KeralaLatest News

‘പിന്നെ എങ്ങനെ നമ്മള്‍ തോല്‍ക്കാതിരിക്കും സഖാവേ..? – വൈറലായി അനില്‍ കുമാര്‍ ഡേവിഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇടതുപക്ഷത്തിന് കേരളത്തില്‍ തോല്‍വി സംഭവിക്കാനുള്ള കാരണം എന്തെന്ന് സംബന്ധിച്ച് താത്വികവും പ്രായോഗികവുമായ ഏറെ വിശകലനങ്ങള്‍ വന്നു കഴിഞ്ഞു. ഇടതുപക്ഷത്തു നിന്നുണ്ടായ പല വിശകലനങ്ങളും സത്യത്തിനു നേരെ കണ്ണടയ്ക്കുന്നതായിരുന്നു. അതിനിടയിലാണ്, സത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒരു വിശകലനം സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ഇടതു പക്ഷ സഹയാത്രികന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തോല്‍വിയുടെ കാരണങ്ങളെ സമീപകാലത്തുണ്ടായ തന്റെ ചില അനുഭവങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ട്, സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ വിവരിച്ച്,ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത് അനില്‍ കുമാര്‍ ഡേവിഡ് എന്ന ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു കവിയാണ്.

ഇടതുപക്ഷത്തിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ കുറിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത അനുഭവങ്ങളാണ് തോല്‍വിയിലേക്കു വിരല്‍ ചൂണ്ടുന്നവ എന്ന മട്ടില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇടതുപക്ഷത്തിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട ഒന്ന്, രണ്ടു അനുഭവങ്ങള്‍ പങ്കുവയ്ക്കാം.

  1. ഇലക്ഷനു ഒരാഴ്ച്ച മുന്‍പ് കാര്യവട്ടം കാമ്പസില്‍ എസ്.എഫ്.എ യുടെ ലീഡര്‍ഷിപ്പില്‍ നില്‍ക്കുന്ന ഒരു സഖാവുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടി വന്നു. ബംഗാളില്‍ പാര്‍ട്ടി ദുര്‍ബലമായെന്നും ഇക്കുറി സീറ്റ് പോയിട്ട് നിലനില്‍പ്പ് തന്നെ അസാധ്യമാണെന്നും ഞാന്‍ പറഞ്ഞു. റായ്ഗഞ്ച്, മൂര്‍ഷിദാബാദ്, മുഹമ്മദ് സലീം, ഡോ സുഭാഷ് അങ്ങനെ ചില പേരുകളും സ്റ്റാറ്റിസ്റ്റിക്കുകളും പരാമര്‍ശിച്ചു. എന്നാല്‍ ആ സഖാവിന് ഒരു സംശയവുമില്ല. ഇക്കുറി ബംഗാളില്‍ പാര്‍ട്ടി 10 സീറ്റ് വരെ നേടിയിരിക്കും. ഏതൊക്കെ മണ്ഡലം, ഏതൊക്കെ വ്യക്തികള്‍ ജയിക്കും എന്നതൊന്നും അറിയില്ല. നേടിയിരിക്കും അത്ര തന്നെ. മാത്രവുമല്ല ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി ഒരിക്കലും സഖ്യമുണ്ടാക്കരുത്. അത് കേരളത്തിലെ സഖാക്കളെയും പാര്‍ട്ടിയെയും പ്രതികൂലമായി ബാധിക്കും. അങ്ങനെ സംഭവിച്ചാല്‍ കേരളം പാര്‍ട്ടിയില്‍ വലിയ ഘടകം അല്ലാതായി മാറും. ബംഗാളി സഖാക്കള്‍ പറയുന്നത് നമുക്ക് കേള്‍ക്കേണ്ടി വരും. അതുകൊണ്ട് മതേതര മുന്നണി, അതിജീവന മുന്നണി എന്ന പേരില്‍ പോലും പാര്‍ട്ടി ബംഗാളില്‍ കോണ്‍ഗ്രസുമായി ചേരരുത്. എങ്കിലും 10 സീറ്റില്‍ സിപിഎം ജയിക്കും. എന്താണ്, എങ്ങനെയാണ് എന്നൊന്നും ചോദിക്കരുത്. ജയിക്കും. റിസള്‍ട്ട് വരുമ്പോള്‍ കണ്ടാല്‍ മതി.

ഇതാണ് ഉപരിപഠനം നടത്തുന്ന, ഗവേഷകന്‍ കൂടിയായ ഒരു എസ്.എഫ്.എ. നേതാവിന്റെ അറിവും പാര്‍ട്ടി വികാരവും.

എങ്ങനെ നമ്മള്‍ തോല്‍ക്കാതിരിക്കും ?

