Latest NewsArticleIndia

അമിത് ഷാ- എതിരാളികളെ തറപറ്റിക്കുന്ന തന്ത്രങ്ങളുടെ ചാണക്യന്‍; ബിജെപി അധികാരത്തിലെത്തിയാല്‍ അജയ്യനാകുന്നതും ഷാ

നിത്യ നാരായണന്‍

അജയ്യമായ നിശ്ചയദാര്‍ഢ്യത്തിലൂടെ എല്ലാം നേടാന്‍ സാധിക്കും. അവിടെയാണ് ഒരു മഹാനും സാധാരണകാരനും തമ്മിലുള്ള വ്യത്യാസം – തോമസ് ഫുള്ളറിന്റെ ഈ വാക്കുകളുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. അഭിനവ ഇന്ത്യയുടെ ചാണക്യന്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് താരതമ്യങ്ങള്‍ക്കു അതീതമായ വ്യക്തിപ്രഭാവം കൊണ്ടാണ്. 2014 ല്‍ ബി ജെ പി ദേശീയ അധ്യക്ഷനായി അമിത് ഷാ തെരെഞ്ഞെടുക്കപെടുമ്പോള്‍ അത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശ്രമത്തിന്റെയും ഇന്ത്യയുടെ സാമൂഹിക അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗഹനമായ അറിവിനുള്ള അംഗീകാരമായിരുന്നു.

amit shah

പ്രാദേശിക രാഷ്ട്രീയത്തെകുറിച്ചുള്ള അമിത് ഷായുടെ ധാരണയും കണക്കുകൂട്ടലുകളുമാണ് 2014 നു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും കാണാന്‍ സാധിച്ചത്. മണിപ്പൂരിലെ കന്നി വിജയവും, ത്രിപുരയിലെ 2 ദശാബ്ദം നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വേരോടെ പിഴുതെറിഞ്ഞതുമാണ് ശ്രദ്ധേയമായ രണ്ടു നേട്ടങ്ങള്‍ . വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാടെ തുടച്ചുനീക്കപ്പെട്ടപ്പോള്‍ അവിടെ വെന്നിക്കൊടി പറിക്കാന്‍ ഷായുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചു. കറങ്ങുന്ന കസേരയില്‍ ഇരുന്ന് ആജ്ഞാപിക്കുന്ന ഭരണത്തിലല്ല മറിച്ചു താഴെ തട്ടിലേക്ക് ചെന്നുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാണ് അമിത് ഷായെ വ്യത്യസ്തനാക്കുന്നത്. എതിര്‍ പാര്‍ട്ടികളുടെ ന്യൂനതകളില്‍ കേന്ദ്രീകരിക്കുന്നതിനു പകരം തങ്ങളുടെ ശക്തി ഉയര്‍ത്തി പിടിക്കുക എന്ന ബി ജെ പി തന്ത്രവും ഷായുടേതാണ്.

modi-amit shah

മൗര്യ രാജ്യ സാമ്രാജ്യത്തിലെ ഉപദേശകനും തത്വചിന്തകനുമായ ചാണക്യന്‍ രാജാവിനെ ദൈവതുല്യം ആരാധിക്കുന്നതിനെ എതിര്‍ത്തിരുന്നു. നിയമസംഹിത അടിസ്ഥാനമായി ഭരിക്കുന്നവനാണ് യഥാര്‍ത്ഥ ഭരണാധികാരി എന്നദേഹം വിശ്വസിച്ചു. ഇതുതന്നെയാണ് ഷായുടെയും സമീപനം. കോണ്‍ഗ്രസിന്റെ പാരമ്പര്യവാദത്തിനെയും കുടുംബാരാഷ്ട്രീയത്തിനെയും അദ്ദേഹം പാടെ തള്ളിക്കളയുന്നു. ഷാ്യുടെ കീഴില്‍ ചിട്ടയായ ഒരു പ്രസ്ഥാനമായി വളര്‍ന്നു കഴിഞ്ഞ ബി ജെ പി യെ തകര്‍ക്കാന്‍ രൂപീകൃതമായ എതിര്‍പാര്‍ട്ടികളുടെ സഖ്യം പലപ്പോഴും കേവലം ഒരു ചീട്ടുകൊട്ടാരം മാത്രമായി. 2019 ലും ഏത് നിമിഷവും തകരുന്ന ഒന്നുമാത്രമാണ് ആ സഖ്യമെന്നും അതിന്റെ നേതാക്കള്‍ക്ക് പോലും നന്നായി അറിയാം.

