KeralaNews

പി.എസ്.സിയെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പി.എസ്.സി യോഗം

 

തിരുവനന്തപുരം: പിഎസ്സിയേയും ചെയര്‍മാനെയും അപകീര്‍ത്തിപെടുത്താനും വ്യക്തിഹത്യനടത്താനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളെ തിങ്കളാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗം അപലപിച്ചു. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണ്.

പി.എസ്.സി ചെയര്‍മാന്‍മാരുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചെയര്‍മാന്റെ ഭാര്യയുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണാജനകമാണ്. വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എല്ലാ സംസ്ഥാന പി.എസ്.സികളിലെയും ചെയര്‍മാന്‍മാരുടെയും ഭാര്യമാര്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്നതാണ് പതിവ്. ജീവിത പങ്കാളി ഇത്തരത്തില്‍ ക്ഷണിക്കപ്പെടുന്നതും വാര്‍ഷിക സമ്മേളനങ്ങളില്‍ മാത്രമാണ്. കേരള പി.എസ്.സി ചെയര്‍മാന്റെ ഭാര്യ അനുഗമിക്കുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങുന്നതിന് കൃത്യമായ ഉത്തരവ് നിലവിലില്ല. അതിനാവശ്യമായ നടപടിക്കായി പി.എസ്.സിയില്‍നിന്ന് കത്തയക്കുകയാണ് മാത്രമാണ് ചെയ്തത്

അടുത്ത ദേശീയ വാര്‍ഷിക സമ്മേളനം കേരളത്തിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കൊല്ലത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഇത് ബാധകമല്ല. കഴിഞ്ഞവര്‍ഷങ്ങളില്‍ നടന്ന ദേശീയ സമ്മേളനങ്ങളില്‍ കേരള പി.എസ്.സി ചെയര്‍മാന്റെ ഭാര്യ അനുഗമിച്ചത് സ്വന്തം ചെലവില്‍ ആണ്.

യാത്രാബത്ത സംബന്ധമായി പി.എസ്.സിയുടെ സാമ്പത്തിക നടപടിക്രമങ്ങള്‍ കൂടുതല്‍ ചിട്ടപ്പെടുത്തുന്നതിന് പൊതുഭരണവകുപ്പിലേക്ക് കത്തയച്ചത് അനധികൃതമായ ആനുകൂല്യങ്ങള്‍ക്കാണെന്ന ധ്വനിയാണ് ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്. ഇത് അഴിമതിരഹിതവും സുതാര്യവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

യാത്രാച്ചെലവ് സംബന്ധിച്ച ധനവിനിയോഗം ചിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നതിനുളള അവകാശം പി.എസ്.സിക്കുണ്ട്. കൂടുതല്‍ സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും ഇത്തരം ആശയവിനിമയങ്ങള്‍ ആവശ്യമാണ്. ചെയര്‍മാന്‍ പുതിയ ഔദ്യോഗിക വാഹനം വാങ്ങി എന്ന തെറ്റായ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ത്ത ചെയര്‍മാനെ അപകീര്‍ത്തിപ്പെടുത്തി വ്യക്തിഹത്യ നടത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ്. അഴിമതിരഹിതമായ പ്രവര്‍ത്തനശൈലിയാണ് പി.എസ്.സിയുടെ മുഖമുദ്ര. അത് നിലനിര്‍ത്തുന്നതിന് വേണ്ടിയുളള നടപടികള്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് പിഎസ്‌സി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button