KeralaLatest News

മുക്കുപണ്ടം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ

ആലപ്പുഴ: മുക്കുപണ്ടം ഉപയോഗിച്ച് പണം തട്ടിയിരുന്ന സംഘത്തെ പൊലിസ് അറസ്റ്റുചെയ്തു. ഇടുക്കി പെരുംതോട്ടി കപ്യാര്‍കുന്നേല്‍ വീട്ടില്‍ സുനീഷ് (25), കോതമംഗലം വാരാപ്പെട്ടി ചാലില്‍ ബിജു (40) കീരിക്കാട് കണ്ണമ്പള്ളിഭാഗം ആശാരിത്തറ പടീറ്റതില്‍ സന്തോഷ്‌കുമാര്‍ (43), ) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. പന്ത്രണ്ട് സ്ഥലങ്ങളിൽ നിന്നായി ഒന്‍പതരലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് പറയുന്നത്. സ്വർണ്ണ പണയ സ്ഥാപനങ്ങളിൽ നിന്നാണ് പണം തട്ടിയിരുന്നത്‌.

ഏപ്രിൽ മാസം 29ന് ഇവര്‍ കണ്ടല്ലൂര്‍ പേരാത്തുമുക്കിൽ പ്രവര്‍ത്തിക്കുന്ന കെ ആര്‍ ഫൈനാന്‍സിയേഴ്‌സില്‍നിന്ന് മുക്കുപണ്ടം വെച്ച് 40,000 രൂപ തട്ടിയെടുത്തു. രണ്ടുദിവസത്തിനുശേഷം ഇവിടെ വീണ്ടും തട്ടിപ്പു നടത്താൻ ഇവരുടെ സംഘത്തിലെ മറ്റൊരാളെത്തി. ഇതിൽ നിന്നും സ്ഥിരമായി തട്ടിപ്പ് നടത്തുന്ന സംഘമാകാം സംഭവത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ തട്ടിപ്പ്സംഘത്തിലെ ആൾ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും കൊട്ടാരക്കര സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞു. ഇയാൾ പുതിയവിള സ്വദേശിക്ക് വിറ്റതായിരുന്നു വാഹനം. തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയായ സുനീഷിനുവേണ്ടിയാണ് വാഹനം വാങ്ങിയതെന്ന് പോലീസിന് മൊഴിനല്‍കി. സുനീഷിന് തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ല എന്ന കാരണം പറഞ്ഞാണ് അയല്‍വാസിയുടെ പേരില്‍ വാഹനം വാങ്ങിയത്. പിന്നീട് സുനീഷിനെ പുല്ലുകുളങ്ങര എസ് ബി ഐ. എ ടി എമ്മിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തു. സന്തോഷ്, ബിജു എന്നിവരെ കീരിക്കാട്ടുള്ള സന്തോഷിന്റെ വീട്ടില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ ഇവര്‍ വിവിധയിടങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതായി തെളിഞ്ഞു. കരീലക്കുളങ്ങര എസ് ബി ഐ യില്‍നിന്ന് രണ്ടുതവണയായി 1,20,000 രൂപ തട്ടിയെടുത്തിട്ടുണ്ട്. കാരിച്ചാല്‍, പായിപ്പാട്, കരുവാറ്റ, അമ്പലപ്പുഴ, വേലഞ്ചിറ, ഹരിപ്പാട് നാരകത്തറ, എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് പണം കബളിപ്പിച്ചെടുത്തു. കൂടാതെ ഇടുക്കി ജില്ലയിലെ ചെറുതോണി, മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇതേ രീതിയിൽ തട്ടിപ്പ് നടത്തി.

ഇവരുടെ സംഘത്തില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നും എല്ലാവരെയും പിടികൂടാനുള്ള ശ്രമം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കായംകുളം ഡിവൈ എസ് പി. ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button