Latest NewsIndia

തിരഞ്ഞെടുപ്പിന് പിന്നാലെ അമേഠിയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊട്ടിത്തെറി : തോറ്റ എംപി ആയിട്ടും സ്മൃതി മണ്ഡലത്തെ കൈവിട്ടില്ല

അമേഠിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സ്മൃതി ഇറാനിയുടെ വിജയം.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അമേഠിയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊട്ടിത്തെറികളും തുടരുകയാണ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഡി.സി.സി. പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു. രാഹുലിന്റെ പ്രതിനിധിയായി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രകാന്ത് ദുബ്ബെക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമർഷമുണ്ട്. അമേഠിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സ്മൃതി ഇറാനിയുടെ വിജയം.

ഒരിടത്തുപോലും രാഹുല്‍ഗാന്ധിക്ക് മുന്നിലെത്താനായില്ല. ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം മുതല്‍ സംസ്ഥാന നേതൃത്വം വരെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. ഇതോടൊപ്പം സ്മൃതി ഇറാനിയുടെ നേരിട്ടുള്ള പ്രചാരണവും രാഹുലിന്റെ അസാന്നിധ്യവും ബി.ജെ.പി.ക്ക് തുണയായി. ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ ചരിത്രവിജയുമായി സ്മൃതി ഇറാനി ലോക്‌സഭയിലേക്ക്. 49.7 ശതമാനം വോട്ടുവിഹിതം നേടിയായിരുന്നു സ്മൃതി ഇറാനിയുടെ വിജയം.

രാഹുല്‍ഗാന്ധിക്ക് കിട്ടിയതാകട്ടെ 43.9 ശതമാനം വോട്ടും. രാഹുല്‍ഗാന്ധിക്കായി മഹാസഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും ദളിത്, ന്യൂനപക്ഷ വോട്ടുകളെല്ലാം കൃത്യമായി അക്കൗണ്ടിലാക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം എം.പിയെ കാണാതിരുന്ന ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി. പ്രചാരണം സ്വാധീനമുണ്ടാക്കി. പകരം തോല്‍വിയറിഞ്ഞിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷം അമേഠിയിലെത്തി പ്രവര്‍ത്തിച്ച സ്മൃതി ഇറാനിക്ക് അവര്‍ വോട്ട് നല്‍കി. ഇതോടൊപ്പം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവും ബി.ജെ.പി. സമര്‍ഥമായി ഉപയോഗിച്ചു.

അമേഠിയില്‍ പരാജയം ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ പോയതന്നെ പ്രചാരണം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി. ചുരുക്കിപ്പറഞ്ഞാല്‍ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവും രാഹുലിന് തിരിച്ചടിയായി. സ്മൃതി ഇറാനിയുടെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലം ആദ്യം പ്രതിഫലിച്ചത് 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിലായിരുന്നു. അമേഠി ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ നാലിലും ബി.ജെ.പി. ജയിച്ചുകയറി. തിലോയി, സലോണ്‍, ജഗദീഷ്പുര്‍,അമേഠി എന്നിവിടങ്ങളില്‍ ബി.ജെ.പി. വെന്നിക്കൊടി പാറിച്ചു.

ഒരു സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയും വിജയിച്ചു. 2014-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സ്മൃതി ഇറാനി മോദി മന്ത്രിസഭയില്‍ അംഗമായിരുന്നു. കേന്ദ്രമന്ത്രി പദം ലഭിച്ചിട്ടും വീണ്ടും അമേഠി കേന്ദ്രീകരിച്ചുതന്നെയായിരുന്നു അവരുടെ പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാരിന്റെ ഓരോ പദ്ധതികളും അമേഠിയിലെത്തിക്കാനും അതിന് നേതൃത്വം നല്‍കാനും സ്മൃതി ഇറാനി മണ്ഡലത്തില്‍ നേരിട്ടെത്തുകയും ചെയ്തിരുന്നു. രാഹുലാകട്ടെ മണ്ഡലത്തെ പാടേ മറക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button