ArticleKeralaLatest News

പ്രണയ സല്ലാപങ്ങളുടെ ന്യൂജെന്‍ വിശേഷങ്ങള്‍ ചിരിയുടെ പൂരക്കാഴ്ച പകരുന്ന നാട്ടുവിശേഷങ്ങള്‍ ആകുമ്പോള്‍

അഞ്ജു പാര്‍വതി പ്രഭീഷ്‌

ഉദയനാണ് താരം എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രമായ ഉദയഭാനു ഇങ്ങനെ പറയുന്നുണ്ട്.” ഉദയഭാനുവിന് ജീവിതത്തിൽ ഒരു കാമുകിയേ ഉളളൂ,സിനിമ ‘
ഈ സംഭാഷണം പറയാതെ പറയുന്നത് ഏതൊരു സിനിമാ കലാകാരന്റെയും മനസ്സിലെ സിനിമയോടുള്ള അടങ്ങാത്ത പ്രണയവും അഭിനിവേഷവുമാണ്.അങ്ങനെയുള്ള നിരവധി കാമുകന്മാർ ചേർന്ന് അലങ്കരിച്ചൊരുക്കുന്ന നിത്യകാമുകിയായ സിനിമയെ ജനപ്രിയമാക്കുന്നവരാണ് പ്രേക്ഷകർ.അവർ സിനിമയെന്ന സുന്ദരിയെ ഹൃദയത്തോട് അങ്ങനെ വെറുതെയൊന്നും അടുപ്പിക്കുകയില്ല!അഴകളവുകൾക്കൊപ്പം ബുദ്ധിയും വിവേകവും അടക്കവും ഒതുക്കവും നർമ്മഭാഷണവുമൊക്കെയുള്ള ഒരു പെൺകുട്ടിയെ പോലെയാകണം സിനിമ.അത്തരം സിനിമകളെ മാത്രമേ മലയാളിപ്രേക്ഷകർ ഹൃദയത്തിൽ പ്രതിഷ്ഠിക്കാറുള്ളൂ.കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ ആ നന്മകളെ കൈവെള്ളയിലൊതുക്കി പുതിയ കാലത്തിന്റെ നാട്ടുവിശേഷങ്ങളുമായി ടീം ഈസ്റ്റ്കോസ്റ്റിലെ ഉദയഭാനുക്കൾ അണിയിച്ചൊരുക്കുന്ന അതീവസുന്ദരിയായ പെൺകുട്ടി അരങ്ങത്തെത്താൻ ഒരുങ്ങുകയായി.

Chila NewGen Nattuvisheshangal 2

സംഗീതം,പ്രണയം,ശുദ്ധഹാസ്യം,കുടുംബം ഈ നാലു ചേരുവകളെ സമാസമം ചേർത്തിണക്കി ആസ്വാദനത്തിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുവാനുള്ള രസക്കൂട്ടുമായെത്തുന്ന സിനിമയാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.കാലത്തെ അടയാളപ്പെടുത്തുന്ന തിരക്കഥകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴും പ്രേക്ഷകശ്രദ്ധ ആകർഷിക്കാറുണ്ട്. ആക്ഷേപഹാസ്യ സ്വഭാവത്തില്‍ സമൂഹത്തിൽ ഇന്ന് നടക്കുന്ന പലതരം അരാജകത്വങ്ങളുടെ നേർക്ക് ഒരു നോട്ടമയയ്ക്കാൻ ഈ ചലച്ചിത്രം സമയം കണ്ടെത്തുന്നുണ്ട്.സമൂഹത്തില്‍ ജീവിക്കുന്ന ചില മനുഷ്യരുടെ നന്മകളെയും ,ദുരാഗ്രഹങ്ങളെയും ജീവിക്കാനുള്ള നെട്ടോട്ടങ്ങളെയും അതിനിടയിൽ സംഭവിക്കുന്ന ആകസ്മിതകളെയും പ്രണയത്തിന്റെ ചട്ടക്കൂട്ടിലൊതുക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് വീണ്ടും ചില നാട്ടുവിശേഷങ്ങൾ.നൊസ്റ്റാൾജിയയും സംഗീതവും പ്രണയവുമാണ് എല്ലാകാലത്തും മാർക്കറ്റുളള വിഷയങ്ങൾ.ഈ വിഷയങ്ങൾക്കൊപ്പം കാലഘട്ടത്തിനു കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് അവതരിക്കപ്പെടുമ്പോൾ ഏതൊരു സിനിമയും രസകരമായ വിനോദോപാധിയായി മാറുന്നുവെന്ന് അടയാളപ്പെടുത്തുന്നു ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.

