KeralaLatest News

ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

കൊച്ചി: എറണാകുളം ശാന്തിവനത്തില്‍ നടക്കുന്ന കെഎസ്ഇബിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

വൈപ്പിന്‍, പറവൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി ലൈന്‍ വലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും പ്രളയം നല്‍കിയ പാഠങ്ങള്‍ കൂടി ഉള്‍കൊണ്ട് വികസന കാഴ്ചപാടുകള്‍ക്ക് രൂപം നല്‍കാന്‍ കഴിയണം. ഇപ്പോള്‍ മരങ്ങള്‍ മുറിച്ച് ടവര്‍ നിര്‍മ്മാണം നടക്കുകയാണെന്നും പാരിസ്ഥിക ആഘാതം പരമാവധി കുറച്ചു മാത്രമേ ഏതു വികസനവും നടപ്പിലാക്കാവൂ എന്നും പി രാജീവ് പറഞ്ഞു. 20 വര്‍ഷം മുന്‍പ് 7.8 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതി ഇപ്പോള്‍ 30.47 കോടി രൂപയുടേതായി മാറി. പദ്ധതി വൈകാതെ പൂര്‍ത്തീകരിക്കാന്‍ കഴിയണം. മീനയും സുഹൃത്തുക്കളും ഉന്നയിക്കുന്ന ആശങ്കകളും ബദലുകളും വസ്തുതാതപരമായി പരിശോധിക്കാന്‍ കഴിയണമെന്നും തിരിച്ചു നല്‍കാന്‍ കഴിയാത്ത നഷ്ടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. കരിമ്പനയും കാട്ടിലഞ്ഞിയും ആറ്റുപേഴുമടക്കം നിരവധി കാട്ടുമരങ്ങള്‍, പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്റ്റീന്‍, വിവിധയിനം പ്ലാവുകള്‍, മാവുകള്‍, നാട്ടുമരങ്ങള്‍, നൂറുകണക്കിന് ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വ്വമായ സസ്യ ജീവജാലങ്ങള്‍ രണ്ടേക്കറില്‍ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മന്നം മുതല്‍ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തന്റെ ഒരു വശത്തുകൂടി നിര്‍മ്മാണം നടത്താനാണ് അനുമതി നല്‍കിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാല്‍ അന്‍പതോളം മരങ്ങള്‍ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് പൊടുന്നനെ നിശ്ചയിച്ച വഴി മാറ്റി ജൈവവൈവിദ്ധ്യത്തെ തകര്‍ക്കുന്നമട്ടില്‍ ഒത്ത നടുവിലൂടെ നിര്‍മ്മാണം തുടങ്ങുകയായിരുന്നു. ടവര്‍ പോസ്റ്റിനായുള്ള പൈലിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button