Latest NewsKerala

ജലജന്യരോഗങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം

മെയ് 11നും, 12നും മഹാ ശുചീകരണം

കണ്ണൂര്‍ : കാലവര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് 11, 12 തീയതികളില്‍ സംസ്ഥാനത്ത് നടക്കുന്ന മഹാശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്നത് വിപുലമായ പരിപാടികള്‍. മഴക്കാലപൂര്‍വ്വ ശുചീകരണം വിജയിപ്പിക്കുന്നതിനായി കൈക്കൊള്ളേണ്ട നടപടികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രൂപം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിലായിരുന്നു യോഗം.

എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യം വകുപ്പിന്റെയും നേതൃത്വത്തില്‍ ത്വരിതഗതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കുന്നതെന്ന് യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണവും ബഹുജന പങ്കാളിത്തവും ഉറപ്പ് വരുത്തി സര്‍ക്കാറിന്റെ ‘ആരോഗ്യ ജാഗ്രത പ്രതിദിനം പ്രതിരോധം’ എന്ന ആശയം പൂര്‍ണ്ണമായി നടപ്പാക്കുകയും ജലജന്യ രോഗങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുകയുമാണ് ലക്ഷ്യം.

ഇതിനായിവരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേരും. മണ്ഡലം തലത്തിലും തുടര്‍ന്ന് തദ്ദേശ സ്ഥാപനം, വാര്‍ഡ് തലങ്ങളിലും യോഗങ്ങള്‍ നടക്കും. വാര്‍ഡ് തലങ്ങളിലുള്ള സാനിറ്റേഷന്‍ സമിതികള്‍ പുനരുജ്ജീവിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ഓരോ വാര്‍ഡുകളിലെയും 50 വീടുകളുടെ ചുമതല ഒരു സ്‌ക്വാഡിന് എന്ന രീതിയില്‍ ആരോഗ്യ സേന രൂപീകരിക്കണം. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരെ ആരോഗ്യ സേനകളില്‍ അംഗങ്ങളാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലായിരിക്കും വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മറ്റികളുടെയും ആരോഗ്യ സേനകളുടെയും പ്രവര്‍ത്തനം.

ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ശുചീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ പരിശോധന നടത്തും. മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേരും. ഉറവിട മാലിന്യ സംസ്‌കരണം കര്‍ശനമായി നടപ്പാക്കാനും പരിസരങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം നിര്‍ദ്ദേശിച്ചു.

എം എല്‍ എ മാരായ ടി വി രാജേഷ്, എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സെക്രട്ടറി വി ചന്ദ്രന്‍, ആര്‍ദ്രം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.സി കെ ജഗദീശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം കെ ഷാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button