CinemaMollywoodLatest News

ഓര്‍മ്മകളിലെ അമ്പിളിച്ചേട്ടന്‍; വൈറലായി സംവിധായകന്‍ പി. ജി പ്രേംലാലിന്റെ കുറിപ്പ്

നടന്‍ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംവിധായകന്‍ പി.ജി പ്രേംലാല്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ജഗതി ശ്രീകുമാറുമായുള്ള സൗഹൃദവും ആത്മബന്ധവും ഒക്കെ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇന്ത്യന്‍ പനോരമയിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച പ്രേംലാലിന്റെ ആത്മകഥ എന്ന സിനിമയില്‍ ജഗതിയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മളും ഇതിലുണ്ട്.

പ്രേംലാലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആത്മകഥ’യുടെ ഷൂട്ടിങ് കുട്ടിക്കാനത്തായിരുന്നു. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രമായ പുന്നൂസച്ചനെ അവതരിപ്പിക്കാന്‍ അമ്പിളിച്ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) എത്തിയത് രണ്ടാഴ്ച കഴിഞ്ഞാണ്. നാലേ നാലു ദിവസത്തെ ഡേറ്റ്! ചേട്ടന്റെ ആദ്യരംഗം ചിത്രീകരിക്കുമ്പോള്‍ അഭിനയത്തെ സംബന്ധിച്ച് എനിക്ക് ഒരു ‘ഇടപെടല്‍’ നടത്തേണ്ടി വന്നു. അതിന്റെയൊരു പശ്ചാത്തലം പറയേണ്ടതുണ്ട് എന്നു തോന്നുന്നു.

സംവിധാനസഹായിയായി പ്രവര്‍ത്തിക്കുമ്പോള്‍ നടന്മാരോട് പ്രത്യേകിച്ച് സീനിയര്‍ നടന്മാരോട് സവിശേഷമായ ഭയഭക്തിബഹുമാനങ്ങള്‍ നമ്മുടെയുള്ളില്‍ രൂപപ്പെടും. പിന്നീട് സ്വതന്ത്രസംവിധായകനാകുമ്പോള്‍ റീടേക്കുകളോ മറ്റോ ആവശ്യമായി തോന്നിയാല്‍ അത് സീനിയര്‍ നടനോട് ആവശ്യപ്പെടാന്‍ അല്പം പേടി കലര്‍ന്ന ഒരു മടി നമ്മളെ തടഞ്ഞെന്നു വരാം (പല സെറ്റുകളിലും അത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്). എന്നാല്‍, സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലാത്തതു കൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു വിഷയം ഉണ്ടായിരുന്നില്ല. അതിനാല്‍, ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ശ്രീനിയേട്ടനെപ്പോലൊരു നടന്റെ തോളില്‍ കയ്യിട്ടുനില്‍ക്കാന്‍ ആദ്യ ദിവസം തന്നെ കഴിഞ്ഞിരുന്നു.

പുന്നൂസച്ചന്‍ താന്‍ ആദ്യമായി കൊച്ചുബേബിയെ കണ്ടുമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ജയിംസച്ചനോട് പറയുന്ന രംഗമാണ് അമ്പിളിച്ചേട്ടനെ വെച്ച് ആദ്യം ഷൂട്ടു ചെയ്തത്. ‘ഒരു നാലു കൊല്ലം മുമ്പാ ഞാനവനെ ആദ്യമായിട്ട് കാണുന്നെ! തെള്ളകം പള്ളീലെ പെരുന്നാളിന്റെയന്ന്..! ‘. ചേട്ടന്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍ ഒരു നാടകച്ചുവ മണത്തു. കാര്യം പറഞ്ഞപ്പോള്‍ ‘അങ്ങനെയൊരു കുഴപ്പമുണ്ടോ?’ എന്ന് അമ്പിളിച്ചേട്ടന് സംശയം. ‘ഉണ്ട്’ എന്ന് ഉറപ്പിച്ചു പറഞ്ഞു. അടുത്ത ടേക്ക്.. ഇപ്രാവശ്യം അഭിനയം കുറച്ചു താഴെപ്പോയി എന്നാണ് തോന്നിയത്. അതും തുറന്നുപറഞ്ഞു. സന്ദേഹത്തോടെയെങ്കിലും അമ്പിളിച്ചേട്ടന്‍ റീടേക്കിനു തയ്യാറായി. ഇപ്രാവശ്യം ഷോട്ട് ഓക്കെയായി. അമ്പിളിച്ചേട്ടനെ വിളിച്ച് 3 ടേക്കും മോണിറ്ററില്‍ കാണിച്ചു കൊടുത്തു. ശ്രദ്ധയോടെ കണ്ടതിനുശേഷം അദ്ദേഹം എന്റെ തോളില്‍ കൈവെച്ചു പറഞ്ഞു, ‘You were right.’

