Latest NewsIndia

പെണ്‍കരുത്തില്‍ വെട്ടിത്തിളങ്ങി അമേഠി, കണ്ടു പഠിക്കണം സ്മൃതി ഇറാനിയെ

രതി നാരായണന്‍

തോല്‍വിയും തുടര്‍ച്ചയായ വിമര്‍ശനങ്ങളുമാണ് സ്മൃതി ഇറാനി എന്ന രാഷ്ട്രീയക്കാരിയെ അജയ്യയാക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും ഒരു ഘട്ടത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുവരെ എതിര്‍പ്പും വിമര്‍ശനവും ഏറ്റുവാങ്ങി വിവാദങ്ങളില്‍ തളരാതെ സ്മൃതി പിടിച്ചുനിന്നത് എല്ലാവര്‍ക്കും മറുപടി നല്‍കാനായിരുന്നു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്നും കോണ്‍ഗ്രസിന്റെ യുവരാജാവെന്നും വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാത് രാഹുല്‍ ഗാന്ധിയെ തറപറ്റിച്ച് അമേഠിയില്‍ വിജയക്കൊടി പാറിച്ച് സ്മൃതി ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ താരമായി മാറിയിരിക്കുന്നു.

പ്ലസ് ടു മാത്രം വിദ്യാഭ്യാസമുള്ള വെറുമൊരു സീരിയല്‍ നടിയെന്ന് തുടങ്ങി വ്യക്തിപരമായി അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ സ്മൃതി ഇറാനിക്ക് മേല്‍ പതിഞ്ഞിട്ടുണ്ട്. 2014 ല്‍ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും ഇളമുറക്കാരിയെന്ന വിശേഷണം 38 കാരിയായ സ്മൃതി ഇറാനിക്കായിരുന്നു. രാഷ്ട്രീയമായിരുന്നില്ല മോഡലിംഗും അഭിനയവുമായിരുന്നു തട്ടകം. പഞ്ചാബി-ബംഗാളി കുടുംബത്തിലെ അംഗമായി ഡല്‍ഹിയിലായിരുന്നു ജനനം. അവതാരകയായും സീരിയല്‍ അഭിനേത്രിയായും ആയിരങ്ങളുടെ മനം കവര്‍ന്ന സ്മൃതി രാഷ്ട്രീയത്തിലെത്തിയത് 2003ല്‍. തൊട്ടടുത്ത വര്‍ഷം ചാന്ദിനി ഛൗക്കില്‍ നിന്ന് കോണ്‍ഗ്രസിലെ പ്രബലനായ കപില്‍ സിബലിനോട് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്ന് മഹാരാഷ്ട്ര യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റായി. ് കേന്ദ്രകമ്മിറ്റിയില്‍ അഞ്ച് തവണ എക്‌സിക്യൂട്ടീവ് അംഗമായി. പിന്നീട് ദേശീയ സെക്രട്ടറിയായി, മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയായി. 2011 ല്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി.

ഇംഗ്ലീഷിലും ഹിന്ദിയിലും ഒഴുക്കോടെ സംസാരിക്കുന്ന സ്മൃതി ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി. അനായാസം വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങള്‍ ധാരാളമുണ്ടായിട്ടും കോണ്‍ഗ്രസ് കുത്തകമണ്ഡലമായ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ നേരിടാനായിരുന്നു ബിജെപി സ്മൃതിയെ നിയോഗിച്ചത്. പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി സ്മൃതിയുടെ സാന്നിധ്യം കൊണ്ട് അമേത്തി. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകള്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കി പലപ്പോഴും സ്മൃതി ഒന്നാമതെത്തി. അമേത്തിയില്‍ ചരിത്രവിജയം പ്രതീക്ഷിച്ചതാണ് ബിജെപി. വിജയിക്കാനായില്ലെങ്കിലും രാഹുലിന്റെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ സ്മൃതിക്കായി. അന്നത്തെ ആ പരാജമാണ് സ്മൃതിയെ ഇന്ന് താരമാക്കുന്നതും. പരാജയപ്പെടുത്തിയ ജനതയില്‍ നിന്ന് വിട്ടുനില്‍ക്കാതെ രാഹുലിന്റെ മണ്ഡലത്തില്‍ ജനങ്ങളുടെ മനസ് പിടിച്ചെടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു സ്മൃതി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഭിനവ ചാണക്യന്‍ അമിത് ഷാ അതിനുള്ള കളമൊരുക്കിയപ്പോള്‍ മാനസപുത്രിയെന്നപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്മൃതിക്ക് പച്ചക്കൊടിയും നല്‍കി.

