Latest NewsLife StyleHealth & Fitness

ഇന്ന് ലോക ചിരിദിനം : ആദ്യ ചിരിദിനത്തിന്റെ ചില ഓര്‍മ്മകള്‍

വിഷമങ്ങളെല്ലാം മാറ്റിവെച്ച് എല്ലാവര്‍ക്കും മനസ് തുറന്ന് ചിരിക്കാനുള്ള ദിനമാണ് ഇന്ന്. ലോക ചിരിദിനം. മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ സവിശേഷതയാണ് ചിരിക്കാനുള്ള കഴിവ്. മനുഷ്യ വര്‍ഗ്ഗത്തിന്റെ ഏറ്റവും ഫലപ്രദമായ ആയുധം ചിരിയാണെന്ന് മാര്‍ക്ക് ട്വയിന്‍ പറഞ്ഞിട്ടുണ്ട്. ലോക ചിരിദിനത്തിന് തുടക്കമിട്ടത് ഒരു ഇന്ത്യക്കാരനാണ് ഡോ.മദന്‍ കട്ടാരിയ. 1998 ജനുവരി പത്തിനു ബോംബയിലാണ് അദ്ദേഹം ലോക ചിരിദിനത്തിന് തുടക്കമിട്ടത്. വാസ്തവത്തില്‍ ഇതൊരു യോഗ ചികിത്സാ പ്രസ്ഥാനമായിരുന്നു.

ചിരി ശുഭസൂചകമായി ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്. ഏതൊരു സംഭവത്തെയും ചിരിച്ചുകൊണ്ട് നേരിടാനായാല്‍ അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നതായിരുന്നു ഡോ കട്ടാരിയയുടെ പഠനം. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. ചിരി ഏറ്റവും നല്ല വ്യായാമമാണ് എന്നു പറഞ്ഞത് ഹ്യൂഫെലാങ്ങ് ആണ്. എന്നാല്‍ ജീവിതത്തില്‍ തിരക്കും മാനസിക സമ്മര്‍ദ്ദങ്ങളും നിറഞ്ഞ ഇക്കാലത്ത് ചിരിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും സമയമില്ല.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ചിരിയെ കുറിച്ച് ഓര്‍ക്കാനും നഷ്ടമായ ചിരിയെ വീണ്ടെടുക്കാനുമായി ഒരു ദിനം ആചരിക്കുന്നത് ഉചിതം തന്നെയാണ്. സന്തോഷമുള്ളപ്പോള്‍ ചിരിക്കുക എന്നത് നമുക്കറിവുള്ള കാര്യമാണ് എന്നാല്‍ ചിരിച്ച് സന്തോഷമുണ്ടാക്കുക എന്നതാണ് ചിരിചികിത്സയുടെ പ്രഥമതത്വം.ഒരു മിനിട്ട് ഉള്ളു തുറന്നു ചിരിച്ചാല്‍ 9 മിനിട്ട് വഞ്ചി തുഴയുന്നതിന് തുല്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒരിക്കലും ചിരിക്കാത്ത ദിവസം പൂര്‍ണ്ണ നഷ്ടമാണെന്ന ചാംഫോര്‍ട്ടിന്റെ വാക്കുകള്‍ നമുക്ക് ഓര്‍മ്മിക്കാം, ഒന്നുറക്കെ ചിരിക്കാം.

അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികനു സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രാചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.

shortlink

Post Your Comments


Back to top button