amit shah

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിമറിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയായുള്ള മോദിയുടെ വരവ്. കൂട്ടുകക്ഷി മന്ത്രി സഭകള്‍ പലപ്പോഴും ഹ്രസ്വ കാലാവധി ഉള്ളവയായിരിക്കും. അതിനു ഉത്തമ ഉദാഹരണമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഇത്തരം രാഷ്ട്രീയ പരീക്ഷണങ്ങള്‍ എല്ലാം. 1989 -90 കാലഘട്ടത്തിലെ നാഷണല്‍ ഫ്രണ്ടും 1996 -98 ലെ ദുര്‍ബല മന്ത്രിസഭയും ഇതിനു ഉദാഹരണങ്ങളാണ്. ഇത്തരം കൂട്ടുമന്ത്രിസഭകള്‍ വിശ്വാസയോഗ്യമല്ല എന്ന് തെളിയിച്ചുകഴിഞ്ഞതാണ് . 2019 ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ‘ഫെഡറല്‍ ഫ്രന്റ്’ എന്ന നിലയില്‍ മത്സരിക്കാന്‍ മമത ബാനര്‍ജീ പ്രാദേശിക പാര്‍ട്ടികളെ സമീപിച്ചിരുന്നു. തെലങ്കാനയിലെ ചന്ദ്രശേഖര റാവുവുമായി ഒരു അണിചേരലിനും അവര്‍ തുടക്കമിട്ടു. ഒരു ബിജെ പി കോണ്‍ഗ്രസ് ഇതര മുന്നണിയാണ് റാവു ലക്ഷ്യമിടുന്നതെങ്കില്‍ പ്രധാനമന്ത്രി പദവിയിലേക്കാണ് മമത നോട്ടമിട്ടിരിക്കുന്നത്. സ്വന്തം നാട്ടിലെ സമ്മേളനങ്ങളില്‍ പോലും ആളുകളെ ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത അവര്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ് കണ്ടുകൊണ്ടിരിക്കുന്നത്.

amit shah

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നം കൈകാര്യം ചെയുന്നതില്‍ വീഴ്ചയും,ബംഗാളിലെ പലമേഖലകളും ഇസ്ലാം ഫണ്ടമെന്റലിസത്തിലേക്കു അടിതെറ്റി വീണതും മമതയുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്കു കീഴില്‍ ഒരു ചുവപ്പു വരയാണ് നല്‍കുന്നത്. എസ് പി – ബി എസ് പി- ആര്‍ എല്‍ ഡി സഖ്യം ബി ജെ പി യെ പരാജയപെടുത്തിയെങ്കിലും ഒറ്റക് നില്‍കുമ്പോള്‍ ഇവര്‍ക്കു ലഭിച്ച വോട്ടുശതമാനം ബി ജെ പി യുടെ അടുത്ത് പോലും എത്തുന്നില്ല എന്നതും ശ്രദ്ദേയമാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകുമ്പോള്‍ ഒരു കാര്യം ഉറപ്പാകുന്നു, രണ്ടാം മോഡി സര്‍ക്കാര്‍ ഷായുടെ തന്ത്രങ്ങളിലൂടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന്. 300 ലധികം സീറ്റുകള്‍ നേടി അധികാരം തിരിച്ചുപിടിക്കുമെന്നാണ് അമിത് ഷായുടെ കണക്കുകൂട്ടല്‍. എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയുടെ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നു. അങ്ങനെയെങ്കില്‍ കൊടുങ്കാറ്റ് പോലെ വീശിയടിച്ച വിമര്‍ശനങ്ങളും ആരോപണങ്ങളും മോദിയെ സ്പര്‍ശിക്കാതെ കാത്തതിനും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചതിനും പാര്‍ട്ടി മുഴുവന്‍ തലകുനിച്ച് നന്ദി പറയുന്നത് അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യനോട് തന്നെയായിരിക്കും.

Post Your Comments


Back to top button
Close
Close