Latest NewsKerala

കെവിന്‍ കേസ്; കോടതിമുറിയിലും ഭീഷണിയെന്ന് സാക്ഷി

കോട്ടയം: കെവിന്‍ കേസില്‍ കോടതിമുറിയിലും ഭീഷണിയുയര്‍ന്നതായി കേസിലെ സാക്ഷി ലിജോയുടെ വെളിപ്പെടുത്തല്‍. വിചാരണ നടക്കുമ്പോള്‍ തിരിച്ചറിയല്‍ പരേഡിനിടെ എട്ടാം പ്രതി നിഷാദാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ലിജോ പറഞ്ഞു. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ കൂട്ടുകാരനാണ് ലിജോ. കോടതി മുറിയ്ക്കുള്ളിലായിരുന്നു ഭീഷണിയെന്ന് ലിജോ വെളിപ്പെടുത്തുന്നു.

നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്നതിനിടെ പ്രതിക്കൂട്ടില്‍ ഒപ്പം നിന്നിരുന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ലിജോ പരാതിപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോടതി പ്രതിഭാഗത്തിന് കര്‍ശന താക്കീത് നല്‍കി. കോടതിയ്ക്ക് അകത്തും പുറത്തും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നാണ് മുന്നറിയിപ്പ്. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും ഉചിതമായ നടപടികളുമായി മുന്നോട്ടു പോകാനും കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി.

രാവിലെ കേസ് വിചാരണയ്ക്കിടെ കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ മണിക്കൂറുകള്‍ക്കകം വിളിച്ച് പറഞ്ഞെന്ന് ലിജോ മൊഴി നല്‍കിയിരുന്നു. ‘ കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്’ എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നല്‍കിയിരിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ലിജോ മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button