KeralaLatest NewsIndia

പാലാരിവട്ടം ബൈപാസില്‍ ഫ്‌ളൈഓവര്‍ നിര്‍മാണം സർവത്ര ക്രമക്കേട്: ദേശീയപാതാ മാനദണ്ഡം പാലിച്ചില്ല, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇതെല്ലാം ഒഴിവാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മാണ ബാധ്യത ഏറ്റെടുത്തത് ദുരൂഹമാണ്.

കൊച്ചി: എന്‍.എച്ച്‌- 66 ന്റെ ഭാഗമായ പാലാരിവട്ടംബൈപാസില്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണം നടന്നത് ദേശീയപാതാ അധികൃതരുടെ നേരിട്ടുള്ള മേല്‍നോട്ടമോ നിയന്ത്രണമോ ഇല്ലാതെ. നിര്‍മാണഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിത്തങ്ങള്‍ മറക്കുകയും ചെയ്തു. രണ്ടര വര്‍ഷമെത്തും മുൻപേ തന്നെ അപകടാവസ്ഥയിലായ ഫ്‌ളൈഓവര്‍ ബലക്ഷയം തീര്‍ത്ത് ഗതാഗത യോഗ്യമാക്കാന്‍ മൂന്നു മാസമെങ്കിലും വേണം. പാലം അടച്ചതോടെ ഗതാഗതക്കുരുക്ക് അസഹ്യമായി.ദേശീയപാതയില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുമ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

നിര്‍ദിഷ്ട പാലത്തിന് ചുറ്റും നിശ്ചിത വിസ്തൃതിയില്‍ സ്ഥലം തുറസായി ഇടണം. അതിനായി കെട്ടിടങ്ങള്‍പോലും മാറ്റേണ്ടിവന്നേക്കാം. ഇതെല്ലാം ഒഴിവാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മാണ ബാധ്യത ഏറ്റെടുത്തത് ദുരൂഹമാണ്. പല സംസ്ഥാനങ്ങളിലായി നിരവധി പാലങ്ങള്‍ നിര്‍മിച്ച്‌ പരിചയമുള്ള ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസ്. പ്രോജക്‌ട്‌സിനെയാണ് നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്. അമിതലാഭം ലക്ഷ്യമിട്ട് അലക്ഷ്യമായ നിര്‍മാണമാണു നടന്നത്. നിര്‍മാണഘട്ടത്തില്‍ എന്‍ജിനീയറിങ് മേല്‍നോട്ടം ഉണ്ടായതിന്റെ തെളിവുപോലുമില്ല.

പാലാരിവട്ടത്തെ നിര്‍മാണത്തില്‍ ഇന്ത്യന്‍ ഹൈവേ സ്റ്റാന്‍ഡേര്‍ഡ്‌സ് നിലവാരമോ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസി (ഐ.ആര്‍.സി)ന്റെ നിബന്ധനകളോ പാലിച്ചിട്ടില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എന്‍.എച്ച്‌. അധികൃതര്‍ ഈ പാലത്തിന്റെ നിര്‍മാണത്തില്‍ ശ്രദ്ധിച്ചില്ല.കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ സിമെന്റിന്റെ അളവ് കഴിയുന്നത്ര കുറച്ചതിന്റെ തെളിവ് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണത്തിനിടെ വെള്ളമൊഴിച്ച്‌ നനയ്‌ക്കേണ്ട ജോലിയും നടന്നില്ല.

ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള പണം അങ്ങനെ ലാഭിച്ചു.ഫ്‌ളൈഓവര്‍ തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം നിര്‍മാണം ഏറ്റെടുത്ത കേരള റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്റേതാണ്‌. കോര്‍പ്പറേഷന്‍ പിരിച്ചുവിടുകയാണു വേണ്ടത്‌. ദേശീയപാതയില്‍ കൈയേറ്റം നടത്തി സ്വന്തം നിലയ്‌ക്ക്‌ നിര്‍മാണത്തിനിറങ്ങിയ ഈ സ്‌ഥാപനം കേരളത്തിലെ എന്‍ജിനീയറിങ്‌ മേഖലയ്‌ക്കു നാണക്കേടാണെന്ന് ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റോഡ്‌ സേഫ്‌റ്റിഡയറക്‌ടര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button