Latest NewsIndiaElection 2019

മോദിയുടെ രണ്ടാം വരവിനെ ആശങ്കയോടെ കാണുന്നത് ഈ രണ്ടു മുന്നണി സർക്കാരുകൾ

കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പും ബിജെപിയിലേക്കുള്ള എംഎൽഎ മാരുടെ കൂറുമാറ്റവും ഇവിടെ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ മോദിക്ക് വീണ്ടും രണ്ടാം ഊഴം ലഭിച്ചാല്‍ ഈ രണ്ടു സർക്കാരുകൾക്ക് നിലനിൽപ്പ് തന്നെ ഇല്ലാതാവും.കേന്ദ്രത്തില്‍ ഇനി വരുന്ന ഭരണകൂടത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും ഈ രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ആയുസ്സ് തന്നെ.കര്‍ണ്ണാടകയില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് സര്‍ക്കാർ വോട്ടെണ്ണൽ കഴിയുന്നതോടെ മുന്നോട്ടോ പിന്നോട്ടോ എന്ന നിലയിലെത്തും.ജെ.ഡി.എസ് നേതാവും മുഖ്യമന്ത്രിയുമായ കുമരസ്വാമിയുമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പും ബിജെപിയിലേക്കുള്ള എംഎൽഎ മാരുടെ കൂറുമാറ്റവും ഇവിടെ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

തനിക്ക് മടുത്തെന്ന് കുമരസ്വാമി തന്നെ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ വകവയ്ക്കാത്തതിലാണ് മുഖ്യമന്ത്രിയുടെ രോഷം. 80 അംഗങ്ങള്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിട്ടും 37 അംഗങ്ങള്‍ മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി പദം നല്‍കേണ്ടി വന്നത് ഇപ്പോഴും സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന് ദഹിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി വരാതിരിക്കാന്‍ മാത്രമാണ് കുമരസ്വാമിയെ സഹിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. അതേസമയം സ്വന്തം പാളയത്തില്‍ നിന്നും എം.എല്‍.എമാര്‍ കൊഴിഞ്ഞ് പോകുന്നതില്‍ പാര്‍ട്ടി ഹൈക്കമാന്റും ആശങ്കയിലാണ്.

ഇതുവരെ 4 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പി പാളയത്തിലെത്തിയത്. ബിജെപിക്ക് കര്‍ണ്ണാടക നിയമസഭയില്‍ 104 അംഗങ്ങളാണുള്ളത്.കേന്ദ്രത്തില്‍ വീണ്ടും മോദി വന്നാല്‍ കൂടുതല്‍ എം.എല്‍.എമാര്‍ കളം മാറ്റി ചവിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.അതിന് ഇനി അധികം താമസം ഉണ്ടാകില്ലന്നും നേതൃത്വം കരുതുന്നു. ആശങ്കയോടെ കഴിയുന്ന മറ്റൊരു സംസ്ഥാനം നിലവില്‍ ബി.എസ്.പിയുടെ പിന്തുണയോടെ ഭരണം നടത്തുന്ന കമല്‍നാഥ് സര്‍ക്കാരാണ്. രണ്ട് എം.എല്‍.എമാരാണ് ഇവിടെ ബി.എസ്.പിക്ക് ഉള്ളത്. ഇവരെ കൂടെ നിര്‍ത്താന്‍ ഇതിനകം തന്നെ ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്.

കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ മായാവതി തന്നെ മോദിയെ പിന്തുണക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥി ലോകേന്ദ്ര സിംഗ് രാജ്പുത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സംഭവം ഇവിടെ ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ 109 സീറ്റ് ബി.ജെ.പിക്ക് നിലവിലുണ്ട്. കോണ്‍ഗ്രസ്സിന് 114 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷമായ 116 തികക്കാന്‍ ബി.എസ്.പിയുടെയും ചില സ്വതന്ത്രരുടെയും പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാറിന് തുണയായിരുന്നത്.

ബി.എസ്.പിയേയും സ്വതന്ത്ര എം.എല്‍.എമാരേയും ചില കോണ്‍ഗ്രസ് എം.എല്‍.എമാരേയും വരുതിയിലാക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമം.മായാവതി തന്നെ കോണ്‍ഗ്രസ്സ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ റാഞ്ചിയതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മധ്യപ്രദേശിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ബി.എസ്.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ അധികം താമസിയാതെ മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകള്‍ നിലംപൊത്തുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തിനും നല്ലവണ്ണം ബോധ്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button