക്തിപരമായി; എന്നാൽ അതിലേറെ ലോകത്തിലെ ഏറ്റവും വലിയ ജനാധി പത്യ രാഷ്ട്രമെന്ന നിലക്ക് ഇന്ത്യക്കുള്ള അംഗീകാരവുമാണ്. ഏറ്റവുമൊടുവിൽ ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ രണ്ടാമത്തെ ‘സർജിക്കൽ സ്ട്രൈക്ക്’ കഴിഞ്ഞപ്പോൾ ആരാണ് ഇന്ത്യയെ പുകഴ്ത്താതിരുന്നത്……… ആരാണ് ഇന്ത്യക്കെതിരെ വന്നത്. ഒരാളും ഇന്ത്യയെ വിമർശിച്ചില്ല; എല്ലാവരും ആ വേളയിൽ ഇന്ത്യക്കൊപ്പമായിരുന്നു, ഒരു പക്ഷെ പാക്കിസ്ഥാനും ചൈനയുമൊഴിച്ചുള്ളവർ എല്ലാം തന്നെ . ഇസ്ലാമിക രാജ്യങ്ങൾ പോലും സ്വീകരിച്ച നിലപാട് ഓർക്കുക. ഇത് ഈ സർക്കാരിന്റെ വിദേശനയത്തിന്റ അംഗീകാരമല്ലെങ്കിൽ പിന്നെന്താണ്?. ഇവിടെ ഓരോ ഇന്ത്യക്കാരന്റെയും യശസ്സല്ലേ ഉയർന്നത്. വേറൊന്ന്, വിദേശത്തെ ഇന്ത്യക്കാർ മോദിക്കൊപ്പം ചിലവിട്ട നിമിഷങ്ങൾ നമ്മൾ കണ്ടിട്ടില്ലേ….. എൻആർഐ എന്ന് നാം പറയുന്നവരെ ഇതുപോലെ പരിഗണിച്ച ഒരു സർക്കാർ വേറെയുണ്ടായിട്ടില്ല; അവരൊക്കെ, അവരുടെ ഇന്ത്യയിലെ കുടുംബങ്ങൾ, ആർക്കൊപ്പമാണ് ഈ തിരഞ്ഞെടുപ്പിൽ നിലകൊള്ളുക, സംശയമുണ്ടാവേണ്ടതില്ലല്ലോ.

തൊഴിലില്ലായ്മ എന്നും ഒരു ചർച്ചാവിഷയമാണ്. ഇത്തവണ ഈ സർക്കാർ ചെയ്തത് തങ്ങൾ ചെയ്തത് എന്താണ് എന്നതിന് വേണ്ടുന്ന തെളിവുകൾ ഉണ്ടാക്കുകയാണ്. അതിന് സ്വീകരിച്ചത് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്, ഇഎസ്‌ഐ , ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയവായുടെ ഔദ്യോഗിക രേഖകൾ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചു. അതൊക്കെ ബോധ്യപ്പെടുത്തുന്നത് ലക്ഷങ്ങൾക്ക് ഇന്ത്യയിൽ പുതുതായി തൊഴിൽ നൽകാനായി എന്നതാണ്. എന്തിനേറെ പറയണം, മുദ്ര വായ്പ പദ്ധതിയിൻ കീഴിൽ തൊഴിൽ നേടിയത് ഏതാണ്ട് 15 കോടിപ്പേരാണ്; അതായത് അത്രയും പേരാണ് ഈ പദ്ധതിയിൻ കീഴിൽ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തത്. ഇതൊക്കെ സാധൂകരിക്കുന്നതാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന സിഐഐ- യുടെ സർവേ. അവർ രാജ്യത്തെ ഒരു ലക്ഷത്തിലേറെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ പായുന്നത്, ചെറുകിട ഇടത്തരം മേഖലയിൽ മാത്രം പ്രതിവർഷം ഏതാണ്ട് ഒന്നര കോടി ജോലി ലഭ്യമാക്കാൻ കഴിഞ്ഞു എന്നതാണ്. ഇതിനെയൊക്കെ മറികടക്കാൻ കള്ളക്കണക്ക് സർക്കാർ തലത്തിൽ ഉണ്ടാക്കാൻ ശ്രമിച്ചവരെയും നാം കണ്ടുവല്ലോ. അതാണ് ഇന്ത്യ. എന്നാൽ ഇന്നിപ്പോൾ സംശയത്തിന് അടിസ്ഥാനമില്ല, മാത്രമല്ല യഥാർഥ കണക്കുകൾ സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യവുമാണ്. പറഞ്ഞ പ്രകാരം പ്രവർത്തിക്കുന്ന ഒരു ഭരണകൂടമാണ് മോദിയുടേത് എന്നതിന് സാക്ഷ്യപത്രമായി ഇതിനെ കാണാനാവും.

