KeralaLatest News

കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതൊക്കെ- ഡോ. ഷിംനയുടെ കുറിപ്പ് വൈറലാകുന്നു

പല അമ്മമാരും കുഞ്ഞുങ്ങളെ ശല്യമായി കരുതി ഒഴിവാക്കാന്‍ നോക്കുന്നതിന് ക്രൂരമായ വഴികളാണ് തേടുന്നത്. കേരളം തന്നെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇതിന് സാക്ഷ്യം വഹിക്കുകയാണ്.. പിഞ്ചു കുഞ്ഞുങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ക്രൂരമായി കൊലപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാലിതാ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ മനസ്സ് വരുന്നവര്‍ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയാണ് ഡോ. ഷിംന അസീസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിംനയുടെ വിശദീകരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒന്നര വയസ്സുകാരിയെ കൊന്നത്‌ അമ്മയെന്ന്‌ വാർത്ത. അവർക്ക്‌ മാനസികാസ്വാസ്‌ഥ്യമുണ്ടെന്ന്‌ അതിന്റെ ബാക്കിയും. കഥയും കാര്യവുമേതെന്നറിയില്ല. പക്ഷേ, മടിയിൽ ചാഞ്ഞിരിക്കുന്നവളെപ്പോലൊന്നിനെ ശ്വാസം മുട്ടിച്ച്‌ കൊന്നെന്ന്‌ കേൾക്കുമ്പോൾ ചിലത്‌ എഴുതാതെ കഴിയുന്നില്ല.

പ്രസവിച്ച്‌ കിടക്കുന്ന അമ്മ കുഞ്ഞിനെ തിരിഞ്ഞ്‌ പോലും നോക്കാതെയിരിക്കുന്നത്‌ കണ്ടിട്ടുണ്ടോ? നൊന്തു പെറ്റ സ്വന്തം കുഞ്ഞിനോട്‌ ദിവസങ്ങളോളം വെറുപ്പും അകൽച്ചയും തോന്നിയിട്ടുണ്ടോ? പോസ്‌റ്റ്‌പാർട്ടം ഡിപ്രഷനും സൈക്കോസിസും മറ്റ്‌ മാനസിക വിഷമങ്ങളുമെല്ലാം പെണ്ണിന്‌ പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, ആ നേരത്ത്‌ അവൾക്ക്‌ കിട്ടേണ്ട ശ്രദ്ധയും പരിചരണവും കിട്ടുന്നത്‌ അത്യപൂർവ്വമാണ്‌. കൃത്യമായ മനശാസ്ത്രചികിത്സക്ക്‌ പകരം മന്ത്രവാദം, മതചികിത്സ തുടങ്ങി സകലതും നോക്കും. കുറ്റപ്പെടുത്തലും പീഡനവും പുറമേ. കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുകയല്ല.

ആ സാഹചര്യങ്ങൾ വന്ന്‌ പെടാതെ നോക്കേണ്ടത്‌ ഓരോരുത്തരുടേയും കടമയാണ്‌. അമ്മക്ക്‌ വയ്യായ്‌ക ഉണ്ടെങ്കിൽ കുടുംബം വേണ്ടത്‌ ചെയ്യണം. എന്നിട്ടും കുഞ്ഞിപ്പൈതങ്ങൾ ഉപദ്രവിക്കപ്പെടുന്നെങ്കിൽ അവരെ നിർബന്ധമായും അപകടസാഹചര്യത്തിൽ നിന്ന്‌ മാറ്റണം. നിങ്ങൾക്ക്‌ പോറ്റാനാവില്ലെങ്കിൽ കുഞ്ഞുങ്ങൾ സുരക്ഷിതരായി എവിടെയെങ്കിലും ജീവിക്കട്ടെ. മക്കളെ കൊല്ലരുതേ…

വിഷമത്തോടെയെങ്കിലും ചില വിവരങ്ങളെഴുതുന്നു. DrAshwathi Soman എഴുതിയ പോസ്‌റ്റിൽ നിന്നും അടർത്തിയെടുത്ത ചില കാര്യങ്ങൾ കൂടി ചേർക്കുന്നു.

താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാർഗങ്ങളാണ്‌ ചുവടെ എഴുതിയിരിക്കുന്നത്‌. തെറ്റും തെറ്റും തമ്മിൽ മത്സരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ തെറ്റിന്റെ കൂടെ നിൽക്കുക തന്നെ…

ഒരു കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാം..

നമ്മൾ പ്രതീക്ഷിക്കുന്നത്തിലേറെ പേർ ‘ശല്യങ്ങളെ’ ഒഴിവാക്കാൻ നോക്കുന്നുണ്ട് . വീട്ടിലെ ബാധ്യതകൾ, ലഹരി ഉപയോഗം കൊണ്ടുള്ള മനസികാവസ്ഥകൾ, ആവശ്യമില്ലാതെയോ അറിയാതെയോ ഉണ്ടായ കുഞ്ഞുങ്ങൾ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികൾ, വീട്ടിലെ സാമ്പത്തികാവസ്ഥ, അസുഖങ്ങൾ എന്നു തുടങ്ങി നിരവധി കാരണങ്ങൾ. കുഞ്ഞുങ്ങൾക്കും ഒരു നല്ല ജീവിതം ഉണ്ട് എന്നു ഓർക്കണം.കുഞ്ഞുങ്ങൾ ഇല്ലാത്തവർ അവരെ പൊന്നു പോലെ നോക്കും. അല്ലാതെ തിരിച്ചു പ്രതികരിക്കാൻ കഴിയാത്ത, അല്ലെങ്കിൽ നിങ്ങൾക്ക് അടിച്ചമർത്താൻ കഴിയും എന്നുറപ്പുള്ള അവരുടെ അടുത്തു നിങ്ങളുടെ അപകർഷതാ ബോധം കാരണം അവരെ തല്ലി ചതക്കുന്ന ക്രൂര വിനോദം ഒഴിവാക്കുക.

താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാർഗങ്ങൾ.

1)അമ്മത്തൊട്ടിൽ:
കുഞ്ഞിനെ ജനിച്ച ഉടൻ തന്നെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കാം. കുറച്ചു വലിയ കുട്ടികളെയും അവിടെ ഉപേക്ഷിക്കാം. ആരും നിങ്ങളെ തേടി വരില്ല. നിങ്ങളുടെ ഐഡൻറിറ്റി വെളിപ്പെടുകയുമില്ല. കുഞ്ഞ്‌ എവിടെങ്കിലും ജീവിച്ചു കൊള്ളും.

2) CWC: child welfare committee
പല കാരണങ്ങളാൽ കുഞ്ഞിനെ നോക്കാൻ കഴിയാത്തവർക്ക് CWC ഓഫീസുമായി ബന്ധപ്പെടാം. ഓണ്ലൈനിൽ അപേക്ഷ സമർപ്പിക്കാം. അവരുടെ അന്വേഷണത്തിന് ശേഷം കുഞ്ഞിനെ അവർ സ്വീകരിച്ചു വേറൊരു കുടുംബത്തിന് വളർത്താൻ നല്കുന്നതാണ്. Surrendering a child: കല്യാണം കഴിഞ്ഞു രണ്ടു പേരും ജീവനോടെ ഉള്ളപ്പോൾ രണ്ടുപേരുടെയും (അമ്മയും,അച്ഛനും) സമതത്തോട് കൂടി, ചില പ്രത്യേക സാഹചര്യങ്ങളിൽ അമ്മയുടെ മാത്രം സമതത്തോടും കുട്ടിയെ സംസ്ഥാനത്തിന് വിട്ടു നൽകാം. അവർ വളർത്തിക്കോളും. കുഞ്ഞുങ്ങളെ വിൽക്കാൻ ശ്രമിക്കുന്നത്‌ നിയമപരമായി വലിയ കുറ്റമാണ്‌. എത്ര കഷ്‌ടപ്പാടെങ്കിലും അതിന്‌ മുതിരരുത്‌.

