KeralaLatest News

പാലാരിവട്ടം മേല്‍പ്പാലം; എഫ്‌ഐആര്‍ സമര്‍പ്പിച്ചു, ഉന്നത ഉദ്യാഗസ്ഥര്‍ പ്രതിസ്ഥാനത്ത്

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്‌കോ എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് പ്രതിസ്ഥാനത്ത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ എംഡിയടക്കം ആകെ അഞ്ച് പ്രതികളാണുള്ളത്. ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയില്‍ തന്നെ പാലത്തിന്റെ ഉപരിതലത്തില്‍ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്നു ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്. ഐഐടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണ് ഇപ്പോള്‍ പാലം അടച്ചിട്ടിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവര്‍ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്തിരുന്നു. ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുളള നിര്‍മാണം എന്നിവയാണു ഐഐടി പഠനത്തില്‍ പാലത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായി കണ്ടെത്തിയത്.

പാലത്തിന്റെ നിര്‍മാണത്തിലെ പോരായ്മകള്‍ സംബന്ധിച്ചു ചെന്നൈ ഐഐടിയില്‍ നിന്നെത്തിയ സംഘം റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിജിലന്‍സ് പരിശോധന നടത്തുകയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്തത്. നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയില്‍, സാമഗ്രികളുടെ നിലവാരം മോശമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണു വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. ഡെക്ക് കണ്ടിന്യുറ്റി രീതിയില്‍ പാലം നിര്‍മിക്കാനുളള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button