KeralaLatest News

റീ പോളിങ് സമാധാനപരമായി അവസാനിച്ചു; പോളിങ് ശതമാനം കുറഞ്ഞതായി കണക്കുകള്‍

കണ്ണൂര്‍ : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നടത്തിയ റീപോളിങ് സമാധാനപരം. എന്നാല്‍ വോട്ടിങ് ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് അല്‍പനേരം പോളിങ് തടസ്സപ്പെട്ടു.ധര്‍മടത്തും പാമ്പുരുത്തിയിലും റീപോളിങ് നടക്കുന്ന ബൂത്ത് പരിസരത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ മാറ്റി. ബൂത്തിന് 100 മീറ്റര്‍ അകലെ മാത്രമേ മാധ്യമപ്രവര്‍ത്തകരെ നിര്‍ത്താനാകൂവെന്നു പൊലീസ് അറിയിച്ചു.

കലക്ടറുടെ നിര്‍ദേശപ്രകാരമാണു നടപടിയെന്നായിരുന്നു വിശദീകരണം. കംപാനിയന്‍ വോട്ടിന് വോട്ടറുടെ ഐഡി കാര്‍ഡിനു പുറമെ വോട്ടു ചെയ്യുന്നവരുടെ തിരിച്ചറിയല്‍ രേഖ കൂടി ആവശ്യപ്പെട്ടതോടെ കുന്നിരിക്ക ബൂത്ത് 52 ല്‍ തര്‍ക്കം തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിച്ചു. പാമ്പുരുത്തി ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ റജിസ്റ്ററിലുള്ള കണക്കും പൊരുത്തപ്പെടാതെ വന്നത് ആശയക്കുഴപ്പമുണ്ടാക്കി. ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങിനു പുറമേ വിഡിയോ കവറേജും ഏര്‍പ്പെടുത്തിയിരുന്നു.

റീ പോളിങ് നടന്നപ്പോള്‍ ഉണ്ടായ പോളിങ് ശതമാനവും 23 ന് നടന്ന പോളിങ് ശതമാനം ബ്രാക്കറ്റിലും നല്‍കിയിരിക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്എസ് ബൂത്ത് 48 84.14 (88.9), പിലാത്തറ യുപി സ്‌കൂള്‍ ബൂത്ത് 19 83.04 (88.82), പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ ബൂത്ത് 69 77.77 (80.08), ബൂത്ത് 70 71.76 (79.16), കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ ബൂത്ത് 166 82.81 (82.95), ധര്‍മടം കുന്നിരിക്ക യുപി സ്‌കൂള്‍ ബൂത്ത് 52 88.86 (91.32), ബൂത്ത് 53 85.08 (89.05).

shortlink

Related Articles

Post Your Comments

Related Articles


Back to top button