Latest NewsIndiaInternational

ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ സംഹാര താണ്ഡവമാടുന്നു, 15 മരണം, അഞ്ച് ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

മുന്‍കരുതലെന്ന നിലയില്‍ അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ധാക്ക: ഒഡീഷയിലും ബംഗാളിലും വന്‍നാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15 പേര്‍ മരിച്ചതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ 12ഉം 7ഉം വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി മിന്നലേറ്റാണ് ബംഗ്ലാദേശില്‍ കൂടുതല്‍ പേരും കൊലപ്പെട്ടത്. മുന്‍കരുതലെന്ന നിലയില്‍ അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് നാലുമണിവരെ ഫോനിയുടെ സാന്നിധ്യം ബംഗ്ലാദേശിലുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ഷംസുദ്ദീന്‍ അഹമ്മദ് അറിയിച്ചു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ധാക്കയില്‍ വീശിയ ഏറ്റവും ശക്തമായ കാറ്റാണ് ഫോനി.ബംഗാളില്‍ കനത്ത മഴയും ഇടി മിന്നലും തുടരുകയാണ്. ബംഗാളില്‍ ഈസ്റ്റ് മേദിനിപൂര്‍, വെസ്റ്റ് മേദിനിപൂര്‍, നോര്‍ത്ത് 24 പര്‍ഗാനസ്, ഹൗറ, ഹൂഗ്ലി, ജാര്‍ഗാം, കൊല്‍ക്കത്ത എന്നീ പ്രദേശങ്ങളെ ഫോനി ബാധിക്കുമെന്നാണ് വിവരം.

കൊല്‍ക്കത്തയില്‍ നിന്നുള്ള 200ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ഉച്ചയോടെ പുന:സ്ഥാപിച്ചു. ഫോനിയുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു. ഒ.എന്‍.ജി.സിയുടെ എണ്ണകിണറുകളില്‍ നിന്നും 500 ജീവനക്കാരെ മാറ്റി. കൊല്‍ക്കത്ത – ചെന്നൈ പാതയിലെ 200 ലധികം ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ബംഗാളിലെ തീര പ്രദേശങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button