KeralaLatest NewsTechnology

വാട്‌സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ അംഗീകാരം

മങ്കൊമ്പ്: വാട്‌സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരവ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം ലഭിച്ചത്. ഉപയോക്താക്കള്‍ അറിയാതെ വാട്‌സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിയുമെന്ന വാട്ട്‌സ് ആപ്പിലെ പിഴവാണ് 19-കാരനായ അനന്തകൃഷ്ണന്‍ കണ്ടെത്തിയത്.

രണ്ടുമാസം മുമ്പാണ് വാട്‌സ് ആപ്പിലെ ഈ ഗുരുതര പിഴവ് അനന്തകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം ഫേസ്ബുക്ക് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം രണ്ടുമാസക്കാലത്തോളം ഫേസ്ബുക്ക് ഈ പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ സമീപിച്ചത്. ഫേസ്ബുക്കിന്റെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷണന് ഫേസ്ബുക്ക് അധികൃതരുടെ വക 500 ഡോളറും സമ്മാനമായി ലഭിച്ചു. ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്‌സ് പട്ടികയില്‍ 80-ാം സ്ഥാനമാണ് ഇപ്പോള്‍ അനന്തകൃഷ്ണനുള്ളത്.

പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ എത്തിക്കല്‍ ഹാക്കിങില്‍ ഗവേഷണം നടത്തി വരുന്ന അനന്തകൃഷ്ണന്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമുമായും സഹകരിക്കുന്നുണ്ട്. ആലപ്പുഴ മങ്കൊമ്പ് സ്വദേശികളായ കൃഷ്ണകുമാറിന്റെയും ശ്രീജയുടെയും മകനാണ് അനന്തകൃഷ്ണന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button