Latest NewsKerala

മലയാളികളുടെ ഐ.എസ് റിക്രൂട്ട്‌മെന്റ് ; മൂന്ന് പേര്‍കൂടി പ്രതിപട്ടികയിലേക്ക്

കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേക്കു മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ 3 പേരെക്കൂടി പ്രതിചേര്‍ത്തു. സംഭവത്തിനു ശേഷം ഖത്തറിലേക്കു കടന്ന ഓച്ചിറ ചങ്ങന്‍കുളങ്ങര വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ (അബു മര്‍വാന്‍ അല്‍ ഹിന്ദി 29), കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ പി.എ. അബൂബക്കര്‍ സിദ്ദിഖ് (അബു ഈസ28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന്‍ മന്‍സിലില്‍ അഹമ്മദ് അറഫാത്ത് എന്നിവരാണ് പ്രതികള്‍. ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രണ ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശി റിയാസ് അബൂബക്കറില്‍നിന്നാണു മുഹമ്മദ് ഫൈസലിനെകുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്ന് എന്‍ഐഎ സംഘം ചങ്ങന്‍കുളങ്ങരയിലെ വീട്ടിലെത്തി പരിശോധന നടത്തി.

ഒന്നര മാസം മുന്‍പാണ് മുഹമ്മദ് ഫൈസല്‍ ഖത്തറില്‍ എത്തിയത്. ജോലി ലഭിക്കാത്തതുകൊണ്ടു ബന്ധുവിന്റെ ഫ്‌ലാറ്റിലാണ് താമസം. 5 മുതല്‍ 10 വരെ ജിദ്ദയിലെ സ്‌കൂളില്‍ പഠിച്ച ഇയാള്‍ പിന്നീട് കൊല്ലത്തു നിന്ന് എന്‍ജിനീയറിങ്ങും തിരുവനന്തപുരത്തു നിന്നു ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടാണു ഖത്തറിലേക്കു പോയത്. ഇടയ്ക്കു കൊച്ചിയിലും തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഫൈസലിന്റെ പിതാവ് വര്‍ഷങ്ങളായി വിദേശത്താണ്. അറസ്റ്റിലായ 4 പേരും 18 മുതല്‍ 21 വരെയുള്ള പ്രതികളാണ്. ഇതേ കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാലക്കാട് അക്ഷയ നഗര്‍ റിയാസ് അബൂബക്കറിനെ (29) കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഐഎ കോടതി ഈ മാസം 10 വരെ അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ നല്‍കി.

കേസിലെ 8ാം പ്രതി ഫിറോസ് ഖാന്‍ സിറിയയില്‍ നിന്നു സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിട്ടു ബന്ധപ്പെട്ടു ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിക്കുന്നതായും എന്‍ഐഎ ബോധിപ്പിച്ചു. റിയാസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികളുടെ വീടുകളില്‍ ഏപ്രില്‍ 28 നു നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, എയര്‍ഗണ്‍, സ്വകാര്യ ഡയറികള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ സ്വാധീനത്തില്‍ ഇവര്‍ തമ്മില്‍ 2018 സെപ്റ്റംബര്‍ മുതല്‍ ആശയവിനിമയമുണ്ട്. കാസര്‍കോട്ടും പാലക്കാട്ടുമുള്ള യുവാക്കളെ രാജ്യാന്തര ഭീകരസംഘടനയില്‍ ചേര്‍ക്കാനും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും അബ്ദുല്‍ റാഷിദ് നിരന്തരം പ്രേരിപ്പിച്ചിരുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button