Latest NewsIndia

മഴ ദേവതയെ പ്രസാദിപ്പിക്കാന്‍ കര്‍ണാടകയില്‍ വെള്ളംനിറച്ച ടബ്ബുകളിൽ പ്രാർത്ഥനയും തവള കല്യാണവും

ബംഗലൂരു: മഴ കിട്ടാന്‍ കര്‍ണാടകയിലെ ഒരു കൂട്ടം പൂജാരിമാര്‍ നടത്തിയ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ നോക്കാറുണ്ട്. എന്നാല്‍ ഒരുപടികൂടി കടന്ന നടപടിയാണ് ഈ പൂജാരിമാര്‍ സ്വീകരിച്ചത്. മഴ കിട്ടാന്‍ വെള്ളംനിറച്ച ടബ്ബുകളില്‍ ഇറങ്ങിയിരുന്ന് മൊബൈല്‍ ഫോണില്‍ മഴദേവതയെ വിളിക്കുകയാണ് ഇവര്‍.ഹലസുരുവിലെ സോമേശ്വര ക്ഷേത്രത്തിലാണ് മഴ ദൈവത്തെ പ്രീണിപ്പിക്കാന്‍ ഈ വിശേഷ പൂജ നടത്തിയത്.

പൂജയില്‍ പ്രസാദിച്ചാല്‍ ദൈവം മഴ വര്‍ഷിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കാലവര്‍ഷം രാജ്യത്തെത്താന്‍ വൈകിയതോടെയാണ് ഇത്തരമൊരു പൂജ നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. ജൂണ്‍ ആറിനാണ് ഈ പ്രത്യേക പൂജ നടന്നത്.ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരാണ് പൂജയില്‍ പങ്കെടുത്തത്. ഇതിനു പിന്നാലെ തവള കല്യാണവും കഴിഞ്ഞു. കഴിഞ്ഞ ദിവസം ഹലസുരുവിലെ സോമേശ്വര ക്ഷേത്രത്തില്‍ മഴദേവതയെ പ്രസാദിപ്പിക്കാന്‍ വെള്ളം നിറച്ച ടബ്ബുകളില്‍ ഇറങ്ങി ദൈവത്തെ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ച പൂജാരിമാരായിരുന്നു താരങ്ങളെങ്കില്‍ ഇന്ന് രണ്ട് തവളകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

നല്ല മഴ ലഭിക്കാന്‍ തവളക്കല്യാണം നടത്തിയിരിക്കുകയാണ് ഉഡുപ്പി നിവാസികള്‍. പരമ്പരാഗത രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ ധരിപ്പിച്ച്‌ പൂമാലകള്‍ ചാര്‍ത്തിയാണ് വരനേയും വധുവിനേയും വിവാഹ വേദിയില്‍ എത്തിച്ചത്. സ്ത്രീകളില്‍ ഒരാള്‍ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. കർണ്ണാടകയിൽ മഴ ലഭിക്കാനായി പൂജകളും പ്രാർത്ഥനകളും തുടരുകയാണ്.

shortlink

Post Your Comments


Back to top button