അന്നു രാത്രി മഴ തുടങ്ങി. രണ്ടുനാള്‍ ക്യാമറ വയ്ക്കാന്‍ കഴിയാത്ത തരത്തില്‍ മഴ! താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ നാടന്‍ കോഴിക്കറി വയ്ക്കലും പാട്ടുമൊക്കെയായി അമ്പിളിച്ചേട്ടന്‍ കാര്യങ്ങള്‍ ഉഷാറാക്കി. എനിക്കാണെങ്കില്‍ ആധി മൂത്തു. ചേട്ടന്‍ അനുവദിച്ച നാലുദിവസങ്ങളില്‍ രണ്ടു ദിവസങ്ങള്‍ ഒലിച്ചുപോവുകയാണ്. എടുത്തു തീര്‍ക്കാനാണെങ്കില്‍ സീനുകള്‍ ബാക്കികിടക്കുന്നു..! അമ്പിളിച്ചേട്ടനോടു തന്നെ കാര്യം പറഞ്ഞു. പുള്ളിക്കാരന്‍ ആരെയൊക്കെയോ വിളിച്ചുസംസാരിച്ചു. കൊണ്ടുപോവാന്‍ മറ്റു സെറ്റുകളില്‍ നിന്നു വന്ന കാറുകള്‍ ഗസ്റ്റ്ഹൗസിനു പുറത്തു കാത്തുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ രാവും പകലും ഷൂട്ടു ചെയ്ത് ചേട്ടന്റെ രംഗങ്ങള്‍ തീര്‍ത്തു.

കുറച്ചു നാള്‍ കഴിഞ്ഞ് എറണാകുളത്ത് വിസ്മയ സ്റ്റുഡിയോയില്‍ ഡബ്ബിംഗ് തുടങ്ങി. ഏറ്റവുമൊടുവിലായാണ് അമ്പിളിച്ചേട്ടന്‍ വരുന്നത്. ‘ഹലോ’ പറഞ്ഞപ്പോള്‍ എനിക്ക് മദ്യം മണത്തു. പക്ഷേ, എന്റെ ആശങ്കകളെ ഇല്ലാതാക്കി ചേട്ടന്‍ പുഷ്പം പോലെ ഡബ്ബ് ചെയ്തു. ഡബ്ബു ചെയ്ത ഭാഗങ്ങള്‍ കാണാന്‍ വേണ്ടി കണ്‍സോളില്‍ ഇരുന്ന ചേട്ടന്‍ പറഞ്ഞു, ‘പടം തുടക്കം മുതലേയിട്ടോ. ഒരു പത്തു മിനിറ്റ് സമയമുണ്ട്’. അവിടെയിരുന്നത് പക്ഷേ രണ്ടേകാല്‍ മണിക്കൂര്‍ നേരം! ഇടയ്ക്ക് പറഞ്ഞു, ‘ഇക്കണ്ടകാലം ഒരുമിച്ചഭിനയിച്ചിട്ടും ശ്രീനിവാസന്‍ ഇത്ര നന്നായി അഭിനയിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത് ‘. അക്കാര്യം പിന്നീട് ശ്രീനിയേട്ടനോട് പറഞ്ഞപ്പോള്‍ ആ കണ്ണുകളിലുണ്ടായ അഭിമാനത്തിന്റെ തിളക്കം ഇപ്പോഴും ഓര്‍ക്കുന്നു. ഗോലിസോഡയും പാട്ടുപുസ്തകവും തറ ടിക്കറ്റുമൊക്കെയുള്ള പഴയകാല സിനിമാക്കൊട്ടകയില്‍ ‘ഓടയില്‍ നിന്ന് ‘ എന്ന സത്യന്‍മാഷുടെ സിനിമ കണ്ടുകൊണ്ടിരിക്കേ കൊച്ചുബേബിയുടെ കാഴ്ച നഷ്ടപ്പെടുന്ന രംഗം എത്തിയപ്പോള്‍ അമ്പിളിച്ചേട്ടന്‍ പറഞ്ഞു, ‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഈ സീനൊക്കെ ഉണ്ടാക്കുന്ന നൊസ്റ്റാള്‍ജിയയുടെ ഫീല്‍ എന്തുമാത്രമെന്ന് അറിയാമോ പ്രേംലാല്‍?! വളരെ നാച്വറല്‍ ആയിരിക്കുന്നു..!’

സിനിമയിറങ്ങി നാലഞ്ചു മാസം കഴിഞ്ഞു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പട്ടിക പുറത്തുവന്ന നാള്‍ ദുബായില്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മേക്കപ്പ്മാന്‍ ശ്രീജിത്ത് ഗുരുവായൂരിന്റെ ഫോണ്‍. അവന്‍ ഫോണ്‍ ആര്‍ക്കോ കൈമാറുന്നു. ‘ഹലോ.. ഞാന്‍ ജഗതി ശ്രീകുമാര്‍. Hearty congratulations. We deserve it ‘. ആ ‘we’ പ്രയോഗം ഹൃദയത്തില്‍ ഇന്നും സന്തോഷത്തോടെ കൊണ്ടുനടക്കുന്നു.

