KeralaLatest News

വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും നിരാശ; സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഈ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവ്ശനമില്ല

പത്തനംതിട്ട: കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആയെങ്കിലും കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം ഇക്കുറിയും ഉണ്ടാകില്ലെന്നുറപ്പായി. ഇടുക്കി മെഡിക്കല്‍ കോളേജിലെ 50 സീറ്റുകളില്‍ പ്രവേശനം അനുവദിക്കുന്നതിന് അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തെങ്കിലും കോന്നിയെ ഇനിയും പരിഗണിച്ചില്ല.

പൂര്‍ണമായും പണി തീര്‍ന്ന അക്കാദമിക് ബ്ലോക്ക് 300 കിടക്കകളോട് കൂടിയ ആശുപത്രി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒരുങ്ങി. എന്നാല്‍ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണ്. ഇടുക്കിയില്‍ നേരത്തെയുണ്ടായിരുന്ന 50 എംബിബിഎസ് സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിന് അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തീരുമാനമെടുത്തെങ്കിലും കോന്നിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല.

മെഡിക്കല്‍ കോളേജില്‍ നിയമിച്ചിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ അക്കാദമിക് ബ്ലോക്കും ആശുപത്രിയും പൂര്‍ത്തിയാകാത്തതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ആണ് കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം നടത്തിയത്. നബാര്‍ഡില്‍ നിന്ന് 142 കോടിയും ബജറ്റ് വിഹിതമായി 25 കോടിയും കോന്നി മെഡിക്കല്‍ കോളേജിന് അനുവദിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോന്നിയില്‍ 100 സീറ്റുകളിലേക്ക് പ്രവേശനാനുമതി തേടി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കുകയും ചെയ്തിരുന്നു. കോന്നി മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button