Latest NewsIndia

സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി: കിരാതമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്•സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി വധശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഹോഷിയര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഈ വര്‍ഷം ഫെബ്രുവരി 28 നാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്.

വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് സൗദി അധികൃതര്‍ റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചിരുന്നില്ല. സൗദി നിയമം അനുവദിക്കാത്തതിനാല്‍ മരണപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിക്കില്ലെന്നും സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം സത്‌വിന്ദര്‍ സിംഗിന്റെ ഭാര്യയെ അറിയിച്ചു.

Indians

അതേസമയം, വധശിക്ഷയെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. സൗദി നടപടിയെ കിരാതമെന്നും മനുഷ്യത്വ രഹിതമെന്നും വിശേഷിപ്പിച്ച അമരീന്ദര്‍ വധശിക്ഷ സംബന്ധിച്ച വാര്‍ത്ത‍ പുറത്തുവിടാത്തതും തടയാന്‍ കഴിയാത്തതും കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ ഇന്ത്യന്‍ എംബസിയെ അറിയിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇരകള്‍ക്ക് നിയമസഹായം ലഭിച്ചില്ല. ഇത് മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും അമരീന്ദര്‍ പറഞ്ഞു.

ഏറ്റവും വേദനാ ജനകം, അവരുടെ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്ക് കാണാനോ അന്ത്യകര്‍മ്മങ്ങള്‍ അര്‍പ്പിക്കാനോ അവരുടെ കുടുംബങ്ങള്‍ക്ക് അവസരം ലഭിക്കില്ല എന്നതാണ്. സംഭവത്തില്‍ യു.എന്നും ആഗോള മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു.

പുരാതനവും ലജ്ജാരഹിതവുമായ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

മരണപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നത് പ്രശ്നമാകില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സിംഗ് പറഞ്ഞു.

2015 ല്‍ സഹപ്രവര്‍ത്തകനായ ആരിഫ്‌ ഇമാമുദീന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button