KeralaLatest NewsElection News

ചെങ്കോട്ട തകര്‍ത്ത് പ്രേമചന്ദ്രന്‍; ലീഡ് ഒരു ലക്ഷം കടന്നു

കൊല്ലം: ഇടത് മുന്നണിയോട് കടുത്ത പോരാട്ടം നടത്തി പ്രേമചന്ദ്രനിലൂടെ യുഡിഎഫ് കൊല്ലത്ത് മിന്നുന്ന വിജയം ആവര്‍ത്തിക്കുകയാണ്. ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലത്ത് അഭിമാന പോരാട്ടമാണ് ഇടത് മുന്നണി ഇത്തവണ നടത്തിയത്. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് ഒരിക്കല്‍ പോലും ലീഡ് നേടാന്‍ കൊല്ലത്ത് കഴിഞ്ഞില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി ഒരു ലക്ഷം കടന്ന് എന്‍കെ പ്രേമചന്ദ്രന്റെ ലീഡ് കുതിക്കുകയും ചെയ്തു.  പാര്‍ട്ടി സംവിധാനം അടക്കം പൂര്‍ണ്ണമായും കൊല്ലത്ത് കേന്ദ്രീകരിച്ചിട്ടും പ്രതീക്ഷയില്‍ കവിഞ്ഞ തിരിച്ചടി ഇടത് മുന്നണിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി വിട്ട ആര്‍എസ്പിക്കും എന്‍കെ പ്രേമചന്ദ്രനുമെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം വന്‍ വിവാദമായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിടെ പിണറായി അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധവും ഉന്നയിച്ചിരുന്നു.

എന്‍കെ പ്രേമചന്ദ്രനെ എതിരിടുക എന്ന അഭിമാന പ്രശ്‌നം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും അധികം പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുത്തത് കൊല്ലത്തായിരുന്നു. സിപിഎമ്മിന്റെ സംഘടനാ സംവിധാനമാകെ കെഎന്‍ ബാലഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനെ എല്ലാം മറികടന്നാണ് എന്‍കെ പ്രേമചന്ദ്രന്റെ മുന്നേറ്റം.

ശബരിമല വിഷയത്തിലടക്കം എന്‍കെ പ്രേമചന്ദ്രന്റെ നിലപാട് മുന്‍നിര്‍ത്തി സംഘപരിവാര്‍ ബന്ധവും ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള അത്തരം ആരോപണങ്ങളും ഫലം കണ്ടില്ലെന്ന് തളിയിക്കുന്ന ലീഡാണ് എന്‍കെ പ്രേമചന്ദ്രന് കിട്ടിയത്. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബിജെപി യുഡിഎഫിന് വോട്ട് മറിക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button