Latest NewsElection NewsIndia

‘കോൺഗ്രസ്സിന് നാൽപ്പത്തിനാല് സീറ്റ് തികച്ച് കിട്ടില്ല, പ്രാദേശിക കക്ഷികളും സർക്കാർ രൂപീകരിക്കില്ല ’; പ്രധാനമന്ത്രി

താൻ പ്രഥമ പ്രാധാന്യം കൽപ്പിച്ചത് പാവങ്ങൾക്ക് വീടുണ്ടാക്കി കൊടുക്കാനും സമ്പൂർണ വൈദ്യുതീകരണത്തിനും പാവപ്പെട്ടവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പോലെയുള്ള പദ്ധതികൾക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

റോത്തക്ക്: കേന്ദ്രത്തിൽ പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എക്കും ബിജെപിക്കും ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശക്തമായ ഒരു കേന്ദ്ര സർക്കാരിനുള്ള അടിത്തറയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.‘ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് ജനാഭിപ്രായം. എൻ ഡി എ സഖ്യകക്ഷികൾക്കും ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കും.

വ്യക്തമായ ഭൂരിപക്ഷമുള്ള സുശക്തമായ ഒരു സർക്കാർ രൂപീകരിക്കാൻ ഞങ്ങൾക്ക് സാധിക്കും. ബിജെപിക്ക് ഇപ്പോൾ മതിയായ സീറ്റുകൾ ഇല്ലാത്ത മേഖലകളിൽ പോലും ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കും. ഭാരതത്തിന്റെ എല്ലാ മൂലകളിൽ നിന്നും ഞങ്ങൾക്ക് സീറ്റുകൾ ലഭിക്കും.’ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ്സിന് ഇപ്പോഴുള്ള നാൽപ്പത്തിനാല് സീറ്റുകൾ പോലും ലഭിക്കില്ല. കാരണം ജനങ്ങൾ കോൺഗ്രസ്സിന് വോട്ട് ചെയ്യാൻ തയ്യാറല്ല. ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

യാതൊരു തെളിവുകളുമില്ലാത്ത നുണപ്രചാരണങ്ങളാണ് കോൺഗ്രസ്സ് നടത്തുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 44 സീറ്റിലും താഴെയായിരിക്കും ഇത്തവണ കോൺഗ്രസ്സിന് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.‘പരാജയം മണത്ത പ്രതിപക്ഷം ഇപ്പോഴേ ന്യായീകരണങ്ങൾ കണ്ടെത്തുകയാണ്. അതു കൊണ്ടാണ് അവർ നാഴികക്ക് നാൽപ്പത് വട്ടം വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത്.’ പ്രധാനമന്ത്രി പറഞ്ഞു.

‘തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഘട്ടങ്ങളെ വിശകലനം ചെയ്തതിൽ നിന്നും സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന് പ്രതിപക്ഷത്തിന് മനസ്സിലായി. അത് കൊണ്ടാണ് അവർ എന്നെ ആക്ഷേപിക്കുന്നത്. അവർ പരാജയത്തിന്റെ ഒരു ഭാഗം എന്റെ മേൽ കെട്ടിവെക്കുന്നു, ഒരു ഭാഗം വോട്ടിംഗ് യന്ത്രത്തിന്റെയും ഒരു ഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മേൽ കെട്ടി വെക്കുന്നു. ജനങ്ങൾ അവർക്ക് അനുകൂലമായി ചിന്തിക്കുകയില്ല എന്ന് അവർ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.’ മോദി പറഞ്ഞു.

നന്നായി കളിക്കാൻ അറിയാതെ കളി തോറ്റിട്ട് അമ്പയറെ കുറ്റം പറയുന്നതിന് സമാനമാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നയമെന്നും അദ്ദേഹം പരിഹസിച്ചു.താൻ പ്രഥമ പ്രാധാന്യം കൽപ്പിച്ചത് പാവങ്ങൾക്ക് വീടുണ്ടാക്കി കൊടുക്കാനും സമ്പൂർണ വൈദ്യുതീകരണത്തിനും പാവപ്പെട്ടവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പോലെയുള്ള പദ്ധതികൾക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുജന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ദേശിയതയെ കൂട്ടുപിടിക്കുകയാണെന്നുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. താൻ പറയുന്നതിനെ വസ്തുനിഷ്ടമായി ഖണ്ഡിക്കാൻ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button