CricketLatest NewsSports

മഴപ്പേടിയില്‍ ലോകകപ്പ്; കാലാവസ്ഥ കനിയുമോ?

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ലോകകപ്പ് മത്സരങ്ങളെയും ബാധിക്കാന്‍ സാധ്യത. ഈ ആഴ്ച മുഴുവനും ഇംഗ്ലണ്ടില്‍ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം നടക്കുന്ന ബ്രിസ്റ്റോളില്‍ ഇന്നു രാവിലെ മുതല്‍ മഴ പെയ്യുന്നുമുണ്ട്. ഇവിടെ കാറ്റിന്റെ വേഗത 20 കിലോമീറ്ററിനു മുകളിലാണ്. മഴയില്ലെങ്കില്‍ തന്നെ ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടിലെ ഇന്നത്തെ മത്സരത്തില്‍ പേസര്‍മാര്‍ ഈ ആനുകൂല്യം മുതലാക്കും. ഇവിടെ 16 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന താപനില. പൊതുവേ വേഗത കുറഞ്ഞ ഇവിടുത്തെ ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പമേറിയാല്‍ അത് റണ്‍ നിലയെ കാര്യമായി ബാധിക്കും.

നാളെ അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന ടോടണ്ണിലും മഴ തുടരുകയാണ്. എന്നാല്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം നാളെ മഴ കുറഞ്ഞ് തെളിഞ്ഞ കാലാവസ്ഥയാകാന്‍ സാധ്യതയുണ്ട്. പക്ഷേ, സമീപപ്രദേശങ്ങളിലൊക്കെയും മഴ പെയ്യുന്നതിനാല്‍ ഏതു നിമിഷവും മൈതാനത്ത് മഴയുടെ വരവിനെ പ്രതീക്ഷിക്കാം. കളിച്ച രണ്ടു കളിയിലും വിജയിച്ചു കയറിയ ന്യൂസിലന്‍ഡ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ അഫ്ഗാന്‍ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയത്തിന്റെ രൂചിയറിഞ്ഞാണ് നില്‍ക്കുന്നത്. ഞായറാഴ്ച ഓവലില്‍ ഈയാഴ്ചത്തെ കൂടിയ താപനിലയായ 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ ഇവിടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ഓവലില്‍ ഞായറാഴ്ചയാണ് നടക്കുക. തിങ്കളാഴ്ച സതാംപ്ടണിലും മഴ തകര്‍ക്കുമെന്നാണ് സൂചനകള്‍. ഹാംപ്ഷെയര്‍ ബൗളില്‍ ദക്ഷിണാഫ്രിക്ക- വെസ്റ്റിന്‍ഡീസ് നിര്‍ണായക മത്സരമാണ് അന്നു നടക്കുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച മൂന്നു മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.

ചൊവ്വാഴ്ച ബ്രിസ്റ്റോളിലും ബുധനാഴ്ച ടൗണ്‍ടണ്ണിലും വ്യാഴാഴ്ച നോട്ടിംഗ്ഹാമിലുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരവും അന്നാണ്. ഈ ദിവസങ്ങളിലെല്ലാം തന്നെ മൈതാനത്തു കാര്‍മേഘ ഭീഷണിയുണ്ട്. പ്രാദേശിക സമയം 10.30-നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ തലേദിവസം രാത്രിയില്‍ മഴപെയ്താലും ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button