Latest NewsGulf

തൊഴില്‍ തട്ടിപ്പ്; ദുബായില്‍ കാണാതായ വീട്ടമ്മ നാട്ടില്‍ തിരികെയെത്തി

തിരുവനന്തപുരം: വീട്ട് ജോലിക്കായി വിദേശത്തുപോയി തൊഴില്‍ തട്ടിപ്പിന് ഇരയായ സുനിത നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുനിത എത്തിയത്. വിമാനത്താവളത്തില്‍ മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവരെത്തിയിരുന്നു.

ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നതിനിടെയായിരുന്നു മാര്‍ച്ച് മൂന്നാം തിയതി മുളവന മുക്കൂട് പുത്തന്‍വിള വീട്ടില്‍ സുനിതയെ ഏജന്റ് ദുബായിലേക്ക് വീട്ടു ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയത്. പിന്നീട് അവിടെനിന്ന് ഒമാനിലേക്ക് കൂടിയ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി. തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ സുനിതയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇതേ തുടര്‍ന്ന് സുനിതയുടെ മക്കളായ ശ്രീലക്ഷ്മി (19)യും പ്ലസ് ടു വിദ്യാര്‍ഥിനി സീതാലക്ഷ്മിയും ഒന്‍പതാം ക്ലാസുകാരന്‍ അനന്തുവും ഒരാഴ്ച്ചയായി അമ്മയുടെ വിവരമൊന്നുമില്ലാതെ വിഷമത്തിലായിരുന്നു. അമ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

ദുബായില്‍ നിന്ന് സുനിതയെ ഇസ്മായേല്‍ എന്നയാള്‍ ഒമാനിലേക്ക് കൊണ്ടുപോയതായാണ് കുട്ടികള്‍ പറഞ്ഞത്. അവിടെ നാല് വീടുകളില്‍ ജോലി ചെയ്തു. പിന്നീട് സിറാജ് എന്നയാളുടെ ഓഫീസില്‍ തടങ്കലിലാക്കിയതായും വെള്ളവും ഭക്ഷണവും നല്‍കാതെ കഷ്ടപ്പെടുത്തുന്നതായും സുനിത മക്കളെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് അമ്മയുടെ ഫോണ്‍ വിളികള്‍ ഉണ്ടായിട്ടില്ലെന്നും കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ വാടക നല്‍കാത്തതിനാല്‍ സുനിതയുടെ മക്കളെ വീട്ടുടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു.

ഒമാനില്‍ ലിവ എന്ന സ്ഥലത്ത് സ്‌പോണ്‍സര്‍ സുനിതയെ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ സുനിതയെക്കുറിച്ചുള്ള വാര്‍ത്ത കണ്ടതോടെ ഒഐസിസി നേതാക്കളായ ചന്ദ്രന്‍ കല്ലട, ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ഇടപെട്ടു. കരാറനുസരിച്ചുള്ള 1500 ഒമാന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) നല്‍കിയതോടെയാണ് സ്‌പോണ്‍സര്‍ സുനിതയെ വിട്ടയയ്ക്കാന്‍ തയ്യാറായതെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സുനിത ഒമാനിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും രാത്രി ഒമ്പത് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button