Chila NewGen Nattuvisheshangal

ടെക്നോളജിയുടെ വളർച്ച ഫോർമുലകൾക്ക് അപ്പുറം സിനിമയെ സ്വീകരിക്കാൻ പ്രേക്ഷകരെ പ്രാപ്തരാക്കിയിട്ടുണ്ട്.മുമ്പ് ജനങ്ങളിൽ നിന്ന് സിനിമ ഏറെ അകലെയായിരുന്നു. ഇപ്പോൾ ക്യാമറയും എഡിറ്റിങ്ങും ആംഗിളുകളും അറിയാവുന്ന പ്രേക്ഷകർക്കു മുന്നിലേക്കാണ് സിനിമ എത്തുന്നത്.ഇത്തരം പ്രേക്ഷകർക്ക് ഇന്ന് വേണ്ടത് കൃത്യമായ ഒരു എലമെന്റ് ഉള്ള സിനിമകളാണ്. ആ കഥാതന്തു വികസിക്കുന്നതായിരിക്കണം സിനിമ. അതിൽ ആവോളം നർമ്മവും സംഗീതവും കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന രംഗങ്ങളും വേണം.ഈയൊരു തിരിച്ചറിവ് കണ്ടറിഞ്ഞ് എടുത്തിട്ടുള്ളതാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ.നോണ്‍ ലീനിയര്‍ നരേറ്റീവ്, ആ സങ്കേതം വഴങ്ങാത്തവര്‍ പോലും എടുത്ത് പ്രയോഗിക്കുന്ന കാലത്ത് ലീനിയര്‍ നരേറ്റീവിലെ ലളിതമായ കഥപറച്ചിലാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.പ്രേക്ഷകർക്ക് അവരുമായി റിലേറ്റ് ചെയ്യാൻ കഴിയുന്നവരെയാണ് ഇഷ്ടം. സാമൂഹിക പ്രശ്നങ്ങൾ, അനുഭവങ്ങൾ ഇവയൊക്കെ ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രേക്ഷകനു കഥാപാത്രങ്ങളോട് തോന്നുന്ന അടുപ്പം സ്വഭാവികമായും സിനിമയോടും തോന്നും.

Chila NewGen Nattuvisheshangal

ശുദ്ധ നര്‍മ്മവും ഇണക്കങ്ങളും പിണക്കങ്ങളും ജീവിത പ്രാരാബ്ധങ്ങളും നിറഞ്ഞ ഈ നാട്ടുവിശേഷങ്ങൾ പണം മുടക്കി തിയറ്ററില്‍ കയറുന്ന കുടുംബ പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരന്‍റിയാണ് ഉറപ്പ് കൊടുക്കുന്നത്.ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ജനപ്രിയ സീരിയലുകളുടെ അവിഭാജ്യ ഘടകമായ അവിഹിതമോ തിരുകി കയറ്റിയിട്ടില്ല എന്നതിന്‍റെ ഉറപ്പ്. പുതു തലമുറ സംവിധായകര്‍ കഥാ തന്തു തേടി ഫ്രഞ്ചും കൊറിയനും തുടങ്ങി പേരറിയാത്ത ഭാഷകളിലെ സിനിമകള്‍ വരെ ഇന്‍റര്‍നെറ്റിലൂടെ അരിച്ചു പെറുക്കുമ്പോള്‍ തന്റെ സിനിമയ്ക്കുള്ള ആശയങ്ങള്‍ നമ്മുടെ സ്വന്തം ചുറ്റുപാടുകളിൽ നിന്നു തന്നെ കണ്ടെത്തി പുതിയ കാലത്തിന്റെ രീതിയിൽ അവതരിപ്പിക്കുകയാണ് സംവിധായകനായ ശ്രീ.ഈസ്റ്റ്കോസ്റ്റ് വിജയൻ.പൊതുസമൂഹവുമായി കണ്ണിചേർന്നുപോകാൻ കഴിയുന്ന കഥയിൽ കാഴ്ചക്കാരുടെ ആസ്വാദനതലം തിരിച്ചറിഞ്ഞ് സംവിധാനം ചെയ്യാൻ ആത്മാർത്ഥമായ പരിശ്രമം അദ്ദേഹം നടത്തിയിട്ടുണ്ട്. ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ കാണിച്ചുകൂട്ടുന്ന തമാശകൾക്ക് പ്രസക്തിയില്ലെന്ന വൻ അടയാളപ്പെടുത്തലു കൂടിയാണ് ഈ ചിത്രം.ചുരുക്കത്തിൽ കാശു മുടക്കി തിയേറ്ററിലെത്തുന്ന പ്രേക്ഷകർക്ക് നൂറു ശതമാനം ആസ്വദിക്കാനുതകുന്നസംഗീതം,പ്രണയം,ഹാസ്യം,കുടുംബബന്ധങ്ങൾ എന്നീ നാലു ചേരുവകൾ ചേർത്തുണ്ടാക്കിയ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button