KeralaLatest NewsIndia

ആര്‍ഷ വിദ്യാ സമാജത്തിനെതിരെ മതവാദികളുടെ പടയൊരുക്കം, അടച്ചു പൂട്ടിക്കാൻ ശ്രമമെന്ന് സ്ഥാപനത്തിന്റെ ആരോപണം

തൃപ്പൂണിത്തുറയിലെ ആദ്ധ്യാത്മിക പഠനകേന്ദ്രമായ ആര്‍ഷ വിദ്യാ സമാജത്തിനെതിരെ കേരളത്തിലെ ഒരു ചാനലിന്‍റെ നേതൃത്വത്തില്‍ കള്ളപ്രചരണവും ഭീഷണി സന്ദേശങ്ങളും അരങ്ങേറുന്നുവന്നു സ്ഥാപനത്തിന്റെ ആരോപണം. ആര്‍ഷ വിദ്യാ സമാജം കോഴ്സ് കോര്‍ഡിനേറ്റര്‍ ആയ ശ്രുതി ആണ് ഫേസ്ബുക്കിലൂടെ ഇത് വ്യക്തമാക്കിയത്. ശ്രുതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: “അപവാദ പ്രചരണങ്ങളുമായി മീഡിയ വൺ ചാനൽ വീണ്ടും! കഴിഞ്ഞ ദിവസം അതായത് മെയ് പതിമൂന്നാം തീയതി വൈകിട്ട് പാലക്കാട് നിന്ന് ഒരു കുടുംബം അവരുടെ മകളുമായി (കൃഷ്ണപ്രിയ) ആർഷവിദ്യാസമാജം ഓഫീസിലെത്തി. മകൾ അതിതീവ്ര മതമൗലിക ചിന്തയിൽപ്പെട്ടുവെന്നും അവൾക്ക് മാർഗദർശനം ചെയ്യണമെന്നും അഭ്യർത്ഥിച്ചാണവർ എത്തിയത്.

ഇന്റർനെറ്റിലൂടെയാണ് ആർഷവിദ്യാസമാജം പ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞതെന്നും അവർ പറഞ്ഞു. മെയ് 18 വരെ ഇവിടെ ദശദിന നേതൃ പരിശീലന റെസിഡൻഷ്യൽ ക്യാമ്പ് നടക്കുകയാണെന്നും വ്യക്തിപരമായ സംഭാഷണങ്ങളോ മാർഗദർശനങ്ങളൊ സംവാദങ്ങളൊ സാധ്യമല്ല എന്നും ഞങ്ങൾ വ്യക്തമാക്കി. രാത്രി ആയതിനാൽ പിറ്റേ ദിവസം രാവിലെ തന്നെ പൊയ്ക്കൊള്ളാമെന്ന് അവർ അറിയിച്ചു. പിറ്റേ ദിവസം രാവിലെ ബാഗുമായി പോകാനിറങ്ങവെ കൃഷ്ണപ്രിയ അവളുടെ ചേച്ചിയുമായി (ചേച്ചിയുടെ പേര് ശാലിനി, സ്പോർട്സ് കൗൺസിൽ കോച്ച് ആണ്) എന്തോ വാക്ക് തർക്കമുണ്ടാക്കുകയും പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. ചേച്ചി തന്നെ പുറകേ ഓടി അവളെ പിടിച്ചു.

ഈ ഓട്ടത്തിൽ സ്വാഭാവികമായി സംശയം വന്ന നാട്ടുകാരിൽ ചിലർ കാരണമന്വേഷിച്ചു. ഇവൾ എന്റെ സഹോദരിയാണെന്ന ശാലിനിയുടെ ആവർത്തിച്ചുള്ള വിശദീകരണത്തിൽ തൃപ്തിവരാത്ത ചിലർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി വിവരങ്ങൾ അന്വേഷിച്ചു. കൃഷ്ണപ്രിയയുടെ ചേച്ചിയാണ് ശാലിനിയെന്നും ഇവർ സ്വന്ത ഇഷ്ടപ്രകാരമാണെത്തിയതെന്നും ആർക്കും ആർക്കെതിരെയും പരാതിയില്ലെന്നും ബോധ്യമായതിനാൽ പോലീസ് അവരെ വിട്ടയച്ചു. ഈ നിസാരസംഭവമാണ് വളച്ചൊടിച്ച് മീഡിയ വൺ മുഖ്യ വാർത്ത പോലെ അവതരിപ്പിക്കുന്നത്!. ശ്രീലങ്കയിലെ സ്ഫോടനത്തെത്തുടർന്നുള്ള അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ചിലരുടെ ലക്ഷ്യം എന്ന് തോന്നുന്നു!

സത്യത്തിൽ വ്യക്തിപരമായ സംഭാഷണത്തിന് ഇവിടെ എത്തിയ ഇവരെ ഞങ്ങൾ പറഞ്ഞയയ്ക്കുകയായിരുന്നു. ഈ സംഭവം പർവ്വതീകരിച്ച് ആർഷ വിദ്യാ സമാജത്തിനെതിരെ പുകമറ സൃഷ്ടിച്ച് ഞങ്ങളെ തകർക്കേണ്ടത് ജിഹാദികളുടെ ആഗ്രഹമാണ്. അതിന് ചില രാഷ്ട്രീയ പ്രവർത്തകരെ അവർ കരുവാക്കാൻ ശ്രമിക്കുകയാണ്. സ്ഥലം എം എൽ.എ എം സ്വരാജ്, പി.ടി തോമസ് അടക്കമുള്ളവർ മീഡിയ വണ്ണിന്റെ ഗൂഢതന്ത്രം മനസിലാക്കണമെന്നഭ്യർത്ഥിക്കുന്നു.

