KeralaLatest News

വ്യാജരേഖാ കേസിൽ ഫാ. ആൻറണി കല്ലൂക്കാരന്‍റെ അറസ്റ്റ് ഈ മാസം 28 വരെ പാടില്ലെന്ന് കോടതി നിർദ്ദേശം

കൊച്ചി: സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട വ്യാജരേഖാക്കേസിലെ നാലാംപ്രതി ഫാദർ ആന്‍റണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യുന്നത് ഈ മാസം 28 വരെ കോടതി തടഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാക്കുന്നത് വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്നാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ നിർദേശം. ഫാദർ ആന്‍റണി കല്ലൂക്കാരന് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള നിർദ്ദേശം. ഈ മാസം 28ന് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കും.
അതേസമയം ടോണി കല്ലൂക്കാരനും മറ്റു വൈദികർക്കെതിരെ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയിൽ അറിയിച്ചു.

അതിനിടെ കേസിലെ ഒന്നാം പ്രതി ഫാ. പോൾ തേലക്കാടിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാദർ പോൾ തേലക്കാട് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും 28ന് വിശദമായ വാദം കേൾക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഫാദർ പോൾ തേലക്കാട് ഇപ്പോൾ. വൈദികരായ പോൾ തേലക്കാടും ടോണി കല്ലൂക്കാരനും നിർദ്ദേശിച്ചതനുസരിച്ചാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നാണ് ആദിത്യൻ പൊലീസിന് നൽകിയ മൊഴി. ഇയാൾ നിലവിൽ റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കും.

ഇതിനിടെ കാക്കനാട് മജിസ്ട്രേറ്റിന് ആദിത്യന്‍ നല്‍കിയ മൊഴിയുടെ പകർപ്പ് പുറത്തായി. ഒരു സ്വകാര്യ ചാനലാണ് ഇത് പുറത്ത് വിട്ടത്. തന്നെ പൊലീസ് ക്രൂരമായി മർദിച്ചാണ് വൈദികരുടെ പേര് പറയിപ്പിച്ചതെന്ന് മൊഴിയില്‍ ആദിത്യന്‍ പറയുന്നുണ്ട്. വൈദികരുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായും നല്‍കിയതായും മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button