Latest NewsIndia

പുതിയ സർക്കാരിനെ കാത്തിരിക്കുന്ന 5 ചുമതലകൾ

ന്യുഡൽഹി: രണ്ടു ദിനരാത്രങ്ങൾക്കപ്പുറം രാജ്യത്തിന്റെ വിധി നിർണ്ണയിക്കപ്പെടും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ തുടരുമെന്ന് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു. പുതുതായി വരുന്ന സർക്കാർ ആരുടെ നേതൃത്വത്തിലായാലും പരിഹരിക്കേണ്ടുന്ന ചില അടിയന്തിര വിഷയങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

തൊഴിലില്ലായ്‌മ

ഓരോ മാസവും തൊഴിൽ തേടി പുതുതായി കടന്നു വരുന്ന 12 ലക്ഷം ചെറുപ്പക്കാർക്ക് ആശ്വാസം പകരുകയെന്നതാണ് പുതിയ സർക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 .1 ശതമാനമായി ഉയർന്ന് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും മോശം അവസ്ഥയിൽ എത്തിയിരിക്കുന്നുവെന്ന ഗവൺമെന്റ് ഏജൻസികളുടെ പഠന റിപ്പോർട്ട് നിലനിൽക്കെയാണ് ഇതെന്നത് മറക്കരുത്.
ഈ അവസ്ഥയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുകയെന്ന ഗൗരവകരമായ ഉത്തരവാദിത്തം പുതിയ സർക്കാരിൽ നിക്ഷിപ്തമാണ്.

സാമ്പത്തിക രംഗം

കഴിഞ്ഞ ഒക്ടോബര്- ഡിസംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഗണ്യമായി പുറകോട്ട് പോയി. വാഹന വില്പന രംഗവും മറ്റു വ്യയവസായിക രംഗങ്ങളും കഴിഞ്ഞ രണ്ടു വർഷ കാലത്തിനുള്ളിലെ കുറഞ്ഞ നിരക്കിൽ എത്തി. ഗ്രാമീണ മേഖലയിലും ഉൽപാദന രംഗം മുരടിപ്പിലാണ്.എന്നാൽ പുതുതായി അധികാരത്തിൽ വരുന്ന സർക്കാരിന് പരിമിതമായ സാദ്ധ്യതകൾ മാത്രമേ സാമ്പത്തിക രംഗത്തെ ഉണർവിലേക്ക് നയിക്കുവാൻ മുൻപിലുള്ളു. ധനവിനിയോഗ ക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ സഹായങ്ങൾ ചെയ്യാനുതകുന്ന പദ്ധതികൾ പ്രഖ്യാപിച്ചാൽ മാത്രമേ സാധാരണ ജനങ്ങളെ ദുരിതങ്ങളിൽ നിന്നും കരകയറ്റാനാകു. ഒപ്പം റിസർവ്വ് ബാങ്ക് ബാങ്കുകൾക്കേർപ്പെടുത്തിയിരിക്കുന്ന പലിശ നിരക്ക് കുറച്ച് ബാങ്കുകൾക്ക് കൂടുതൽ തുക കുറഞ്ഞ പലിശ നിരക്കിൽ ജനങ്ങൾക്ക് നൽകാൻ ഉതകുന്ന നടപടികളും സ്വീകരിക്കേണ്ടി വരും.

വ്യാപാരം

അമേരിക്ക, ചൈന തുടങ്ങിയ വൻ സാമ്പത്തിക ശക്തികളുമായുള്ള ഇന്ത്യയുടെ വ്യാപാര രംഗം ഇപ്പോൾ അസ്ഥിരമായ നിലയിലാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയിരുന്ന നടപടി അമേരിക്ക പിൻവലിച്ചത് രാജ്യത്തിന് തിരിച്ചടിയാണ്. അമേരിക്ക- ചൈന വ്യാപാര യുദ്ധവും ഇന്ത്യക്ക് ദോഷം ചെയ്യുന്നു. ഈ രംഗത്ത് പുതിയ സർക്കാരിന് കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും.

പാക്കിസ്ഥാൻ

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളാണ് പുതിയ സർക്കാരിന് മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. മോഡി ഭരണ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. അതിർത്തിയിലെ ഭീകരാക്രമണങ്ങൾ അയവില്ലാതെ തുടരുകയാണ്. എന്നാൽ പാകിസ്ഥാൻ ഭീകരതയ്ക്ക് എതിരാണെന്നും ഇന്ത്യയുമായി രമ്യതയിൽ പോകാൻ സമാധാന ചർച്ചകൾക്ക് തയാറാണെന്നും അവർ പറയുന്നു. പക്ഷെ താലിബാനടക്കമുള്ള ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നത് പാകിസ്ഥാൻ ആണെന്നും അവർ അത് അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.എന്തായാലും പാകിസ്ഥാൻ വിഷയം പുതിയ സർക്കാരിനും തലവേദനയാകും.

മതം

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപിയും സഖ്യകക്ഷികളും. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്ത് കളയാനും മോഡി സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതെല്ലം രാജ്യത്തെ മത സഹോദര്യത്തെ തകർക്കുന്ന നിലപാടുകളാണ്. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുക പുതിയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button