KeralaLatest News

തൃശൂർ പൂരം: മെയ് 13, 14 തീയതികളിൽ ഇവയുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു

തൃശൂർ•തൃശൂർ പൂരം നടക്കുന്ന മെയ് 13, 14 തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം, എയർഡ്രോൺ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു. കൂടാതെ, കാഴ്ച മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്.

മെയ് 11, 12, 13, 14 ദിവസങ്ങളിൽ നീരുള്ളവയോ മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴോ മറ്റോ വിരണ്ടോടുന്നവയോ ആയ ആനകളെ തൃശൂർ നഗരത്തിനകത്ത് പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ഏതെങ്കിലും ആനയെ സംബന്ധിച്ചുള്ളതല്ല. പൊതുവായ ഉത്തരവാണ്. ഇതിന്റെ രേഖകൾ പരിശോധിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി എ.സി.എഫിനെയും വെറ്ററിനറി ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാപ്പാൻമാർ അല്ലാത്തവർ ആനകളെ കൈകാര്യം ചെയ്യരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

മെയ് 13 ന് രാവിലെ ആറ് മണി മുതൽ 14 ന് ഉച്ച രണ്ട് മണി വരെ 32 മണിക്കൂർ തൃശൂർ കോർപറേഷൻ പരിധിയിൽ എല്ലാ തരത്തിലുള്ള മദ്യവും മറ്റ് ലഹരി വസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും അബ്കാരി നിയമപ്രകാരം നിരോധിച്ച് ഉത്തരവിട്ടിട്ടുണ്ട്.

മുൻകരുതൽ എന്ന നിലയ്ക്കാണ് പൂരത്തിന് ബാഗുകൾ അനുവദിക്കാതിരിക്കുന്നത്. ജില്ലാ ആശുപത്രിയിലേക്കും ജില്ലാ സഹകരണ ആശുപത്രിയിലേക്കും പോകാൻ കഴിയുന്ന രീതിയിൽ സ്വരാജ് റൗണ്ടിലും തേക്കിൻകാടിലുമായി 12 പോയിൻറുകളിൽ ആംബുലൻസ് സൗകര്യം ഉണ്ടാവും. കുടമാറ്റത്തിന്റെ സമയത്ത് ചെമ്പോട്ട് ലെയിനിൽ പാർക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ അതിലൂടെയാണ് കടന്നുപോവുക. ഹെൽത്ത് എയ്ഡ് പോസ്റ്റും എമർജൻസി ഓപറേഷൻ സെൻററും ആംബുലൻസും കൂടാതെ ഇലഞ്ഞിത്തറ മേളത്തിന്റെ സമയത്ത് വടക്കുംനാഥ ക്ഷേത്രത്തിനകത്തും ഹെൽത്ത് എയ്ഡ് പോസ്റ്റ് ഉണ്ടാവും.

ദൂരെ നിൽക്കുന്നവർക്ക് പൂരം കാണാൻ എൽ.ഇൽ.ഡി വാളുകൾ സ്ഥാപിക്കും. ഫയർലൈനിൽനിന്ന് 100 മീറ്റർ വിട്ടുനിൽക്കണം എന്ന നിയമം പാലിക്കാൻ വേണ്ടി റൗണ്ടിൽ നിയന്ത്രണം ഏർപ്പെടുത്തും. ഫയർ ലൈനിൽനിന്ന് 100 മീറ്റർ പരിധിക്കുള്ളിൽ നിൽക്കുന്ന സ്ഥലങ്ങളിൽ റോഡിൽ നിൽക്കാൻ കഴിയില്ല. ഇതുമായി ജനങ്ങൾ സഹകരിക്കണം.
എല്ലാ വകുപ്പുകളുടെയും നോഡൽ ഓഫീസർമാർ അടക്കമുള്ള എമർജൻസി ഓപറേഷൻ സെൻറർ ഉണ്ടാവും. കുടിവെള്ളത്തിനായി വാട്ടർ കിയോസ്‌കുകൾ തൃശൂർ കോർപറേഷൻ ഒരുക്കും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ പരിശോധനകൾ നടക്കുന്നു. പോലീസിനെ സഹായിക്കാൻ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ 45 പേർ ഉണ്ട്. കൂടുതൽ പേർക്കായി ആവശ്യപ്പെടും. 12 മുതൽ 14 വരെ ടൗണിന് അകത്തേക്കും പുറത്തേക്കുമായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഉണ്ടാവും. പൂരത്തിനായി ഒരുക്കുന്ന പന്തലുകൾ ഉൾപ്പെടെ പിഡബ്ല്യുഡി ബിൽഡിംഗ്‌സ്, ഇലക്ട്രിക്കൽസ് വിഭാഗങ്ങൾ പരിശോധിച്ച് സർട്ടിഫൈ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

മാഗസിനിലേക്ക് വെടിക്കെട്ടിനുള്ള സാമഗ്രികൾ ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ട്.
മാഗസിനുകളുടെ സുരക്ഷയ്ക്കായുള്ള കമ്മിറ്റി, പൊലീസ് സുരക്ഷ, ദേവസ്വങ്ങളുടെ സ്വകാര്യ സുരക്ഷ എന്നിവയ്ക്കും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കുന്നതിനായി എ.ഡി.എമ്മിന് തിരുവമ്പാടിയുടെയും ആർ.ഡി.ഒയ്ക്ക് പാറമേക്കാവിൻെയും ചുമതല നൽകിയിട്ടുണ്ട്. ഓരോ ചടങ്ങിനും പോലീസ് ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടി കളക്ടർമാരേയും നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ടിന്റെ സമയത്തും തിരക്കുണ്ടാവുന്ന പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെ സമയത്തും തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്. ഓഫീസർ റാങ്കിലുള്ള ഇരുപതോളം പേരേയും നൂറോളം മറ്റ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. പോലീസ് ഓഫീസർമാരെ കൂടാതെ ഒഫീഷ്യൽ വളണ്ടിയർമാർക്കും ദേവസ്വം വളണ്ടിയർമാർക്കും ഡ്യൂട്ടി നിശ്ചയിച്ചു നൽകി.

മാഗസിനിൽ 2000 കിലോഗ്രാം ആണ് ഒരു സമയം ഒരു ദേവസ്വം ബോർഡിന് അനുമതി നൽകുന്ന അളവ്. വെടിമരുന്ന് സാമ്പിളുകൾ കാക്കനാട് റീജ്യനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലേക്ക് അയക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബ്ദ മലിനീകരണത്തിന് പുറമെ അന്തരീക്ഷ മലിനീകരണവും മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. രണ്ടു വർഷമായി റൗണ്ടിലുള്ള ഫയർ ഹൈഡ്രൻറുകൾ പ്രവർത്തനക്ഷമമാണെന്നും കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button