അഞ്ചുവർഷത്തെ സർക്കാരിന്റെ, രാജ്യത്തിൻറെ, നേട്ടങ്ങൾ മുഴുവൻ വിവരിക്കുക എളുപ്പമല്ല എന്ന് സൂചിപ്പിച്ചിരുന്നുവല്ലോ ; എന്നാൽ ഒന്ന് പറയാതെപോകാൻ വയ്യതാനും. അത് അടുത്തിടെ നടന്ന ‘സർജിക്കൽ സ്ട്രൈക്ക്’ ആണ്. പുൽവാമ ഭീകരാക്രമണം ഇന്ത്യക്ക് നേരെ നടന്ന ഒരു യുദ്ധ നീക്കമായിരുന്നു. ശത്രു ഭീകരന്റെ രൂപത്തിലെത്തിയ മുഹൂർത്തം. നമ്മുടെ കേന്ദ്ര സേനാംഗങ്ങൾ അവിടെ വധിക്കപ്പെട്ടു; അതിന് പിന്നിൽ ജെയ്ഷ് ഇ മുഹമ്മദ് ആണെന്ന് വ്യക്തമായി. അതിന്റെ തലവൻ പാക്കിസ്ഥാനിലുണ്ട് എന്നത് പരസ്യമാണ്. അയാളെ വിട്ടുനൽകണം എന്ന ഇന്ത്യൻ നിലപാട് പക്ഷെ ഇമ്രാൻ ഖാൻ, പാക് ഭരണകൂടം അംഗീകരിച്ചില്ല. പിന്നെ ഇന്ത്യക്ക് ചെയ്യാനാവുമായിരുന്നത് ഭീകരത്താവളം തകർക്കലാണ്. മുൻപ് ‘ഉറി’ സംഭവത്തിന് ശേഷം ഇന്ത്യൻ സേന അത്തരമൊരു ആക്രമണം നടത്തിയതാണ്; അന്ന് അതിർത്തിയിലെ ഭീകരരുടെ ലോഞ്ചിങ് പാഡുകൾ നശിപ്പിച്ചു. കരസേനയാണ് ആ ആക്രമണം നടത്തിയത്. എന്നാൽ ഇത്തവണ ആ ചുമതല ഏറ്റെടുത്തത് വ്യോമസേനയാണ്. അതിർത്തിയിൽ നിന്ന് ഏതാണ്ട് അറുപത് കിലോമീറ്ററോളം അകത്ത് ചെന്നാണ് ബാലക്കോട്ടിലെ ഭീകര ക്യാമ്പുകൾ നശിപ്പിച്ചത്. ബോംബിട്ട് തകർക്കുകയായിരുന്നു……… ഇതുപോലെ ഒരു ആക്രമണം ഇന്ത്യക്ക് നടത്താൻ കഴിയുമെന്ന് പാക്കിസ്ഥാനോ ഭീകര പ്രസ്ഥാനങ്ങളോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. എന്തായാലും ഇപ്പോൾ പുറത്തുവന്ന വിവരമനുസരിച്ച് ഏതാണ്ട് 260- 275 ഓളം പേരെങ്കിലും അവിടെ കൊല്ലപ്പെട്ടു. ലോകചരിത്രത്തിൽ തന്നെ ഈ വ്യോമാക്രമണം, സർജിക്കൽ സ്ട്രൈക്ക്, സ്ഥാനം പിടിച്ചു.

