Latest NewsInternational

സഹ്രാന്‍ ഹാഷിം കേരളത്തിലും എത്തിയതായി റിപ്പോര്‍ട്ട് ആലുവയിലും മലപ്പുറത്തും പ്രഭാഷണം നടത്തി

കൊളംബോ:ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയെ തുടര്‍ന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റടുത്ത ഐ.എസിന് കേരളത്തിലും വേരോട്ടമുണ്ടായിരുന്നു എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ 253 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്കായി ശ്രീലങ്കയില്‍ നടത്തിയ തിരച്ചിലിനിടയിലുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ തങ്ങളുടെ സംഘത്തില്‍പെട്ടവരാണെന്ന് ഐഎസ് വ്യക്തമാക്കി. 3 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടെ 15 പേരാണു തിരിച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും കൊല്ലപ്പെട്ടത്. കൊളംബോയില്‍നിന്ന് 350 കിലോമീറ്റര്‍ പടിഞ്ഞാറ് കല്‍മുനയില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍. പൊലീസുമായുള്ള പോരാട്ടത്തിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുക്കളോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട മൂന്നു പുരുഷന്മാര്‍ ഐഎസില്‍ സജീവമായിരുന്നെന്ന് അമാഖ് ന്യൂസ് ഏജന്‍സി വഴിയാണു ഐഎസ് വെളിപ്പെടുത്തിയത്.

കല്‍മുനയില്‍ സൈന്യം തിരച്ചില്‍ നടത്തിയ വീട് ചെരുപ്പ് ഫാക്ടറിക്കെന്നു പറഞ്ഞാണു ബട്ടിക്കലോവയിലെ കട്ടന്‍കുടി ഭാഗത്തുള്ള യുവാക്കള്‍ വാടകയ്ക്ക് എടുത്തത്. വന്‍ ആയുധശേഖരവും ഐഎസിന്റെ പതാകയും യൂണിഫോമും ടിഎസ് 56 റൈഫിളുകളും ചാവേറുകള്‍ ഉപയോഗിക്കുന്ന ആത്മഹത്യാ കിറ്റുകളും വീട്ടിനുള്ളില്‍നിന്നു പിടിച്ചെടുത്തിരുന്നു. കൊളംബോ സ്‌ഫോടനത്തിന് ഉത്തരവാദിത്തമേറ്റ് ഐഎസ് പുറത്തുവിട്ട വിഡിയോ ഇവിടെ ചിത്രീകരിച്ചതാണെന്നു കരുതുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ് മുഹമ്മദ് നിയാസാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍.പരുക്കേറ്റ ഒരു ഭീകരനും മറ്റൊരാളും സംഭവസ്ഥലത്തുനിന്ന് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്. അതിനിടെ, ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനല്‍ തൗഹിദ് ജമാഅത്ത് നേതാവ് സഹ്രാന്‍ ഹാഷിം പലതവണ കേരളത്തില്‍ എത്തിയതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മികച്ച പ്രാസംഗികനായ’ സഹ്രാന്‍ തമിഴ്‌നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്നു പ്രമുഖ ഇംഗ്ലിഷ് പത്രമായ ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലുവയ്ക്കടുത്തു പാനായിക്കുളത്തും മലപ്പുറത്തും സഹ്രാന്‍ പ്രഭാഷണങ്ങള്‍ക്കായി എത്തിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. സ്ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരനായിരുന്ന ഇയാള്‍ കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ക്ക് ഇന്ത്യയിലുള്‍പ്പെടെ അനുയായികള്‍ ഉണ്ടായിരുന്നതായും കേരളത്തില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധിതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശ്രീലങ്കയിലെ ചില യുവാക്കള്‍ക്ക് 2013 മുതല്‍ ഐഎസ് ബന്ധമുണ്ടെന്നും സംശയമുണ്ട്. ലഹരിമരുന്നു കടത്തുമായും ഇവര്‍ക്കു ബന്ധമുണ്ട്. ഐഎസുമായി ബന്ധമുള്ള 130 ലേറെ പേര്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. തിരച്ചിലിനായി 10,000 സൈനികരെയാണു വിന്യസിച്ചിട്ടുള്ളത്. ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത്, ജം ഇയ്യത്തുല്‍ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെ പ്രസിഡന്റ് നിരോധിച്ചു. ഈസ്റ്റര്‍ ഞായറാഴ്ചയിലെ ഭീകരാക്രമണത്തിന്റെ വേദനയില്‍ കഴിയുന്ന ശ്രീലങ്കയിലെ ദേവാലയങ്ങളിലൊന്നും ഈ ഞായറാഴ്ചയും കുര്‍ബാന നടന്നില്ല. ഒരറിയിപ്പുണ്ടാകുന്നതു വരെ കത്തോലിക്ക പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന ഉണ്ടായിരിക്കില്ലെന്നു കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് പറഞ്ഞു. മുസ്ലിംകള്‍ വീടുകളില്‍ തന്നെയാണു വെള്ളിയാഴ്ച നമസ്‌കാരം നടത്തിയത്. ശ്രീലങ്കയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിശാനിയമം നിലനില്‍ക്കുന്നതിനാല്‍ ശ്രീലങ്കയില്‍ യാത്രയ്ക്കു തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close