Latest NewsKerala

സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു : പ്രതി പിടിയില്‍

കൊച്ചി : സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റിലായി. 65 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ മലപ്പുറം എടക്കര ചരടികുത്തു സമദി(45) നെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശി സുശീല്‍ വാങ്ങിയ 1-ാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റാണു പ്രതി തട്ടിയെടുത്തത്. ഒന്നാം പ്രതി മിഗ്ദാദ് നേരത്തെ കോടതിയില്‍ കീഴടങ്ങി.ഒരേ സീരിയല്‍ നമ്പറിലെ 12 ടിക്കറ്റുകളാണു സുശീല്‍ എടുത്തത്. ഇതില്‍ ശേഷിക്കുന്ന 11 ടിക്കറ്റും പൊലീസ് ഇയാളുടെ പക്കല്‍ കണ്ടെത്തി. 2 ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനങ്ങള്‍ മറ്റു ടിക്കറ്റുകളിലും സുശീലിന് അടിച്ചിട്ടുണ്ട്.

1-ാം സമ്മാനം നേടിയ ടിക്കറ്റുമായി ഏറ്റുമാനൂരിലെ ബാങ്കിലെത്തിയ സുശീലിനോടു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ആധാര്‍കാര്‍ഡും ലോട്ടറിയുമായി വരാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ ആധാര്‍കാര്‍ഡ് ഉണ്ടായിരുന്നില്ല.ഹോട്ടലില്‍ അപ്പം എത്തിക്കാറുള്ള മലപ്പുറം സ്വദേശി മിഗ്ദാദ് ഈ വിവരം അറിഞ്ഞു.കൊച്ചിയില്‍ എത്തിയാല്‍ ആധാര്‍കാര്‍ഡ് ഇല്ലാതെ സമ്മാനത്തുക മാറ്റിയെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു.ഇതു വിശ്വസിച്ചാണ് സുശീല്‍ ലോട്ടറി ടിക്കറ്റുമായി കച്ചേരിപ്പടിയില്‍ എത്തിയത്. അവിടെ മിഗ്ദാദിനൊപ്പം സമദും എത്തിയിരുന്നു.

ലോട്ടറി ടിക്കറ്റ് വാങ്ങിയ മിഗ്ദാദ് വൈകാതെ പണം ഏറ്റുമാനൂരിലെ ഹോട്ടലില്‍ എത്തിക്കാമെന്നു സമ്മതിച്ചു. എന്നാല്‍ പിറ്റേന്നു മുതല്‍ മിഗ്ദാദ് ഏറ്റുമാനൂരിലേക്കു വരാതായി. സംശയം തോന്നിയ സുശീല്‍ കൊച്ചിയിലെത്തി നോര്‍ത്ത് പൊലീസിനു പരാതി നല്‍കി.പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിഗ്ദാദും സുഹൃത്ത് സമദും എടക്കരയിലെ ബാങ്കില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയെന്നു കണ്ടെത്തി.

ബാങ്കില്‍ തിരക്കിയപ്പോള്‍ ലോട്ടറി അവിടെ ഏല്‍പ്പിച്ചെന്നും ബോധ്യപ്പെട്ടു. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ ഇരുവരും മുങ്ങി. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം പോത്തുകല്ലു വെളുമ്പിയം പാടം കല്ലുവളപ്പില്‍ മിഗ്ദാദ് (39) പിന്നീട് കോടതിയില്‍ കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button