2. 2016 ലെ നിയമസഭ ഇലക്ഷന്‍. സഖാവ് കടകംപള്ളി സുരേന്ദ്രന് വേണ്ടി കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു. ഒരു ബ്രാഞ്ചില്‍ മാത്രം വോട്ടഭ്യര്‍ത്ഥിക്കുക എന്ന നിയോഗം മറന്നു ഞങ്ങള്‍ അടുത്ത ബ്രാഞ്ച് വരെ വോട്ട് ചോദിച്ചു ചെന്നു. വിദ്യാര്‍ത്ഥികള്‍ ആയതുകൊണ്ട് ചെന്ന വീടുകളില്ലെല്ലാം ആളുകള്‍ ഞങ്ങളെ കേള്‍ക്കുന്നുണ്ട്. വോട്ട് ചെയ്യാം എന്ന് ഉറപ്പു തരുന്നുണ്ട്. അപ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി ഓടി വരുന്നത്. ‘നിങ്ങള്‍ എന്തിനാ ഇവിടെ വോട്ട് ചോദിക്കുന്നേ?. അതുവരെയാണ് നമ്മുടെ ബ്രാഞ്ചിന്റെ പരിധി. ഇവിടെ വേണമെങ്കില്‍ അവന്മാരുടെ ബ്രാഞ്ചംഗങ്ങള്‍ വന്നു ഒണ്ടാക്കട്ടെ’. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാതിരുന്നിട്ടും ആത്മാര്‍ത്ഥതയും പ്രസ്ഥാനസ്‌നേഹവും കൊണ്ട് വോട്ട് ചോദിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഞങ്ങള്‍ അന്തംവിട്ടു.

ഇതാണ് ഈ പ്രസ്ഥാനത്തെ പ്രാദേശികമായി നയിക്കേണ്ട ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ സാമാന്യബോധം

എങ്ങനെ നമ്മള്‍ തോല്‍ക്കാതിരിക്കും ?

3. ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞ ഏപ്രില്‍ 23 നു വൈകുന്നേരം കാമ്പസിന് മുന്നില്‍ വെറുതെ നില്‍ക്കുകയായിരുന്നു. എസ്.എഫ്.എയുടെയും യൂണിയന്റെയും പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന ഒരു പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് പോകുന്നു. ഏറെ പരിചയം ഉള്ള അവളോട് നീ ആര്‍ക്കാ വോട്ട് ചെയ്തത് എന്നു തിരക്കി. അവള്‍ നിശബ്ദമായി എന്നെ നോക്കി. കെ.എന്‍. ബാലഗോപാല്‍ എന്ന ഉത്തരം പ്രതീക്ഷിച്ച ഞാന്‍ ഒന്നും മിണ്ടാതെ അവള്‍ക്കൊപ്പം നടന്നു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ വോട്ട് ചെയ്യലിനെ കുറിച്ചും അത് രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ ജനാധിപത്യത്തെ കുറിച്ചും എന്നോട് വാചാലയായി. എസ്.എഫ്.എ യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന, ഏതു പരിപാടിയ്ക്കും മുന്നില്‍ നില്‍ക്കുന്ന, പലപ്പോഴും യൂണിയന്‍ ഓഫീസില്‍ വന്നിരിക്കുന്ന ഈ കുട്ടി ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടു. സൗഹൃദം കൊണ്ടും സഖാവേ എന്ന വിളി കൊണ്ടും ചോദിക്കാന്‍ പാടില്ലാത്തതാണോ ഞാന്‍ അവളോട് ചോദിച്ചത് ? ആകെ ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥ. പോകാന്‍ നേരം അവള്‍ പതിയെ പറഞ്ഞു ‘എന്റെ വോട്ട് എന്‍.കെ. പ്രേമചന്ദ്രനായിരുന്നു’. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളോടൊപ്പം നില്‍ക്കുന്നവള്‍, നാളെയും ഞങ്ങളോടൊപ്പം തന്നെ നില്‍ക്കേണ്ടവള്‍. അവളുടെ വോട്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് അല്ലായിരുന്നെന്നോ?

ഇതാണ് സഖാക്കളെ നാം കാണുന്ന ശരാശരി അനുഭാവികളുടെ മാനസികാവസ്ഥ.

എങ്ങനെ നമ്മള്‍ തോല്‍ക്കാതിരിക്കും ?

അതെ സഖാക്കളെ,
നമ്മുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ബംഗാളില്‍, ത്രിപുരയില്‍, ഇപ്പോള്‍ കേരളത്തിലും. വീരവാദം നിര്‍ത്താം.
പരിശോധിച്ചു തന്നെ നമുക്ക് മുന്നോട്ട് പോകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button