Latest NewsIndia

ഒരു മാസം 80 റാലികള്‍, ഒടുവില്‍ ഈ താരപ്രചാരകന്‍ അവധിയില്‍; കാരണം ഇതാണ്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് മൂര്‍ധന്യത്തിലെത്തിയപ്പോള്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് താര പ്രചാരകന്‍ നവ്‌ജ്യോത് സിങ് സിദ്ദു. തൊണ്ടയിലുണ്ടായ മുറിവിനെ തുടര്‍ന്നാണ് സിദ്ദുവിനോട് വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ഒരു മാസത്തിനകം സിദ്ദു അഭിസംബോധന ചെയ്തത് 80 റാലികളെയാണ്. ഓരോ റാലികളിലും സിദ്ധുവിന്റെ മണിക്കൂറുകള്‍ നീണ്ട പ്രസംഗവുമുണ്ടായിരുന്നു. ഇതെല്ലാമാണ് ഇപ്പോള്‍ തൊണ്ടയ്ക്ക് വിനയായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിക്കും എന്‍.ഡി.എക്കും എതിരായി പ്രതിപക്ഷത്തുനിന്നും ഉയര്‍ന്നുകേട്ട ശബ്ദമായിരുന്നു നവ്‌ജ്യോത് സിങ് സിദ്ദു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് സംസ്ഥാനങ്ങളിലായി സിദ്ദു പങ്കെടുത്തത് 70 റാലികളിലാണ്. കൂടാതെ 80 റാലികളെയും സിദ്ദു അഭിസംബോധന ചെയ്തു. സ്വനപേടകങ്ങളിലുണ്ടായ തകരാര്‍ പരിഹരിക്കപ്പെടണമെങ്കില്‍ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ചികിത്സയിലാണെന്നും ഉടന്‍ പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തുമെന്നും സിദ്ദുവിന്റെ ഓഫീസിന്റെ അറിയിച്ചു. വേദികളില്‍ സിദ്ദുവിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. പക്ഷെ ആവര്‍ത്തിച്ചുള്ള പ്രസംഗങ്ങള്‍ സിദ്ദുവിന്റെ തൊണ്ടയെ തളര്‍ത്തി.

ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയപ്പെടുക പക്കോട പദ്ധതിയുടെ പേരിലാകുമെന്നും മോദി ഭിന്നിപ്പിച്ചു ഭരിക്കുന്ന കറുത്ത ഇംഗ്ലീഷുകാരനാണെന്നുമുള്ള സിദ്ദുവിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. മോദി സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെ നവ വധു റൊട്ടി ഉണ്ടാക്കുന്നതിനോടാണ് സിദ്ദു ഉപമിച്ചത്. വളകിലുക്കം ഏറെ ഉണ്ടാകും, റൊട്ടി കുറവാകുമെന്നായിരുന്നു പ്രസ്താവന. പ്രധാനമന്ത്രിയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്യണമെന്ന ബീഹാറിലെ സിദ്ദുവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സിദ്ദുവിന്റെ കാപട്യങ്ങള്‍ പൊളിയാന്‍ ഇനി നാളുകള്‍ മാത്രം കാത്തിരുന്നാല്‍ മതിയെന്ന് ബിജെപി നേതൃത്വവും തിരിച്ചടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button