3)ഗവ.ചിൽഡ്രൻ ഹോമുകൾ:
താത്കാലികമായോ സ്ഥിരമായോ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഗവ.സ്ഥാപനങ്ങൾ.

3)Orphanage:
ലീഗലി സർട്ടിഫൈഡ് ആയ ഓർഫനേജുകളിൽ കുട്ടികളെ നൽകുക (കേരളത്തിലെ റെജിസ്റ്റർഡ് ഓർഫനേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു)

4)Foundling homes:
സോഷ്യൽ ജസ്റ്റിസ് വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം. ഇവിടെയും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്പിക്കാം.

5)Adoption:
കുട്ടികളെ ദത്തെടുത്തു വളർത്തുന്ന കേന്ദ്രങ്ങൾ ഉണ്ട്. ഹിന്ദു മാതാപിതാക്കൾക്ക് അവരുടെ ബന്ധത്തിലുള്ളവർക്ക്‌ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കൊടുക്കാം.

6)1098 : ചൈൽഡ് ലൈൻ :
കുട്ടികളുമായി ബന്ധപ്പെട്ട എന്തു വിഷയവും ഇവിടെ വിളിച്ചു പറയാം. വഴിയിൽ ഉപേക്ഷിക്കപ്പെട്ടതോ, ഉപദ്രവിക്കപ്പെട്ടതോ, ആവശ്യമില്ലാതെ തള്ളിക്കളഞ്ഞതോ ആയ കുട്ടികളെ കുറിച്ചോ അവർ നേരിടുന്ന മാനസിക, ശാരീരിക, സാമൂഹിക പീഡങ്ങളെകുറിച്ചോ കുട്ടികൾക്കും , മാതാ പിതാക്കൾക്കും വിളിച്ചു പറഞ്ഞു സഹായം നേടാം.

7) Foster Care:
താൽകാലികമായി മാറ്റി താമസിപ്പിക്കാനുള്ള സംവിധാനം വീടുകളിലും, ഗവൺമെന്റ് റെസിഡൻഷ്യൽ സ്കൂളുകളും ഉണ്ട്.
നമുക്കും കൈകോർക്കാം അവർക്കായി. ഓൺലൈനിൽ അല്ലെങ്കിൽ ജില്ലയിലെ DCPO (ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്/ഓഫീസുകൾ ) ആയി ബന്ധപ്പെട്ടാൽ ഈ സോഷ്യൽ മീഡിയയിൽ ഘോര ഘോരം പ്രസംഗിക്കുന്ന ആർക്കും ഫോസ്റ്റർ മാതാ പിതാക്കൾ ആകാം. കുറച്ചു സമയത്തേക്കെങ്കിലും കുറച്ചു കുഞ്ഞുങ്ങൾക്ക് നല്ല ജീവിതം നൽകാം.

കുട്ടികളുടെ ജീവനെടുക്കുന്ന വാർത്ത ഇനിയൊരിക്കൽ കൂടി കേൾക്കേണ്ട ദുർഗതി വരാതിരിക്കട്ടെ. പിടഞ്ഞ്‌ തീരുന്ന പിഞ്ചുമക്കളുടെ നിലവിളിയോർത്ത്‌ ഇനിയൊരിക്കൽ കൂടി ഉറക്കം ഞെട്ടിയുണരേണ്ട അവസ്‌ഥയും വന്നണയാതിരിക്കട്ടെ…

നീറുന്ന നെഞ്ചകത്തോടെ,
ഒരമ്മ.

https://www.facebook.com/shimnazeez/posts/10157434770052755

shortlink

Related Articles

Post Your Comments

Related Articles


Back to top button