Latest NewsIndia

തട്ടുകട ഇഡ്ഡിലിയും ചട്‌നിയും സൂപ്പറാ! എന്നാല്‍ പാകംചെയ്യാന്‍ വെള്ളമെടുത്തത് കക്കൂസില്‍ നിന്ന്; വീഡിയോ

മുംബൈ: ഒട്ടുമിക്കവരും ഇന്ന് തട്ടുകട ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. ഹോട്ടലുകളെ അപേക്ഷിച്ച് കീശകീറാതെ രുചികരമായ ഭക്ഷണം കഴിക്കാം. എന്നാല്‍ റോഡ്‌സൈഡില്‍ നടത്തുന്ന ഇത്തരം കടകളിലേക്ക് എവിടെ നിന്നാണ് പാചകത്തിനും മറ്റുമായുള്ള വെള്ളമെത്തിക്കുന്നത് എന്നത് ഏറെ പ്രാധാന്യമുള്ള ഒരു ചോദ്യമാണ്. പലപ്പോഴും നാം അത്തരം കാര്യങ്ങള്‍ ചിന്തിക്കാറുപോലുമില്ല. എന്നാല്‍ ഇഡ്ഡലിക്ക് ചട്നി ഉണ്ടാക്കാന്‍ കക്കൂസില്‍ നിന്ന് തട്ടുകട ഉടമ വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

മുംബൈയിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മുംബൈയിലെ ബോറിവാലി റെയില്‍വെ സ്റ്റേഷനിലെ കക്കൂസില്‍ നിന്നാണ് വെള്ളം ശേഖരിച്ചത്. എന്നാല്‍ വീഡിയോ ദൃശ്യത്തില്‍ ഇത് എന്നത്തേതാണെന്ന് വ്യക്തമാകുന്നില്ല. പല തട്ടുകടകളും വളരെ വൃത്തിയോട് കൂടിയും ലൈസന്‍സോടുകൂടിയുമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചിലതെല്ലാം നിയമലംഘനം നടത്തി വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകകളാണെന്നാണ് ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഈ ജലം മലിനമായിരിക്കുമെന്നും ഇതുപയോഗിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അറിയിപ്പില്‍ ചൂണ്ടിക്കാട്ടി.

വീഡിയോ ചിത്രീകരിച്ച സമയവും സാഹചര്യവും അറിയാതെ നടപടികളിലേക്ക് കടക്കാനാവില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ ശൈലേഷ് അഥാവ് പറഞ്ഞു. കടക്കാരനെ പിടികൂടിയാല്‍ ഉടന്‍ ഇദ്ദേഹത്തിന്റെ ലൈസന്‍സും മറ്റ് രേഖകളും പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button