Latest NewsIndia

കേരളത്തിൽ ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രചരിക്കുമ്പോഴും, ഇത്തവണ ബിജെപി ജയിച്ചു കയറിയത് ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള 41 ലോക്‌സഭ മണ്ഡലങ്ങളിൽ

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ പകുതിയും പിടിച്ചെടുത്തത് ബിജെപി. കേരളത്തിൽ ഉൾപ്പെടെ വ്യാപക പ്രചാരണമായിരുന്നു ബിജെപി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും. ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ടുകൊടുക്കില്ലെന്നും എന്നാൽ യാഥാർഥ്യം വ്യത്യസ്തമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമോ വലിയ സ്വാധീനമോ ഉള്ള 90 ജില്ലകളാണ് ഉള്ളത്. ഇവയിലായി പടര്‍ന്നു കിടക്കുന്ന, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള 79 ലോക്‌സഭാ മണ്ഡലങ്ങളില്‍ 41 എണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.

ഇതോടെ ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ബിജെപി ന്യൂനപക്ഷ വിരുദ്ധരെന്നുമുള്ള പ്രചാരണങ്ങളാണ് തകര്‍ന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള 34 ലോക്‌സഭ മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചിരുന്നതെങ്കില്‍ ഇക്കുറി അത് 41 ആയി. കോണ്‍ഗ്രസ് 2014ല്‍ നേടിയത് ഇത്തരം 12 മണ്ഡലങ്ങളായിരുന്നു. ഇക്കുറി ആറായി കുറഞ്ഞു. മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഇക്കുറി വോട്ട് ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ഈ മണ്ഡലങ്ങളിലെ സാമൂഹ്യ, സാമ്പത്തിക സൂചകങ്ങളും അടിസ്ഥാന സൗകര്യങ്ങളും ദേശീയ ശരാശരിക്കും താഴെയാണ്. അതിനാല്‍, ബിജെപി വന്നാലെ തങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കൂയെന്നും വികസനമെത്തൂയെന്നും മനസിലാക്കി ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ബംഗാളില്‍ ബിജെപി നേടിയത് 18 ലോക്‌സഭാ സീറ്റുകളാണ്. ഇവയില്‍ പലതും മുസ്ലീങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ബംഗാളിലെ അമ്പത് ശതമാനത്തിലേറെ മുസ്ലീം ജനസംഖ്യയുള്ള മാള്‍ദ നോര്‍ത്തില്‍ ബിജെപിയുടെ ഖഗന്‍ മുര്‍മു തൃണമൂലിന്റെ മൗസം നൂറിനെ 84,288 വോട്ടിന് തോല്‍പ്പിച്ചു.

30 ശതമാനം മുസ്ലീങ്ങളുള്ള കൂച്ച്‌ബെഹാറില്‍ ബിജെപിയുടെ നിശീത് പ്രമാണിക് തൃണമൂലിന്റെ പരേഷ് ചന്ദ്ര അധികാരിയെ തോല്‍പ്പിച്ചത് 54,231 വോട്ടുകള്‍ക്ക്. 35 ശതമാനം മുസ്ലീങ്ങളുള്ള ബാലൂര്‍ഘട്ടിലും 20 ശതമാനം ന്യൂനപക്ഷങ്ങളുള്ള ബങ്കൂറയിലും ഹുഗ്ലിയിലും (20 ശതമാനം) ബിജെപിയാണ് മികച്ച ഭൂരിപക്ഷത്തിന് ജയിച്ചത്. ബര്‍ദ്വാന്‍ ദുര്‍ഗാപ്പൂരില്‍ (15 ശതമാനം) ജയിച്ചത് ബിജെപിയുടെ എസ്.എസ്. അലുവാലിയ. ബീഹാറിലെ അരാരിയയില്‍ (45 ശതമാനം) ബിജെപിയുടെ പ്രദീപ് സിങ് ആര്‍ജെഡിയുടെ സര്‍ഫ്രാസ് ആലമിനെ ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

ദര്‍ഭംഗയില്‍ (23 ശതമാനം) ബിജെപിയുടെ ഗോപാല്‍ ജീ താക്കൂര്‍ ആര്‍ജെഡിയുടെ അബ്ദുള്‍ ബാരി സിദ്ധിക്കിനെ 2,67,979 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഉത്തര ദിനാജ്പ്പൂരിലെ റായിഗഞ്ജ് 49 ശതമാനത്തിലേറെ മുസ്ലീങ്ങളുള്ള മണ്ഡലമാണ്. പക്ഷെ ഇവിടെ ജയിച്ചത് ബിജെപിയുടെ ദേവശ്രീ ചൗധരിയാണ്. തൃണമൂലിന്റെ അഗര്‍വാള്‍ കനയ്യലാലിനെ 60,574 വോട്ടിന് ദേവശ്രീ തോല്‍പ്പിച്ചു.അടുത്ത മണ്ഡലമായ ജല്‍പായ്ഗുഡിയില്‍ ബിജെപിയുടെ ജയന്ത് കുമാര്‍ റോയി തൃണമൂലിന്റെ സിറ്റിങ് എംപി ബിജോയ് ചന്ദ്രയെ 1,84,004 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. ഇവിടെ 20 ശതമാനം മുസ്ലീങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button