KeralaLatest NewsIndia

ദേശീയപാതാ അതോറിറ്റി പണിയേണ്ടിയിരുന്ന പാലാരിവട്ടം പാലം സംസ്ഥാനസര്‍ക്കാര്‍ നിർമ്മിച്ചു,47 കോടി നല്‍കി കളിച്ചത് ജീവന്‍ വച്ച്‌!

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് പാലനിര്‍മാണം ത്വരിതഗതിയില്‍ തീര്‍ക്കാന്‍ ശ്രമിച്ചു.

കൊച്ചി: നഗരമധ്യത്തില്‍ എപ്പോള്‍ ഇടിഞ്ഞു വീഴുമെന്നറിയാതെ ജനങ്ങളുടെ ജീവൻ വെച്ച് കളിച്ചു കൊണ്ട് ഒരു പാലം. 2014 ല്‍ പണി തുടങ്ങി, 2016 ല്‍ ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ പണം കൊടുത്തു തീരും മുന്നേ പാലം തകര്‍ന്നു.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 47.71 കോടി രൂപ നല്‍കിയാണ് മേല്‍പാല നിര്‍മാണത്തിന് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുന്നത്. അവ‍ര്‍ പാലം രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും കിറ്റ്‍കോ ഏജന്‍സിയെ ചുമതലപ്പെടുത്തി. ആര്‍ഡിഎസ് എന്ന ഗുജറാത്ത് ആസ്ഥാനമായ കമ്പനിയ്ക്ക് നിര്‍മാണക്കരാറും കൊടുത്തു.

ഈ കമ്പനി രണ്ടര വര്‍ഷം കൊണ്ട് നിര്‍മിച്ചു കൊടുത്ത പാലമാണിപ്പോള്‍ പൊളിഞ്ഞു കിടക്കുന്നത്. മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം പാലം പരിശോധിച്ചിട്ട് പറഞ്ഞത് ഗുരുതരമായ പിശക് നിര്‍മാണത്തില്‍ സംഭവിച്ചുവെന്നാണ്. രൂപകല്‍പന തൊട്ട്, പൈലിംഗ് മുതല്‍, തൂണ് ഉറപ്പിക്കുന്നത് വരെ ശരിയായ രീതിയിലായിരുന്നില്ല.

ദേശീയപാതാ അതോറിറ്റിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പാലം പണിയേണ്ടിയിരുന്നത്. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ ഈ പാലത്തിന്‍റെ നിര്‍മാണം ഏറ്റെടുത്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് പാലനിര്‍മാണം ത്വരിതഗതിയില്‍ തീര്‍ക്കാന്‍ ശ്രമിച്ചു. ഏതാണ്ട് 95 ശതമാനം പണിയും തീര്‍ത്തു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പാലം ഉദ്ഘാടനം ചെയ്ത് യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തു.റിവ്യൂ യോഗവും പരിശോധനയും അടക്കം കിറ്റ്കോ മുന്‍കൈ എടുത്ത് പാലനിര്‍മാണത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടിയിരുന്നു. 47 കോടി രൂപയില്‍ 37 കോടി രൂപ കരാറുകാരന് കൊടുത്ത് കഴിഞ്ഞു. എന്നിട്ടും ഇത്ര ഗുരുതരമായ പ്രശ്നം കേവലം രണ്ട് വ‍ര്‍ഷം കൊണ്ടുണ്ടായെങ്കില്‍ വലിയ പിഴവ് തന്നെയാണ് നി‍ര്‍മാണത്തില്‍ സംഭവിച്ചതെന്നുറപ്പിക്കാം.

അശാസ്ത്രീയമായ ഡിസൈന്‍ അംഗീകരിച്ചതില്‍ വീഴ്ച പറ്റി, അമേരിക്കന്‍ ടെക്നോളജി സാങ്കേതിക ഉപയോഗിച്ചുള്ള മേല്‍പ്പാലത്തിനും തൂണിനുമിടയിലുള്ള ബെയറിംഗ് ഉറപ്പിച്ചതില്‍ പാളിച്ചയുമുണ്ടായി. എന്നാലത് കണ്ടുപിടിക്കാന്‍ കിറ്റ്കോയ്ക്കോ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പറേഷനോ സാധിച്ചതുമില്ല.ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. എറണാകുളം സ്പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റകോയുടെ നിലപാട്. പ്രാഥമിക തലത്തില്‍ പ്രശ്നം പരിഹരിക്കേണ്ടിയിരുന്ന കിറ്റ്കോ പോലും കണ്ണടച്ചെന്ന് മന്ത്രി ജി സുധാകരനും വിമര്‍ശനം ഉന്നയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിന് കിറ്റ്കോ ഉടന്‍ നടപടിയെടുക്കുന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button