ഇവിടെ ഇതൊക്കെ ചെയ്തത് നമ്മുടെ സുരക്ഷാ സേനയാണ്. അവരെ പൂവിട്ട്‍ പൂജിക്കേണ്ടതുണ്ട്. എന്നാൽ അതിന് പിന്നിൽ ഒരു രാഷ്ട്രീയ തീരുമാനമുണ്ടായിരുന്നു. നരേന്ദ്ര മോഡി സർക്കാരാണ് ആ തീരുമാനമെടുത്തത്; അത്തരമൊരു സൈനിക നടപടിക്ക് അനുമതി നൽകിയത് പ്രധാനമന്ത്രിയാണ് . അതാണ് നരേന്ദ്ര മോദിയുടെ പ്രാധാന്യം. മുൻപ് ഉണ്ടായ ഒരു കാര്യം ഓർമ്മിപ്പിച്ചാലേ മോഡി എന്താണ് ചെയ്തത് എന്നത് ബോധ്യമാവൂ. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോൾ തിരിച്ചടിക്കണം എന്നതായിരുന്നു പൊതുവെ രാജ്യത്തുണ്ടായിരുന്ന വികാരം. സൈനിക മേധാവികൾ അതിന് സന്നദ്ധവുമായിരുന്നു. അന്ന് അക്കാര്യം ചർച്ചചെയ്യാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളുടെ യോഗം വിളിച്ചുവെങ്കിലും ഒന്നും ചെയ്യേണ്ട എന്ന് നിശ്ചയിക്കുകയായിരുന്നു…… അതും ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. ‘വെറുതെ നാമം ജപിച്ചിരുന്നാൽ മതി’ എന്ന് മൻമോഹൻ സിങ്ങും എകെ ആന്റണിയും അന്ന് തീരുമാനിച്ചു. അവിടെയാണ് മോഡി ഇത്തരമൊരു ശക്തമായ തീരുമാനമെടുത്തത്…….. അതാണ് മോദിയുടെ മഹത്വം. ഇന്നിപ്പോൾ രാജ്യം അദ്ദേഹത്തെ വാഴ്ത്തുന്നത് നാം കാണുന്നുണ്ടല്ലോ.

modi

ഇന്നിപ്പോൾ എന്താണ് ഒരു പൊതുവികാരം, രാജ്യത്തുള്ളത്?. ദേശ സുരക്ഷ ഒരു പ്രധാനവിഷയമായി മാറിയിരിക്കുന്നു എന്നതിൽ ബിജെപിയുടെ പ്രതിയോഗികൾക്ക് പോലും സംശയമില്ല . നരേന്ദ്ര മോദിയും ബിജെപിയുമാണ് ഇക്കാര്യത്തിൽ വേണ്ടത് വേണ്ടപോലെ ചെയ്തത് എന്നത് ജനങ്ങൾ തിരിച്ചറിയുന്നു……. ആ ജനങ്ങൾ എല്ലാവരും രാഷ്ട്രം നന്നാവണം, രാജ്യം സുരക്ഷിതമാവണം എന്ന് ആഗ്രഹിക്കുന്നവരാണ്; അവർക്ക് രാഷ്ട്രീയത്തിനപ്പുറം ദേശത്തിന്റെ താല്പര്യമാണുള്ളത്…… അവരിപ്പോൾ മോദിക്കൊപ്പമാണ്, സംശയമില്ല. അതേസമയം ഈ സൈനിക നടപടിയെ കുറച്ചുകാണാനും അതിൽ രാഷ്ട്രീയം കലർത്താനും ശ്രമിച്ച പ്രതിപക്ഷ കക്ഷിനേതാക്കളെയും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്…… പാക് മാധ്യമങ്ങൾക്ക് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ഏറെ ഇഷ്ടപ്പെട്ടു എങ്കിൽ അതിന്റെ അർത്ഥമെന്താണ്? അവരെ ദേശവിരുദ്ധരായിപ്പോലും ജനങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ ഇന്ന് നാം കാണുന്നുണ്ടല്ലോ. അത് എന്തിന്റെ സൂചനയാണ്; ഒരുതരത്തിൽ പറഞ്ഞാൽ അതൊരു ജനവികാരമാണ്………..ജനങ്ങൾ മോദിക്കൊപ്പമെന്ന് വ്യക്തമാക്കുന്ന സൂചന, വികാരം. ( തുടരും).

 

shortlink

Related Articles

Post Your Comments


Back to top button