Latest NewsKerala

രക്ഷിതാക്കളുടെ പൊങ്ങച്ചം തകര്‍ക്കുന്നത് കുട്ടികളുടെ അഭിരുചികള്‍; താക്കീതുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിലെ രക്ഷിതാക്കള്‍ തങ്ങളുടെ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളും അഭിരുചിയും ബലികഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ സാക്ഷരതയെന്നു പൊങ്ങച്ചം നടിക്കുന്ന കേരളത്തില്‍ കലാ കായിക മേഖലകളിലെ കുട്ടികളുടെ അഭിരുചികള്‍ ബലി കഴിക്കുന്നുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായത്തിനെതിരെ കോതമംഗലം സ്വദേശി എബിന്‍ പയസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ ഈ അഭിപ്രായ പ്രകടനം. രക്ഷിതാക്കളുടെ നിര്‍ബന്ധം താങ്ങാന്‍ വയ്യാതെ പ്രഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ കുട്ടികള്‍ നെട്ടോട്ടമോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രഫഷനല്‍ കോഴ്‌സ് പഠനം ഒരു വഴിയിലെത്തിക്കാനാവാതെ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം ഇവിടെ ഇത്രയും വര്‍ധിക്കാനുള്ള കാരണം ഇതാണ്.

ഓരോ വിഷയത്തിലും 10 മാര്‍ക്കാണു മിനിമം യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചതില്‍ അത്ഭുതമുണ്ട്. 4 മാര്‍ക്ക് വീതമുള്ള 120 ചോദ്യങ്ങളാണ് ഓരോ വിഷയത്തിലുമുള്ളത്. തെറ്റായ ഉത്തരത്തിന് 1 നെഗറ്റീവ് മാര്‍ക്കുണ്ട്. ആകെയുള്ള 120 ചോദ്യങ്ങളില്‍ 80 എണ്ണം ഉത്തരമെഴുതിയ കുട്ടിയുടെ 62 ഉത്തരങ്ങള്‍ തെറ്റായാലും മിനിമം യോഗ്യതാ മാര്‍ക്ക് നേടാനാവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 18 ചോദ്യങ്ങള്‍ക്കു ശരിയുത്തരമെഴുതിയാല്‍ 72 മാര്‍ക്ക് ലഭിക്കും. തെറ്റായ ഉത്തരങ്ങള്‍ക്കുള്ള 62 നെഗറ്റീവ് മാര്‍ക്ക് കുറച്ചാലും 10 മാര്‍ക്ക് നേടാനാകും. മിനിമം യോഗ്യതയായ 10 മാര്‍ക്ക് നേടുന്ന കുട്ടികള്‍ പിന്നീടു സിലബസനുസരിച്ചു പഠിക്കാനാകാതെ വരുന്നതോടെ പഠനം ഉപേക്ഷിക്കുമെന്നും കോടതി വ്യക്തമാക്കുന്നു. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ മേഖല ശക്തമാണ്. ഓരോ വിഷയത്തിനും മിനിമം വേണ്ട 10 മാര്‍ക്ക് പോലും നേടാനാകാത്ത വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ചു പഠിക്കാന്‍ അനുവദിക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്കു യോഗ്യതാ മാര്‍ക്കില്ലെങ്കില്‍ പോലും പ്രവേശനം ലഭിക്കുന്ന സാഹചര്യമുള്ളതു വിവേചനമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. കൂടാതെ പകുതി സീറ്റില്‍ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുമ്പോള്‍ കോളജിന്റെ നടത്തിപ്പു ചെലവിനായി ഉയര്‍ന്ന ഫീസ് ഈടാക്കിയാണു മാനേജ്‌മെന്റ് ക്വോട്ടയില്‍ എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്നത്. ഇതു വിവേചനമായി കണക്കാക്കേണ്ട. മെറിറ്റ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തി ഉയര്‍ന്ന ഫീസ് മാത്രം ലക്ഷ്യമിട്ടു പ്രവേശനം തുടര്‍ന്നാല്‍ വിദ്യാഭ്യാസം കച്ചവടമാത്രമാകുമെന്നും കോടത് ചൂണ്ടിക്കാട്ടി.

പ്രവേശന പരീക്ഷ സീറ്റു നിറയ്ക്കാനുള്ള വഴിയായി കാണരുത്. പ്രഫഷനല്‍ വിഷയങ്ങള്‍ നന്നായി പഠിക്കാന്‍ കഴിവുള്ള കുട്ടികള്‍ തന്നെയാണു പ്രവേശനം നേടേണ്ടത്. ഇവര്‍ മികച്ച പ്രഫഷനലുകളാകുമെന്ന് ഉറപ്പാക്കാനും കഴിയണം. വര്‍ഷങ്ങളായി മത്സരപ്പരീക്ഷകള്‍ നടത്തിയുള്ള പരിചയവും വിദഗ്ധ ഉപദേശവും കണക്കിലെടുത്താണ് എന്‍ട്രന്‍സ് കമ്മിഷണര്‍ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. തൊഴിലില്ലാത്ത എന്‍ജിനീയര്‍മാരെയും ചികിത്സയ്ക്കു വേണ്ടി സമീപിക്കാന്‍ കഴിയാത്ത ഡോക്ടര്‍മാരെയും അതു സൃഷ്ടിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button