Latest NewsKerala

കുമ്മനത്തിന്റെ വസതിയില്‍ പുനര്‍നവയുടെ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ കിട്ടിയ ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനര്‍നവ’ യുടെ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ഡിജിപി ടി.പി ഡോ സെന്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്റെ വസതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. പര്യടനത്തിനിടെ കിട്ടിയ ഷാളുകള്‍, തോര്‍ത്തുകള്‍, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാന്‍ഡ് കര്‍ച്ചീഫ്, ടൗവ്വല്‍, തലയിണ കവര്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോഹര്‍ ബോര്‍ഡുകള്‍ ഗ്രോബാഗുകളും ക്യാരിബാഗുകളും ഫയലുകളുമായാണ് നിര്‍മ്മിക്കുന്നത്.

ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്വീകരണ പരിപാടിക്കിടെ കുമ്മനം രാജശേഖരന് കിട്ടിയത്. തുണികളുടെ കട്ടിംഗിനായി മൂന്നുപേരും സ്റ്റിച്ചിംഗിനായി പന്ത്രണ്ട് പേരുമാണുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകും. തയ്യല്‍തൊഴിലാളി മസ്ദൂര്‍ സംഘത്തിലെ പ്രവര്‍ത്തകരും കുടുംബശ്രീയിലെ പ്രവര്‍ത്തകരുമാണ് നിര്‍മ്മാണത്തിന് പിന്നില്‍. വിവിധ സന്നദ്ധ സംഘടനകള്‍ ഇതിനോടകം ബാഗുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു. ബിജെപി ചാല ഏര്യാ ജനറല്‍ സെക്രട്ടറി നടരാജ കണ്ണനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വേസ്റ്റില്‍ നിന്ന് എങ്ങനെ വെല്‍ത്ത് ഉണ്ടാക്കാം എന്നിതിന്റെ മാതൃകയാണ് പുനര്‍നവയെന്നും രാജ്യം മുഴുവന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കട്ടെയെന്നും മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏത് സാധനങ്ങളും വലിച്ചെറിയാനുള്ളതല്ല. ഉപയോഗിച്ചതിന് ശേഷം വീണ്ടും പ്രയോജനപ്പെടുത്തുന്നതാണ് നമ്മുടെ സംസ്‌കാരമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമായി മാത്രം ഇതിനെ കാണേണ്ട. പുനര്‍നവ എന്ന പേര് തന്നെ അന്വര്‍ത്ഥമാണ്. നവീകരിച്ച് പുനരുപയോഗം ചെയ്യുന്ന സംസ്‌കാരം ജനങ്ങളില്‍ വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര താരം മേനകാസുരേഷിന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നൽകിയാണ് സെൻകുമാർ പദ്ധതി ഉത്ഘാടനം ചെയ്തത്. സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍, ബോഹര്‍ മീഡിയാ ഡയറക്ടര്‍ വിജയന്‍, പയ്യന്നൂര്‍ സ്വാമികള്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ജയകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, തിരുമല അനില്‍, ഡോ. ബി വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button