Latest NewsInternational

പുതിയ കുടിയേറ്റ നയം; ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടണ്‍ : യോഗ്യത അടിസ്ഥാനപ്പെടുത്തി പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ സ്ഥിരജോലിക്കും അതിലൂടെ നിയമപരമായി നിലനില്‍ക്കുന്ന കുടിയേറ്റത്തിനും ഉതകുന്ന വിധത്തില്‍ ‘ഗ്രീന്‍ കാര്‍ഡി’നു കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദേശികള്‍ക്കും ഇതില്‍ ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ പ്രഫഷനലുകള്‍ക്കും ആശ്വാസം പകരുന്ന നടപടിയാണിത്.സ്ഥിരതാമസം ഉറപ്പാക്കുന്ന ഗ്രീന്‍ കാര്‍ഡുകളില്‍ വിദഗ്ധ തൊഴിലാളികള്‍ക്കു നല്‍കി വരുന്ന നിലവിലെ വിഹിതമായ 12%, 57% വരെ ഉയരാന്‍ പുതിയ നീക്കം സഹായകരമാകുമെന്നാണു വിലയിരുത്തല്‍.

ഇമിഗ്രേഷന്‍ ചട്ടങ്ങളിലെ പരിഷ്‌കരണം അടുത്തവര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു വിഷയമായി ഉയര്‍ത്തുമെന്ന സൂചന നല്‍കിയ ട്രംപ്, പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ടെന്നും താന്‍ തന്നെ വീണ്ടും പ്രസിഡന്റാകേണ്ട സാഹചര്യമുണ്ടെന്നും പരാമര്‍ശിച്ചു.

കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ ഇംഗ്ലിഷ് നൈപുണ്യം ഉറപ്പാക്കാനും സിവിക്‌സ്(പൗരബോധം) സംബന്ധിച്ച പരീക്ഷ പാസാകുന്നതും പരിഷ്‌കരിച്ച ഇമിഗ്രേഷന്‍ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.അതേസമയം ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ട്രംപ് മുന്നില്‍വയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് യുഎസ് ജനപ്രതിനിധിസഭയുടെ അംഗീകാരം ഉടന്‍ ലഭിക്കാന്‍ ഇടയില്ലെന്നാണു വിലയിരുത്തല്‍. പ്രതിപക്ഷമായ ഡമോക്രാറ്റുകളുമായി രാഷ്ട്രീയമായി ട്രംപിനുള്ള അകല്‍ച്ചയാണ് ഇതിനു കാരണം.

54 വര്‍ഷം മുന്‍പാണ് യുഎസില്‍ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ കാര്യമായ പരിഷ്‌കരണം നടത്തിയത്.ലോകത്തെ വിവിധയിടങ്ങളില്‍നിന്ന് മികച്ചവരും വിദഗ്ധരുമായവര്‍ക്കു നിയമപരമായി കുടിയേറ്റം ഉറപ്പാക്കാന്‍ നിലവിലെ കുടിയേറ്റ ചട്ടങ്ങള്‍ക്ക് ആകുന്നില്ലെന്ന വിമര്‍ശനവും ട്രംപ് നടത്തി. യോഗ്യത അടിസ്ഥാനമാക്കുന്ന ഇമിഗ്രേഷന്‍ രീതിയാണ് ഉണ്ടാകേണ്ടത്. പ്രായം, അറിവ്, ജോലി സാധ്യതകള്‍, പൗരബോധം തുടങ്ങിയവ അടിസ്ഥാനമാക്കി നിയമപരമായ സ്ഥിര താമസ അവസരമാണ് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button