
തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം. ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്‍റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.
10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേ സമയം ഇളയസഹോദരനെ അച്ഛന്‍റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു നൽകി . ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിര്‍ദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്‍റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.
Post Your Comments