രാഹുലായിരുന്നില്ല അമേത്തിയിലെ എംപി, തോറ്റ സ്ഥാനാര്‍ത്ഥി വികസനവുമായി ഒപ്പം നിന്നപ്പോള്‍ ഗാന്ധികുടുംബത്തിന് പതിറ്റാണ്ടുകളായി ജയ് വിളിച്ചുനിന്നവര്‍ക്ക് സംശയമായി, സ്മൃതി ചൂണ്ടിക്കാണിക്കുന്നതുപോലെ ജയിപ്പിച്ചയച്ച ഗാന്ധികുടുംബം എന്താണ് തങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്ന് ആദ്യമായി അവര്‍ തമമില്‍ ചോദിച്ചുതുടങ്ങിയപ്പോള്‍ വിജയമുറപ്പിക്കുകയായിരുന്നു സ്മൃതി. അമേഠിയിലെ മണ്ണ് കാല്‍ച്ചുവട്ടില്‍ നിന്ന് ഒലിച്ചുപോകുകയാണെന്ന് മനസിലാക്കിയ എംപി രാഹുല്‍ ഗാന്ധി വികസനവുമായി മണ്ഡലത്തിലെത്തിയപ്പോള്‍ ഒരുപാട് വൈകി. തിരിച്ചുപിടിക്കാനാകാത്ത വിധം അമേഠിയിലെ ജനങ്ങള്‍ അകലുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് രാഹുല്‍ സുരക്ഷിതമണ്ഡലം തേടി വയനാട്ടിലെത്തിയത്. രാഹുലിനെ തട്ടകത്തില്‍ കീഴ്‌പ്പെടുത്തുക എന്ന മോദിയുടെയും ഷായുടെയും സ്വപ്‌നം സ്മൃതി ഇറാനി സാക്ഷാത്കരിക്കുമ്പോള്‍ തലമൂത്ത രാഷ്ട്രീയ നേതാക്കള്‍ പോലും സീരിയല്‍ നടിയെന്ന് അവഹേളിച്ച് മാറ്റിനിര്‍ത്തിയ ഈ യുവതിയില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ഒരുപാട് പാഠങ്ങള്‍ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.

1977ല്‍ ജനതാ പാര്‍ട്ടിയും 1998ല്‍ ബിജെപിയും ജയിച്ചതൊഴിച്ചാല്‍ മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം അമേത്തിയില്‍ വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസ്സാണ്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ അതികായരെ തെരഞ്ഞെടുത്ത വിവിഐപി മണ്ഡലത്തെ 2004 മുതല്‍ രാഹുല്‍ ഗാന്ധിയാണ് പ്രതിനിധീകരിക്കുന്നത്. 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം 3,70,198ല്‍നിന്നും 1,07,903 ആയി സ്മൃതി കുറച്ചിരുന്നു. ഒറ്റ തെരഞ്ഞെടുപ്പില്‍ 2,62,295 വോട്ടുകളാണ് രാഹുലിന് നഷ്ടപ്പെട്ടത്. തുടര്‍ന്ന് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തുടര്‍ന്നു. അമേത്തി ലോക്സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളില്‍ ഒരിടത്തും കോണ്‍ഗ്രസ്സിന് ജയിക്കാന്‍ സാധിച്ചില്ല. ബിജെപി നാല് സീറ്റ് പിടിച്ചപ്പോള്‍ ഒരിടത്ത് സമാജ്വാദി പാര്‍ട്ടി ജയിച്ചു.

മുതിര്‍ന്ന നേതാക്കള്‍ ഒരുപാടുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്മൃതിയെ മോദി -ഷാ കൂട്ടുകെട്ട് കേന്ദ്രമന്ത്രിയാക്കിയത് ഒന്നും കാണാതെയായിരുന്നില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വിളിച്ചുപറയുന്നുണ്ട്. അധികാരകസേരയില്‍ മാറി മാറിയിരുന്ന് ആസനത്തില്‍ തഴമ്പ് വീണിട്ടും ഗാന്ധികുടുംബത്തിന് അമേഠിയുടെ ദരിദ്രമുഖം മിനുക്കാന്‍ പോലുമായില്ല. അവിടെയാണ് സ്മൃതി സാധ്യതകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് തുടങ്ങിവച്ച പലതും സ്മൃതിക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതിയതായി പലതും തുടങ്ങി വയ്ക്കാനുമുണ്ട്. എന്തായാലും അമേഠി ബിജെപിയുടെ പരീക്ഷണ ശാലയാണ്. പരീക്ഷണം വിജയിച്ചാല്‍ ഈ മണ്ഡലം പലര്‍ക്കും ഉദാഹരണമാകും. അങ്ങനെയൊക്കെ സംഭവിക്കുമെങ്കില്‍, അല്ലെങ്കില്‍ ബിജെപി അത് നടപ്പിലാക്കുമെങ്കില്‍ സംശയിക്കാനില്ല അമേഠി ഗാന്ധി കുടുംബത്തെ പാടേ മറന്നു കളഞ്ഞേക്കും.

Tags

Post Your Comments


Back to top button
Close
Close