Latest NewsKeralaIndia

വൃക്ക തകരാറിലായ കെഎസ്‌യു നേതാവിനു സഹായവുമായി എസ്എഫ്ഐ

കൂടാതെ വൃക്ക നൽകാൻ ആദ്യം സന്നദ്ധനായതാകട്ടെ, മുൻ എസ്എഫ്ഐ നേതാവും.

ആലപ്പുഴ ∙ ജീവനെടുക്കുന്നതല്ല, കൊടുക്കുന്നതാണ് രാഷ്ട്രീയമെന്ന് ക്യാംപസിൽ നിന്നു കേരളത്തിനൊരു മാതൃകയുമായി ബദ്ധവൈരികളായ രണ്ടു സംഘടനകൾ. ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ കെഎസ്‌യുക്കാർക്കൊപ്പം സജീവമായി എസ്എഫ്ഐക്കാരും ഉണ്ട്. കൂടാതെ വൃക്ക നൽകാൻ ആദ്യം സന്നദ്ധനായതാകട്ടെ, മുൻ എസ്എഫ്ഐ നേതാവും.

ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്. കെഎസ്‌യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയർ ചെയ്താണ് എസ്എഫ്ഐയുടെ അഭ്യർഥന. പ്രവർത്തകരിൽ നിന്നു നേരിട്ടു പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്‌ലാൽ പറഞ്ഞു.

റാഫിയുടെ ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം. താമസം വാടകവീട്ടിലും. റാഫിക്കു തന്റെ വൃക്ക നൽകാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ. ഇതിനുള്ള പരിശോധനകൾ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 10540100300824. ഐഎഫ്എസ്‌സി: FDRL0001054. ഫോൺ: 90481 00377

shortlink

Related Articles

Post Your Comments

Related Articles


Back to top button