KeralaLatest News

അച്ചടക്ക നടപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി; എല്‍.ജെ.ഡിയില്‍ ഭിന്നത രൂക്ഷം

കോഴിക്കോട് : സംസ്ഥാന കമ്മറ്റി സ്വീകരിച്ച അച്ചടക്ക നടപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ ചൊല്ലി എല്‍.ജെ.ഡിയില്‍ ഭിന്നത രൂക്ഷം. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, യുവജന വിഭാഗം ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ എന്നിവരെ ശാസിച്ചത് ചോര്‍ത്തി നല്‍കിയതിനെതിരെ കോഴിക്കോട് ജില്ലാ കമ്മറ്റി കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തി.

തുടര്‍ന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ്‌കുമാര്‍ വാര്‍ത്ത ചോര്‍ത്തിയത് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കി. പാര്‍ട്ടി രഹസ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് ശ്രേയംസ്‌കുമാറിന് ഒപ്പം നില്‍ക്കുന്നവര്‍ തന്നെയാണെന്ന ആക്ഷേപവും മനയത്ത് ചന്ദ്രന് ഒപ്പം നില്‍ക്കുന്നവര്‍ക്ക് ഉണ്ട്. അടുത്ത സംസ്ഥാന കമ്മറ്റി യോഗത്തില്‍ മനയത്തിനൊപ്പമുള്ളവര്‍ ഇക്കാര്യം ഉയര്‍ത്തി കൊണ്ടുവരും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയേയും തള്ളിപറഞ്ഞതിനായിരുന്നു മനയത്ത് ചന്ദ്രനെ സംസ്ഥാന കമ്മറ്റി യോഗം ശാസിച്ചത്. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനായിരുന്നു സലീം മടവൂരിനെതിരായ നടപടി.

എന്നാല്‍ രണ്ട് നടപടികളും പുറത്ത് പറയരുതെന്നായിരുന്നു സംസ്ഥാന കമ്മറ്റിയിലെ തീരുമാനം. എന്നാല്‍ വാര്‍ത്ത ചോര്‍ന്നു. ഇതോടെ സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മറ്റി ഇതില്‍ എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്നാണ് വിവരം പുറത്ത് നല്‍കിയതാരാണെന്ന് അന്വേഷിക്കാമെന്ന ഉറപ്പ് ശ്രേയംസ്‌കുമാര്‍ നല്‍കിയത്. ചില നിര്‍ദേശങ്ങളാണ് സംസ്ഥാന കമ്മറ്റി നല്‍കിയതെന്ന നിലപാടാണ് മനയത്ത് ചന്ദ്രനും മുന്നോട്ട് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button