ഘർവാപസി കേന്ദ്രമാക്കി ഞങ്ങളെ ചിത്രീകരിക്കുന്നവരെ വെല്ലുവിളിക്കുന്നു. ഞങ്ങൾ മതപരിവർത്തനം ചെയ്ത ഒരാളെയെങ്കിലും ചൂണ്ടിക്കാണിച്ചു തരാനാവുമോ? തെറ്റിദ്ധാരണയാൽ മതം മാറി അതിതീവ്രമതമൗലിക – ഭീകര ചിന്താഗതി യിലേക്ക് മാറുവാൻ തയാറാകുന്നവരെ മാത്രമാണ് ഞങ്ങൾ സംവാദത്തിലൂടെ തിരികെയെത്തിച്ചത്. അതും മാതാപിതാക്കൾ കൊണ്ടുവരുന്നവരെ മാത്രം. ഇവിടെ താമസിച്ച് കോഴ്സ് പഠിക്കാൻ തയ്യാറാണെന്ന് നോട്ടറിയുടെ മുമ്പിൽ അഫിഡവിറ്റ് നൽകുന്നവരെ മാത്രമേ ഞങ്ങൾ ഇവിടെ താമസിപ്പിക്കാറുള്ളൂ.

എന്നാൽ പരസ്യമായി മതപരിവർത്തനം ചെയ്യുന്ന എത്രയൊ ഇസ്ലാം – ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഇവിടെയുണ്ട്! ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നവർ പുണ്യവാന്മാരും, മതപരിവർത്തനം തടഞ്ഞ് ഭീകരവാദ മതമൗലിക രാജ്യദ്രോഹ ചിന്താഗതിയിൽ നിന്ന് ഹിന്ദുക്കളെ രക്ഷിക്കുന്നവർ കടുത്ത അപരാധം ചെയ്യുന്ന പാപികളും! കഷ്ടം ! ഈ വിഷയത്തിന്റെ നിജസ്ഥിതി ആ പെൺകുട്ടിയുടെ ചേച്ചി ശാലിനി തന്നെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക. !”

ഇതിനിടെ ആര്‍ഷ വിദ്യാ സമാജം അടച്ചു പൂട്ടണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്നും ഉള്ള ഭീഷണികളും എത്തിക്കഴിഞ്ഞു. നെറ്റ് ഫോണിലൂടെയാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി ഭീഷണി മുഴക്കിയിരിക്കുന്നത്. സമീപകാലത്ത് തമിഴ്നാട്ടില്‍ രാമനാഥപുരത്തും, കേരളത്തില്‍ പലയിടങ്ങളിലും അതുപോലെ കര്‍ണ്ണാടകയിലും ഉണ്ടായ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ ഈ ഭീഷണികളെ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. ഇന്‍ഡ്യയില്‍ എവിടെ തീവ്രവാദ പ്രവര്‍ത്തനം നടന്നാലും അതില്‍ ഒരു കേരളാ ബന്ധം ഈയിടെ കണ്ടെത്തി വരുന്നുണ്ട്.

കൊടും ഭീകര സംഘടനയായ ഐസിസിലേക്ക് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ടുമെന്‍റുകള്‍ നടക്കുന്നത് കേരളത്തില്‍ നിന്നാണ് എന്നത് ഓരോ മലയാളിയുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഇത്രയുമൊക്കെ ആയിട്ടും മത തീവ്രവാദികള്‍ക്ക് കുട പിടിച്ചു കൊണ്ട് വിപ്ലവപ്രസ്ഥാനങ്ങളും മുന്നോട്ടു വരുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. ആര്‍ഷ വിദ്യാ സമാജത്തെ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അടച്ചുപൂട്ടുന്നില്ലെങ്കില്‍ തങ്ങളുടെ നേതൃത്വത്തില്‍ ‘ജനകീയ’ അടച്ചുപൂട്ടലിന് തയ്യാറാകേണ്ടി വരുമെന്ന് ഒരു ജിഹാദി തീവ്രവാദ സംഘടന പരസ്യമായി ഭീഷണി മുഴക്കുന്ന അവസ്ഥ വരെ ഉണ്ടായി. സത്യസരണി, പീസ് സ്കൂള്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട സ്ഥാപനങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ചെറു വിരല്‍ പോലും അനക്കിയിട്ടില്ല എന്നതും ഇവിടെ സ്മരണീയമാണ്.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ തീവ്രവാദ കേസുകളുടെ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സത്യത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കേരളത്തിലെ മാദ്ധ്യമങ്ങള്‍ മത തീവ്രവാദികളുടെ കള്ളപ്രചരണങ്ങളില്‍ വീണു പോകരുതെന്നും വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിക്കണമെന്നും ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button