KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യശ്രമം; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതാണെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വിദ്യാര്‍ത്ഥിഥിനിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ നേതാക്കളുടെ നിരന്തര ശല്യത്തില്‍ പഠനം മുടങ്ങുന്നതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പായി എഴുതിവച്ചാണ് വിദ്യാര്‍ത്ഥിനി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ടായെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കാരണക്കാര്‍ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും കോളേജ് പ്രിന്‍സിപ്പലും ആണെന്നും പെണ്‍കുട്ടി കുറിപ്പില്‍ ആരോപിച്ചിരുന്നു. അദ്ധ്യാപകരെയും അതിരൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് മൊഴിയെടുത്തപ്പോള്‍ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് പറഞ്ഞതോടെ അവര്‍ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ആത്മഹത്യാശ്രമം നടന്നത് കന്റോണ്‍മന്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി അവിടെ വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു. ഇന്ന് മൊഴിയെടുക്കുമ്പോള്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ പോലും ഈ വ്യക്തികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാമെന്നാണ് നിയമോപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button