Latest NewsEducation & Career

ടി സി ഇല്ലാതെയും സ്‌കൂള്‍ മാറ്റം സാധ്യം; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു ടിസി ഇല്ലാതെയും പ്രവേശനം നല്‍കാന്‍ എയ്ഡഡ് സ്‌കൂളുകളോടു നിര്‍ദേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2 മുതല്‍ 8 വരെ ക്ലാസുകളിലേക്കു പ്രായപരിശോധന മതി. 9, 10 ക്ലാസുകളില്‍ സ്‌ക്രീനിങ് ടെസ്റ്റുമുണ്ടാകും.

സിബിഎസ്ഇ/ഐസിഎസ്ഇ/കെഇആര്‍ ഉള്‍പ്പെടെ ബോര്‍ഡുകളുടെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതു സംബന്ധിച്ച അപ്പീലുകളും റിവ്യൂ ഹര്‍ജികളും ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 13നു പരിഗണിക്കും. 20നു വാദം നടക്കും.
സ്‌കൂളുകളുടെ അംഗീകാരത്തിനും എന്‍ഒസിക്കുമുള്ള അപേക്ഷകളില്‍ പരിശോധന മേയ് 31നകം പൂര്‍ത്തിയാക്കും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജൂണ്‍ 15 വരെ സമയം വേണമെന്നും അപേക്ഷ വൈകിയതു മാപ്പാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

അതേസമയം സംസ്ഥാനത്തെ നൂറോളം എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ്‌വണ്‍ കമ്യൂണിറ്റി ക്വോട്ട പ്രവേശനം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ന്യൂനപക്ഷ പദവി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ഈ സ്‌കൂളുകളിലെ പ്രവേശന നടപടികള്‍ വിദ്യാഭ്യാസവകുപ്പ് തടഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച സ്‌കൂളുകള്‍ക്ക് അവ ഇതുവരെ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്‌മെന്റിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹൈസ്‌കൂളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ട ന്യൂനപക്ഷ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഭൂരിഭാഗവും അതതു ഹൈസ്‌കൂളിനു ലഭിച്ച ന്യൂനപക്ഷ പദവി സര്‍ട്ടിഫിക്കറ്റാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശന അനുമതിക്കായി ഇതുവരെ ഹാജരാക്കിയിരുന്നത്. എന്നാല്‍, ഇത്തവണ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു പ്രത്യേകമായി ന്യൂനപക്ഷ പദവി സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നാണു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ നിബന്ധന. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണു മാനേജ്‌മെന്റുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button