ഒന്നരവര്‍ഷം കഴിഞ്ഞു കാണും. പുതിയ സിനിമയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവിനോടും ക്യാമറാമാനോടുമൊക്കെയൊപ്പം തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ ഇരിക്കുകയാണ്. അപ്പോള്‍ ആരോ പറഞ്ഞു, താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ അമ്പിളിച്ചേട്ടന്‍ എത്തിയിരിക്കുന്നു, ഏതോ പുസ്തക പ്രകാശനം. ഞാന്‍ ആവേശത്തോടെ താഴേയ്ക്കു പോകാന്‍ ഭാവിച്ചപ്പോള്‍ ക്യാമറമാന്‍ സമീര്‍ ചോദിച്ചു, ‘എങ്ങോട്ടാ ?’

വര്‍ഷങ്ങളോളം അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നിരിക്കണം പുള്ളി ചില കാര്യങ്ങള്‍ പറഞ്ഞു. അതായത്, അമ്പിളിച്ചേട്ടന്‍ എത്രയെത്ര സിനിമകള്‍, എത്രയെത്ര സംവിധായകരോടൊപ്പം ചെയ്തിരിക്കുന്നു… എത്രയെത്ര മുഖങ്ങള്‍ അദ്ദേഹം കണ്ടുമറന്നിരിക്കുന്നു… നമ്മുടെ പരിചയം വെറും നാലുദിവസത്തെ മാത്രം! പെട്ടെന്ന് കണ്ടാല്‍… ഓര്‍മ്മ വരണമെന്നില്ല, അത് നമ്മുടെ മനസ്സിലുണ്ടാകണം!

ആവേശമടക്കി മെല്ലെ ഞങ്ങള്‍ മുറിയ്ക്കു പുറത്തിറങ്ങി. പടികളിറങ്ങിച്ചെല്ലുമ്പോള്‍ കാണാം, താഴത്തെ നിലയുടെ ഇടനാഴിയുടെ അങ്ങേയറ്റത്ത്, ആരാധകര്‍ക്കു നടുവില്‍ അമ്പിളിച്ചേട്ടന്‍. ഒരു നിമിഷം… ആകസ്മികമായി തലയുയര്‍ത്തി ചേട്ടന്‍ ഞങ്ങളെ നോക്കി. പിന്നെ, അടുത്ത നിമിഷം കൈ ഉയര്‍ത്തി, ‘ഹലോ.. പ്രേംലാല്‍ ‘ എന്നു വിളിച്ചു. നിറഞ്ഞുതുളുമ്പിയ മനസ്സോടെ അടുത്തേക്കു ചെന്നു. കൂടിനിന്നവരോടായി അദ്ദേഹം എന്നെ പരിചയപ്പെടുത്തി.. നല്ല വാക്കുകള്‍കൊണ്ട് ഹൃദയത്തെ തൊട്ടുഴിഞ്ഞു !

ഓര്‍മ്മകളില്‍ ഇങ്ങനെയൊക്കെയാണ് അമ്പിളിച്ചേട്ടന്‍..! അതുകൊണ്ടു തന്നെ അപകടത്തിനു ശേഷം നാളിതുവരെ അദ്ദേഹത്തെ പോയിക്കണ്ടിട്ടില്ല. അവിടത്തെ ഓര്‍മ്മകളുടെ തുരുത്തില്‍ ഒരു ചെറുപച്ചയായി ഞാനുമുണ്ടെന്ന തോന്നല്‍ അങ്ങനെത്തന്നെ നില്‍ക്കട്ടെ! മറിച്ചൊരനുഭവം ഏറെ വേദനിപ്പിക്കും. അതുകൊണ്ട് .. പച്ചപ്പടര്‍പ്പുകള്‍ വീണ്ടും ഇടതൂര്‍ന്ന്‌തെളിഞ്ഞുവരും വരെ കാത്തിരിക്കാനാണ് ഇഷ്ടം..!

തിലകന്‍ ചേട്ടന്‍, കുതിര വട്ടം പപ്പുച്ചേട്ടന്‍, സുകുമാരിച്ചേച്ചി… കരിയര്‍ അവസാനിക്കുമ്പോള്‍ ഈ പ്രതിഭകളെയൊന്നും എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന നിസ്സാരമല്ലാത്ത ഖേദം ബാക്കിയാകും. പക്ഷേ.. അതിനെ മറികടക്കാന്‍ അമ്പിളിച്ചേട്ടനെ ഞാന്‍ അഭിനയിപ്പിച്ചിട്ടുണ്ട് എന്ന വലിയ ആഹ്‌ളാദം കൂടെയുണ്ട്.

അനന്തേട്ടന്റെ എഴുത്ത് വായിച്ചപ്പോള്‍ എന്റെ അമ്പിളിക്കലയുടെ പ്രകാശവും പങ്കിടണമെന്നു തോന്നി. എല്ലാവരുടെയും അമ്പിളി വീണ്ടും ഉദിച്ചുയരട്ടെ!’

https://www.facebook.com/photo.php?fbid=10211344320323173&set=a.10203308821520725&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button