KeralaLatest NewsIndia

ഔദ്യോഗിക വസതിയും വാഹനവും ഡ്രൈവറും ഒന്നര ലക്ഷവും പോരാ, തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നു പി.എസ്.സി. ചെയര്‍മാന്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ചെയര്‍മാന്‍ ഉന്നയിച്ച വിചിത്രമായ ആവശ്യം അനുവദിച്ചുകിട്ടാനായി പി.എസ്.സി. സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്തുനല്‍കി.

തിരുവനന്തപുരം: തന്റെ ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നു പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീറിന്റെ ആവശ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ചെയര്‍മാന്‍ ഉന്നയിച്ച വിചിത്രമായ ആവശ്യം അനുവദിച്ചുകിട്ടാനായി പി.എസ്.സി. സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്തുനല്‍കി.മറ്റു സംസ്ഥാനങ്ങളില്‍ പി.എസ്.സി. അധ്യക്ഷനെ ഔദ്യോഗിക യാത്രകളില്‍ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സര്‍ക്കാരാണു വഹിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ സംസ്ഥാന പി.എസ്.സി. ചെയര്‍മാനെ അദ്ദേഹത്തിന്റെ ഭാര്യ അനുഗമിക്കാറുണ്ട്.

എന്നാല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ, ഭാര്യയുടെ യാത്രച്ചെലവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഔദ്യോഗിക യാത്രകളില്‍ ചെയര്‍മാനൊപ്പം പോകുന്ന ഭാര്യയുടെ യാത്രച്ചെലവ് കൂടി ലഭ്യമാക്കുന്നതിനുള്ള നടപടി വേണമെന്നാണു കത്തിലെ ആവശ്യം.സംസ്ഥാന പി.എസ്.സി. അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ജീവിതപങ്കാളിക്കും ക്ഷണമുണ്ടെന്നു പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 30-നാണ് ഇക്കാര്യം ആവശ്യമായി കുറിച്ച ഫയല്‍ പി.എസ്.സി. ചെയര്‍മാന്‍ സക്കീര്‍ സെക്രട്ടറിക്കു കൈമാറിയത്. സെക്രട്ടറി അയച്ച കത്ത് പൊതുഭരണ വകുപ്പ് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്കു വിടും. തടസങ്ങളില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറലിനു ഫയല്‍ കൈമാറും. തുടര്‍ന്നാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐ.എ.എസ്. ഉദ്യോഗസ്ഥരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. പി.എസ്.സി. ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണു തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടില്‍ നിന്നു തുക അനുവദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button