KeralaLatest News

നഗരമധ്യത്തിലുള്ള കെട്ടിടത്തിനുള്ളില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം നഗരമധ്യത്തിലുള്ള കെട്ടിടത്തിനുള്ളില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം നഗരത്തിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ യുവാവാണ് കുത്തേറ്റ് മരിച്ചത്. നഗരമധ്യത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.. ഐഡാ ജംക്ഷനു സമീപത്തെ കെട്ടിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. താഴെയുള്ള 2 നിലകളിലും വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിര്‍മാണം നടക്കുകയാണ്. ഇവിടെ ജോലിക്കെത്തിയ ഇതരസംസ്ഥാനക്കാരാണു മൃതദേഹം കണ്ടത്. നെഞ്ചില്‍ കുത്തേറ്റു രക്തം വാര്‍ന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

മല്‍പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പരിസരത്തു രക്തം വീണതിന്റെ പാടുകളുണ്ട്. കുത്തേറ്റ സ്ഥലത്തിനു സമീപം രക്തം പുരണ്ട നിലയില്‍ വാര്‍ക്കക്കമ്പിയുടെ ഭാഗം പൊലീസ് കണ്ടെത്തി. ഇത് ഉപയോഗിച്ചാണു കുത്തിയത് എന്നാണു പ്രാഥമിക നിഗമനം. അതേ സമയം, മരിച്ചയാള്‍ ഇവിടെ ജോലി ചെയ്തിരുന്ന ആളല്ലെന്നും ഇയാളെ മുന്‍ പരിചയമില്ലെന്നുമാണ് ഇവിടത്തെ തൊഴിലാളികള്‍ നല്‍കിയ മൊഴി. എന്നാല്‍ സ്ഥലപരിചയമില്ലാത്ത ആള്‍ക്ക് അത്ര എളുപ്പത്തില്‍ ഇവിടെ എത്താന്‍ കഴിയില്ല എന്നതിനാല്‍ ഈ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബുധന്‍ വൈകിട്ട് ആറോടെ തൊഴിലാളികള്‍ പോയതിനു ശേഷമാണു കൊലപാതകം നടന്നത്.

താഴത്തെ നിലയിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനുണ്ട്. ഇയാള്‍ക്കു മുന്നിലൂടെയാണു മുകള്‍ നിലയിലേക്കു പോകാനുള്ള പടിക്കെട്ടുകള്‍ ഉള്ളത്. വൈകിട്ട് തൊഴിലാളികള്‍ പോയ ശേഷം ഷട്ടര്‍ പൂട്ടിയാണ് ഇയാള്‍ പോയത്. ആ സമയം മുകളില്‍ ആരും ഉണ്ടായിരുന്നില്ലെന്നു സുരക്ഷാ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. മുകള്‍ നിലകളിലേക്കു കയറുന്നതിനു കെട്ടിടത്തിനു പുറത്ത് ഇരുമ്പു ഗോവേണി സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴിയാകാം മുകള്‍ നിലയിലേക്ക് ഇവര്‍ കയറിയതെന്നു പൊലീസ് കരുതുന്നു.

കൊലപാതകത്തിനു ശേഷം പ്രതി ഇരുമ്പുഗോവണി വഴി തന്നെ കടന്നുകളഞ്ഞിരിക്കാമെന്നും സംശയിക്കുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും സംശയമുണ്ട്. മൃതദേഹത്തിന്റെ കയ്യില്‍ ചുറ്റിക്കിടന്ന മുത്തുമാലയില്‍ മണം പിടിച്ച പൊലീസ് നായ 200 മീറ്റര്‍ അകലെ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനു സമീപം വരെ എത്തി. മേല്‍നടപടിക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ചാരനിറത്തിലുള്ള ജീന്‍സും ചുവപ്പു ഷര്‍ട്ടുമാണു മരിച്ചയാളുടെ വേഷം. ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധനയ്‌ക്കെത്തി. ഇവിടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും 2 ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button